ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: ഇടവക വികാരി തപാല്‍ വകുപ്പിന് ധനകാര്യ സ്ഥാപനം. വിശ്വാസി ഇടവക വികാരിക്ക് എടത്വാ പോസ്റ്റ് ഓഫീസില്‍ നിന്നും അയച്ച രജിസ്‌റ്റേര്‍ഡ് കത്തിന് നല്‍കിയ തനിപ്പകര്‍പ്പ് രസീതില്‍ ആണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സി.എസ്.ഐ സഭയുടെ സ്ത്രീജന സഖ്യ പ്രവര്‍ത്തകയായി 50 വര്‍ഷത്തോളം വിവിധ ജില്ലകളില്‍ സേവനം അനുഷ്ഠിച്ച് വിരമിച്ചതിനു ശേഷം സ്വന്തമായി വീടോ സ്വത്തുക്കളോ ഇല്ലാത്തതിനാല്‍ സഹോദര പുത്രന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയുടെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുന്ന തലവടി വാലയില്‍ ബെറാഖാ ഭവനില്‍ സിസ്റ്റര്‍ വി.ടി.ഏലിക്കുട്ടി (82) അവിവാഹിതയാണ്.

ഇവര്‍ക്ക് ഇടവകയുടെ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിനെ തുടര്‍ന്നാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക വികാരിക്ക് രജിസ്‌റ്റേര്‍ഡ് തപാലില്‍ കത്ത് അയച്ചത്. എന്നാല്‍ മഹായിടവകയുടെ ഓഫീസില്‍ നിന്നും ഉള്ള പ്രസിദ്ധീകരണമായ ‘ജ്ഞാന നിക്ഷേപം’ മാസിക കൃത്യമായി തപാലില്‍ ലഭിക്കുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. വാര്‍ദ്ധക്യ സഹജമായ അനാരോഗ്യം മൂലം ക്ഷീണാവസ്ഥയിലായ സിസ്റ്റര്‍ കത്തിലൂടെ മഹായിടവകയ്ക്കും തിരുമേനിമാര്‍ക്കും ഇടവകകളോടും നന്ദി അറിയിച്ചിട്ടുള്ളതിനാലും ഇടവകയുടെ പ്രാര്‍ത്ഥന ആവശ്യപ്പെട്ടും മരണശേഷം തന്റെ മൃതദേഹം അടക്കം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ഉള്‍പെടുത്തിയതിനാലും ആണ് കത്ത് രജിസ്‌റ്റേര്‍ഡ് തപാലില്‍ അയച്ചത്.

തപാല്‍ വകുപ്പിന്റെ പിശക് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തിരുത്തുവാന്‍ ആവശ്യപ്പെട്ട് തപാല്‍ ആഫീസില്‍ ചെന്നെങ്കിലും മേല്‍വിലാസം കൃത്യമായതിനാല്‍ രസീതിലെ പിശകില്‍ കാര്യമില്ല എന്നുള്ള സമീപനം ആണ് സ്വീകരിച്ചത്. എന്നാല്‍ രസീതില്‍ മേല്‍വിലാസക്കാരന്റെയും അയച്ച വ്യക്തിയുടെയും പേരുകള്‍ തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനം പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തുവാന്‍ ഇവര്‍ തീരുമാനിച്ചു.