മത്സരാർത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബൈബിൾ അപ്പസ്റ്റോലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ മെൽവിൻ ജെയ്‌മോനും , ആൽബർട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓൺലൈനായി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിൽപരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും തുടർന്ന് നടത്തപ്പെട്ട സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽനിന്നുമുള്ള അഞ്ചു മത്സരാർത്ഥികൾ വീതം ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു . ഫൈനൽ മത്സരങ്ങൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈനായി രാവിലെ ഒമ്പതുമണിമുതൽ നടത്തപെടുകയുണ്ടായി.
മത്സരങ്ങളുടെ ഔദ്യോഗികമായ ഉദ്‌ഘാടനം ഗ്രേറ്റ് ബ്രിട്ടൺ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചു. ബൈബിൾ അപ്പസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിലച്ചനും ബൈബിൾ അപ്പസ്റ്റോലറ്റ് രൂപത കോ ഓർഡിനേറ്റർ ആന്റണി മാത്യുവും ഏവർക്കും വിജയാശംസകൾ നേർന്നു. മത്സരങ്ങളുടെ ഔദ്യോഗികഫലപ്രഖ്യാപനം രൂപതാ വികാരി ജനറാളും ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാനുമായ ബഹുമാനപെട്ട ജിനോ അരിക്കാട്ട് അച്ചൻ പ്രഖ്യാപിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കും വിശ്വാസ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ നിമിഷമായിരുന്നു . രൂപതയിലെ വിശ്വാസസമൂഹം മുഴുവനും ഏറെ പ്രാർത്ഥനയോടെ കാത്തിരുന്ന ഫലപ്രഖ്യാപനത്തിൽ പങ്കെടുത്ത എല്ലാ മത്സരാത്ഥികളെയും രൂപതയുടെ പേരിൽ ബഹുമാനപെട്ട ജിനോ അച്ചൻ അഭിനന്ദിച്ചു.
എട്ടു മുതൽ പത്തുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ മെൽവിൻ ജെയ്‌മോൻ ഒന്നാം സ്ഥാനം (പ്രെസ്റ്റൺ റീജിയൺ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇവനാ മേരി സിജിയും(ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൺ) മൂന്നാം സ്ഥാനം മെലിസ റോസ് ജോണും(കേംബ്രിഡ്‌ജ് റീജിയൺ) നേടി.
പതിനൊന്നുമുതൽ പതിമൂന്നുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഷോണാ ഷാജി (പ്രെസ്റ്റൺ
റീജിയൺ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദിയ ദിലിപും (ഗ്ലാസ്‌കോ റീജിയൺ ) മൂന്നാം സ്ഥാനം ജോയൽ തോമസും (കോവെന്ററി റീജിയൺ ) നേടി.
പതിനാലുമുതൽ പതിനേഴുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ ആൽബർട്ട് ജോസി (ഗ്ലാസ്‌കോ റീജിയൻ)ഒന്നാം സ്ഥാനം നേടിയപ്പോൾ ബിയൻകാ സിബിച്ചൻ (കോവെന്ററി റീജിയൻ)രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അന്നാ തോമസും (കോവെന്ററി റീജിയൺ) കരസ്ഥമാക്കി.
കഴിഞ്ഞ വർഷത്തിൽനിന്നും വ്യത്യസ്തമായി ഈ വർഷം മുതിർന്നവർക്കുവേണ്ടിയും മത്സരങ്ങൾ നടത്തപെടുകയുണ്ടായി . സോണിയ ഷൈജു (കോവെന്ററി റീജിയൻ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ക്രിസ് ട്രീസ ജോസഫും (ലണ്ടൻ റീജിയൺ) മൂന്നാം സ്ഥാനം റ്റിന്റു ജോസെഫും (ഗ്ലാസ്‌കോ റീജിയൺ) നേടി. ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മത്സരങ്ങളുടെ നടത്തിപ്പിനായി ഒരുക്കിയിരുന്നത്. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അഭിനന്ദനങ്ങൾ അറിയിച്ചു.
Leave a Reply