ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് മഹാമാരിയിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ നിരവധിയാണ്. പൂർണ്ണഗർഭിണികളായ സ്ത്രീകൾക്ക് കോവിഡ് പിടിപെട്ടാലുള്ള അവസ്ഥ വളരെ മോശമാണ്. ഗർഭിണിയായ ഭാര്യയും ജനിക്കാനിരിക്കുന്ന കുഞ്ഞും അതിജീവിക്കാൻ സാധ്യതയില്ലെന്ന് ആശുപത്രി അധികൃതർ ഭർത്താവ് ടോമിയോട് പറഞ്ഞു. കോവിഡ് പിടിപെട്ട് ക്രിസ്മസിന് ശേഷമാണ് ഭാര്യ എൽസയെ ടോമി കിംഗ്സ്റ്റൺ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിലും പൂർണ്ണ ഗർഭിണിയായതിനാൽ തന്നെ അപകടസാധ്യതയും കൂടുതൽ ആയിരുന്നു. “ഇത് അവളുടെയും ഞങ്ങളുടെ പിഞ്ചു കുഞ്ഞിന്റെയും ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയായിരുന്നു. ഇത് ഭയപ്പെടുത്തുന്നതായിരുന്നു, ഞാൻ നേരിട്ട ഏറ്റവും ഭയാനകമായ കാര്യം.” ടോമി വെളിപ്പെടുത്തി. എൽസയുടെ ആരോഗ്യം പെട്ടെന്ന് മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടെ അവളെ കോമയിലാക്കി ഇൻബ്യൂബേറ്റ് ചെയ്തു. അതിജീവനത്തിനുള്ള സാധ്യത തീരെ കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജനുവരി 5 ന്, എൽസയുടെയും ടോമിയുടെയും കുഞ്ഞിനെ എമർജൻസി സി സെക്ഷനിലൂടെ പുറത്തെടുക്കാൻ തീരുമാനിച്ചു. ഒരു ഓപ്പറേഷന് എൽസയുടെ ജീവൻ രക്ഷിക്കാനാകുമെങ്കിലും അത് വലിയ അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തത്. വിജയകരമായി കുഞ്ഞിനെ പുറത്തെടുത്തു. 1.4 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. ഈ ബുധനാഴ്ചയാണ് ടോമി ആദ്യമായി തന്റെ കുഞ്ഞിനെ കാണുന്നത്. എന്നാൽ ഇപ്പോഴും കോവിഡ് പോസിറ്റീവ് ആയി തുടരുന്ന എൽസ കുഞ്ഞിനടുത്തെത്തി സ്നേഹം പകരാൻ ദിവസങ്ങൾ എടുക്കും. കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതിസന്ധിയിലും പ്രതീക്ഷയുടെ ചെറിയ വെളിച്ചം ബാക്കിയുണ്ടെന്നും ഇനിയും മുന്നോട്ട് പോകാൻ തങ്ങൾക്ക് വഴികളുണ്ടെന്നും തന്റെ ഭാര്യ കോവിഡിനെതിരായ യുദ്ധം ജയിച്ചു തിരികെയെത്തുമെന്നും
ടോമി പ്രത്യാശയോടെ പറഞ്ഞു. എൽസയെയും കുഞ്ഞിനെയും ചികിത്സിച്ച എല്ലാ നഴ്സുമാർക്കും ഡോക്ടർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച കുഞ്ഞിന് ടോമി ഒരു പേരിട്ടു ; ഫ്ലോറൻസ്
Leave a Reply