ബോളിവുഡിലെ പ്രമുഖ താരവും മുൻ ലോകസുന്ദരിയുമായ സുഷ്മിത സെന്നിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് സുഷ്മിതയുടെ വെളിപ്പെടുത്തൽ.
ഹൃദയാഘാതം സംഭവിച്ച തനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. പിതാവ് സുബീർ സെന്നിനൊപ്പമുള്ള ചിത്രവും സുഷ്മിത ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തിൽ അത് ഉപകരിക്കും എന്ന് പിതാവ് പറഞ്ഞ വാക്കുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്.
കൂടാതെ, ഈ വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സുസ്മിത സെൻ കുറിച്ചു. അതേസമയം, ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമായ സുഷ്മിതയുടെ ഈ അസുഖവിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.
Leave a Reply