മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജുമായും സോളാര്‍ കേസിലെ പ്രതി സരിതയുമായും വ്യക്തിപരമായി യാതൊരു ബന്ധവുമില്ലെന്ന് സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സോളാര്‍ കേസിലെ പ്രതി സരിതയും താനും ഒരേ ജയിലില്‍ ഉണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തിലും പരിചയപ്പെട്ടിട്ടില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

‘പ്രശ്‌നം വന്നപ്പോള്‍ പി സി ജോര്‍ജ്ജ് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍ ഈ 164 നെ ഉപയോഗിക്കരുത്. സരിതയെ തനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് ഒരു ജയിലില്‍ ഉണ്ടായിരുന്നു. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അവര്‍ നിരന്തരം എന്റെ അമ്മയെ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സ്വഭാവത്തിനുടമയല്ല.

പി സി ജോര്‍ജ് എന്ന വ്യക്തിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഭാഗമാണ് പുറത്ത് വന്നത് അതിന്റെ അജണ്ടയെന്താണ്. എനിക്ക് ജീവിക്കണം. മക്കളെ വളര്‍ത്തണം. അദ്ദേഹം എന്തെങ്കിലും എഴുതി തന്നിട്ടുണ്ടെങ്കില്‍ പുറത്ത് വിടട്ടെ.’ സ്വപ്‌ന സുരേഷ് വിശദീകരിച്ചു.

താന്‍ അഭിമുഖം ചെയ്തതിന് ശേഷം നിരവധി പേരെ കണ്ടിട്ടുണ്ട് എന്നാണ് പി സി ജോര്‍ജിനെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനോടുള്ള മറുപടി.മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിലാണ് സ്വപ്‌നയുടെ വിശദീകരണം. പി സി ജോര്‍ജും സരിത എസ് നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഫെബ്രുവരി 10നാണ് സ്വപ്ന വിഷയത്തില്‍ പിസി ജോര്‍ജും സരിത എസ് നായരും തമ്മിലുള്ള സംഭാഷണം നടന്നത്. ഈ സംഭാഷണത്തില്‍ സ്വപ്ന സുരേഷുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി പിസി ജോര്‍ജ് സരിതയോട് പറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സരിത്തിനൊപ്പമാണ് സ്വപ്ന തന്നെ കാണാന്‍ വന്നത്. മുഖ്യമന്ത്രി യുഎഇയില്‍ ചെന്നിട്ട് ഒരു പാഴ്സല്‍ അയക്കാന്‍ പറഞ്ഞിരുന്നു. ആ പാഴ്സല്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഡോളറാണ് കണ്ടെത്തിയതെന്ന് പിസി ജോര്‍ജ് സരിതയോട് സംഭാഷണത്തില്‍ പറയുന്നുണ്ട്. സ്വപ്ന ഇക്കാര്യം തുറന്ന് പറയാനിരിക്കുകയാണോയെന്ന സരിതയുടെ ചോദ്യത്തിന് പാവത്തിന് പേടിയാണ്, പറയാതിരിക്കുകയാണെന്ന് പിസി മറുപടി നല്‍കി. തുടര്‍ന്ന് നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും ഫോണ്‍ കട്ട് ചെയ്തു. അതിന്റെ അടുത്ത ദിവസം പിസി ജോര്‍ജ് സരിതയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഓഡിയോ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

അട്ടക്കുളങ്ങര സബ് ജയിലില്‍ സ്വപ്ന കഴിയുമ്പോള്‍ മറ്റൊരു കേസില്‍ സരിത എസ് നായരും ഇതേ ജയിലിലുണ്ടായിരുന്നു. പിസി ജോര്‍ജും സ്വപ്ന സുരേഷും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി രണ്ട് മുതല്‍ ഫെബ്രുവരി 15 വരെ പി സി ജോര്‍ജ് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറില്‍ നിന്നും സ്വപ്ന സുരേഷിന്റെ നമ്പറിലേക്ക് 19 തവണ ബന്ധപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 14 തവണ പിസി ജോര്‍ജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്ന സുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളില്‍ ദൈര്‍ഘ്യമേറിയ രണ്ടു കോളുകള്‍ വീതവും 15-ാം തീയതി മൂന്നു പ്രാവശ്യവും ഇരുവരും സംസാരിച്ചിട്ടുണ്ട്.

ഫെബ്രുവരി 12, 15 തീയതികളില്‍ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ പേരിലുള്ള മൊബൈല്‍ നമ്പറില്‍ നിന്നും സ്വപ്ന സുരേഷിനെ ഒരാള്‍ വിളിച്ചിട്ടുണ്ട്. ഇയാളെ സംബന്ധിച്ച വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.