പുതുച്ചേരി: വലിയ മീന്‍ കുടുങ്ങിയെന്ന് കരുതി വല വലിച്ച് കയറ്റിയ കടലിന്‍റെ മക്കള്‍ക്ക് കിട്ടിയത് പിഎസ്എല്‍വി റോക്കറ്റിന്‍റെ ഭാഗങ്ങള്‍. പുതുച്ചേരിയിലെ വമ്പക്കീരപാളയത്ത് ഇന്ന് രാവിലെയാണ് സംഭവം. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വലയില്‍ ഭാരമുള്ള എന്തോ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞാണ് വല വലിച്ച് കയറ്റിയത്.
വമ്പക്കീരപാളയത്ത് നിന്ന് പോയ ശിവശങ്കറിനും സുഹൃത്തുക്കള്‍ക്കുമാണ് പിഎസ്എല്‍വി റോക്കറ്റിന്‍റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ കിട്ടിയത്. മൂന്ന് പേര്‍ ചേര്‍ന്ന് വലിച്ച് കയറ്റാന്‍ സാധിക്കാതെ വന്നതോടെ കരയിലും സമീപത്തുമുണ്ടായിരുന്ന ബോട്ടുകളുടെ സഹായത്തോടെയാണ് ഭാരമുള്ള വസ്തു കരയിലെത്തിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് പുതുച്ചേരി സ്വദേശികളുടെ വലയില്‍ വന്‍ഭാരമുള്ള എന്തോ വസ്തു കുടുങ്ങിയത്.
വലിയ മീന്‍ ആവുമെന്ന പ്രതീക്ഷയില്‍ കരക്കെത്തിച്ച വല പരിശോധിച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ അമ്പരന്നത്. ഉരുണ്ട പ്രകൃതമുള്ള ലോഹ നിര്‍മ്മിതമായ വസ്തുവില്‍ ചുവന്ന നിറത്തില്‍ പിഎസ്ഒഎം എക്സ് എല്‍(PSOMXL)എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 30 അടിയോളം നീളമുള്ളതാണ് ഈ ലോഹവസ്തു. നിരവധി ടണ്‍ ഭാരമുണ്ട് ഈ വസ്തുവിനെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വലിയ വസ്തുക്കള്‍ കരയിലേക്ക് വലിച്ചടുപ്പിക്കുന്ന ഉപകരണത്തിന്‍റെ സഹായത്തോടെയാണ് വമ്പന്‍ മത്സ്യത്തെ ഇവര്‍ കരക്കെത്തിച്ചത്.
ഉരുണ്ട ലോഹവസ്തു എന്താണെന്ന് തിരിച്ചറിയാന്‍ തന്നെ ഏറെനേരം വേണ്ടി വന്നു. സമീപത്തെ പൊലീസ് സ്റ്റേഷനിലും റവന്യു വകുപ്പിലും ഇവര്‍ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇത്തരത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന വസ്തുക്കള്‍ തീരത്ത് എത്തുന്നത് അപൂര്‍വ്വമാണെന്നാണ് ഐഎസ്ആര്‍ഒയിലെ ഗവേഷകര്‍ പറയുന്നത്.
പുതുച്ചേരിയില്‍ കണ്ടെത്തിയ ലോഹവസ്തു ശ്രീഹരിക്കോട്ടയിലേക്ക് എത്തിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ വിശദമാക്കി. ഇത്തരം വസ്തുക്കളുടെ അടുത്തേക്ക് പോകുന്നത് അപകടകരമാണെന്നും ഗവേഷകര്‍ വിശദമാക്കി. അവശേഷിക്കുന്ന ഇന്ധനം ലോഹപ്പാളികളില്‍ അവശേഷിക്കുന്നുവെങ്കില്‍ അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. എന്തായാലും വലയില്‍ കുടുങ്ങിയ വമ്പന്‍ വസ്തു മീനല്ലെന്ന് തിരിച്ചറിഞ്ഞതോടെ കടലിന്‍റെ മക്കളും നിരാശയിലാണ്.
Leave a Reply