പുതുക്കാട് സെന്ററിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശി കൂളവീട്ടിൽ ലെസ്റ്റിനാണ് (36) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ പുതുക്കാട് ബസാർ റോഡിലാണ് സംഭവം.
കൊട്ടേക്കാട് ഒളമ്പിക്കൽ വീട്ടിൽ ബിബിതക്കാണ് (28) കുത്തേറ്റത്. പുതുക്കാട് ബസാർ റോഡിലെ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ബിബിത ബസിറങ്ങി ബാങ്കിലേക്ക് നടന്നുപോകുന്നതിനിടെ ലെസ്റ്റിൻ ആക്രമിക്കുകയായിരുന്നു.
റോഡിലേക്ക് വലിച്ചിഴച്ചിട്ട് ഒമ്പത് തവണ ഇയാൾ കത്തികൊണ്ട് ബിബിതയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ബസാർ റോഡിലൂടെ നടന്നുപോയ ഇയാളെ പുതുക്കാട് പൊലീസ് പിടികൂടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബിബിത തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുതുക്കാട് എസ്.എച്ച്.ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Leave a Reply