എഡിന്‍ബറ: സ്‌കോട്ടിഷ് സര്‍ക്കാര്‍ ആല്‍ക്കഹോളിന് മിനിമം വില നിശ്ചയിച്ചത് മദ്യത്തിന് വില വര്‍ദ്ധിക്കാന്‍ കാരണമായേക്കും. 2018 മെയ് മുതലാണ് സ്‌കോട്ട്‌ലന്‍ഡില്‍ ആല്‍ക്കഹോളിന് മിനിമം വില പ്രാബല്യത്തിലാകുന്നത്. ഇത് മദ്യവിലയെ ബാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. ചില സിഡര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വില ഉയര്‍ന്നേക്കുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. എല്ലാ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. സ്‌ട്രോങ്‌ബോയുടെ 440 എംഎല്‍ 20 എണ്ണത്തിന്റെ പാക്കിന് വില ഇരട്ടിയാകും. ടെസ്‌കോ ക്രീം ഷെറിയുടെ വില 20 ശതമാനം വരെ ഉയരുമെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.

സ്‌കോട്ടിഷ് സര്‍ക്കാരും സ്‌കോച്ച് വിസ്‌കി അസോസിയേഷനും അഞ്ചു വര്‍ഷത്തോളം തുടര്‍ന്ന നിയമയുദ്ധം അവസാനിച്ചതോടെയാണ് മദ്യത്തിന് മിനിമം വില ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതോടെ സിഡര്‍ പോലെയുള്ള ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയതും വില കുറഞ്ഞതുമായ മദ്യങ്ങളുടെ വില്‍പന തന്നെ അസോസിയേഷന്‍ നിര്‍ത്തുമെന്ന് സൂചന നല്‍കിയിരുന്നു. 2015 ഒക്ടോബറിനും 2016 സെപ്റ്റംബറിനും ഇടയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും യുകെയില്‍ വിറ്റഴിച്ച വിറ്റഴിച്ച 70 ശതമാനം മദ്യത്തിനും യൂണിറ്റിന് 50 പെന്‍സില്‍ താഴെയായിരുന്നു ശരാശരി മിനിമം വില.

മിനിമം വില 50 പെന്‍സ് ആയി നിശ്ചയിക്കുമ്പോള്‍ മദ്യവില 35 ശതമാനമെങ്കിലും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ബിയറിനെയും സിഡറിനെയുമാണ് വിലക്കയറ്റം ഏറ്റവും ബാധിക്കുന്നത്. നിലവില്‍ 50 പെന്‍സിനും താഴെയാണ് സിഡറിന്റെ വില. ഇത് 90 ശതമാനം വര്‍ദ്ധിക്കും. ബിയര്‍ വില 44 ശതമാനം ഉയരാനാണ് സാധ്യത. ആല്‍ക്കഹോള്‍ അനുബന്ധ മരണങ്ങള്‍ കുറയക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മദ്യത്തിന് മിനിമം വില നിശ്ചയിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചത്.