യു കെ :- വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്ന മൂന്നിൽ രണ്ട് ശതമാനം പേർക്കും ഇപ്പോഴും ഐ വി എഫ് പോലുള്ള ചികിത്സാ രീതികളുടെ പരമാവധി സാധ്യതകൾ സംബന്ധിച്ചുള്ള വ്യക്തമായ ധാരണകളില്ലെന്ന് സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുമൂലം പണ ചിലവേറിയ എന്നാൽ അനാവശ്യമായ പല ആഡ് ഓൺ ട്രീറ്റ്മെന്റുകൾക്കും ഭൂരിഭാഗം പേരും വിധേയരാകേണ്ടി വരുന്നതായും ഐ വി എഫ് 1200 ഓളം പേരിൽ നടത്തിയ സർവേ വ്യക്തമാക്കുന്നു. പലപ്പോഴും ഇത്തരം ട്രീറ്റ്മെന്റുകളുടെ കൃത്യമായ ചിലവിനെ സംബന്ധിച്ചോ, ഇത് നടത്തിയാൽ ഉണ്ടാകാവുന്ന റിസ്ക്കുകളെ സംബന്ധിച്ചോ ചികിത്സക്കെത്തുന്നവരിലേക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുവാൻ ഫെർട്ടിലിറ്റി ക്ലിനിക്കുകൾ മുൻകൈ എടുക്കുന്നില്ല എന്നതാണ് പുതിയതായി പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടിൽ വെളിവാക്കുന്നത്. കഴിഞ്ഞവർഷം കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി പുറത്തിറക്കിയ ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്ക് വേണ്ടിയുള്ള ഗൈഡ്‌ലൈനുകളിൽ ആവശ്യമില്ലാത്ത രോഗികളിൽ ഒരിക്കലും പണ ലാഭത്തിനായി ആഡ് ഓൺ ട്രീറ്റ്മെന്റുകൾ നിർദ്ദേശിക്കരുതെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഓരോ ആഡ് ഓൺ ട്രീറ്റ്മെന്റുകൾക്കും ഐ വി എഫ് ചിലവിനോടൊപ്പം കുറഞ്ഞത് 2500 പൗണ്ട് അധിക തുകയാകും.
എന്നാൽ ആഡ് ഓൺ ട്രീറ്റ്മെന്റുകൾക്ക് വിധേയരാകുന്നവരിൽ 46 ശതമാനം പേർക്ക് മാത്രമാണ് ഇതുസംബന്ധിച്ച് വ്യക്തമായ ധാരണകൾ അവരുടെ ക്ലിനിക്കുകൾ നൽകിയതെന്ന് അടുത്തിടെ ഹ്യൂമൻ ഫെർട്ടിലൈസേഷൻ & എംബ്രിയോളജി അതോറിറ്റി (എച്ച് എഫ് ഇ എ ) നടത്തിയ നാഷണൽ പേഷ്യന്റ് സർവ്വേയിൽ വ്യക്തമാക്കുന്നു. പലപ്പോഴും ആഡ് ഓൺ ട്രീറ്റ്മെന്റുകൾ കൊണ്ടു കുട്ടികളുണ്ടാകാൻ യാതൊരു സാധ്യതയില്ലാത്തവർക്ക് പോലും ഇത്തരം ട്രീറ്റ്മെന്റുകൾ ധന ലാഭത്തിനായി ഫെർട്ടിലിറ്റി ക്ലിനിക്കുകൾ നിർദ്ദേശിക്കുന്നതായി സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാലിത് തെറ്റാണെന്നും യാതൊരു കാരണവശാലും കൃത്യമായ വിവരങ്ങൾ നൽകാതെ രോഗികളെ ഇത്തരം ചികിത്സാ രീതികൾക്ക് വിധേയരാക്കരുതെന്നും എച്ച് എഫ് ഇ എ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ തോംസൺ വ്യക്തമാക്കി. ചികിത്സക്കെത്തുന്ന രോഗികളും ഇത് സംബന്ധിച്ച കൂടുതൽ ബോധവാന്മാരാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Leave a Reply