ലൈംഗികാതിക്രമ കേസിൽ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ. ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ദില്ലിയിൽ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്‍റെ അറസ്റ്റ് നടപടി.

നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ ചൈതന്യാനന്ദയ്ക്കെതിരെ ഉണ്ടെന്ന് കാണിച്ചാണ് പൊലീസ് ജാമ്യ ഹർജിയെ എതിർത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പരാതികൾ പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്.

കേസ് എടുത്തതിന് പിന്നാലെ ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത കാറിൽ പ്രതി പെൺകുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായാണ് സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. അതിനിടെ, പെൺകുട്ടികളുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. പ്രതി പെൺകുട്ടികളുടെ ഹോസ്റ്റൽ റൂമിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഇതിലെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും പെൺകുട്ടികൾ പറയുന്നു.

17 പെൺകുട്ടികളാണ് ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകിയത്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ പരാതി എത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. ഇതിൽ 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.

സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര പരാതിയുണ്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. തുടർന്ന് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി.

നേരത്തെ സ്വാമി പാർത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി 12 വർഷമായി ഈ ആശ്രമത്തിലാണ് താമസം.