സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്‌ന വെളിപ്പെടുത്തി. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശിവശങ്കർ തനിക്ക് കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.

‘സ്വപ്‌ന സുരേഷ് അല്ല ലൈഫ് മിഷൻ പദ്ധതി ചെയ്യുന്നത്. കേരളത്തിലെ യുഎഇ കോൺസുൽ ജനറൽ ശിവശങ്കറുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്നു. അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെ കുറിച്ച് അറിയാമായിരിക്കില്ല. ഞങ്ങളുടെ പോയിന്റ് ഓഫ് കോൺടാക്ട് ശിവശങ്കർ ആയിരുന്നു. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അവർ പറഞ്ഞു തരേണ്ടതായിരുന്നു. ഒരു ഐ ഫോൺ കൊടുത്ത് ലൈഫ് മിഷൻ പ്രോജക്ടിനെ ചതിക്കേണ്ട ആവശ്യം സ്വപ്‌ന സുരേഷിനില്ല.’ – സ്വപ്‌ന കൂട്ടിച്ചേർത്തു.

‘മൂന്നു വർഷമായി എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റിവയ്ക്കാൻ പറ്റാത്ത അംഗമാണ് ശിവശങ്കർ. എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ പരിചയപ്പെടുന്നത്. ഔദ്യോഗിക കാര്യങ്ങളിലൂടെ ബന്ധം വളർന്നു. ഒരു സ്ത്രീയെന്ന രീതിയിൽ എന്നെ ചൂഷണം ചെയ്തു നശിപ്പിച്ചു. അതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് തെറ്റു ചെയ്തത് എന്ന് കോടതി തീരുമാനിക്കട്ടെ. എനിക്ക് പ്രത്യേകിച്ചൊന്നും ഒളിക്കാനില്ല. കോൺസുലേറ്റിൽ നിന്ന് രാജി വച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. ഭർത്താവ് ജോലിക്കൊന്നും പോകാതെ ദ്രോഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്‌പേസ് പാർക്ക് പ്രോജക്ടിൽ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒരു ഫോൺ കോൾ കൊണ്ടാണ് എന്റെ നിയമനം നടന്നത്. ഞാൻ ഗവൺമെന്റ് സ്റ്റാഫ് ആയിരുന്നില്ല. കൺസൽട്ടൻസി സ്റ്റാഫായിരുന്നു.’- അവർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മകഥ എഴുതുകയാണ് എങ്കിൽ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. ‘എന്നെ അറിയില്ല എന്ന് പറയുന്ന ആളിൽ നിന്ന എന്തു പ്രതീക്ഷിക്കാനാണ്. ഞാൻ ഒന്നേകാൽ വർഷം ജയിലിൽ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കിൽ ശിവശങ്കർ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും. അത് ഇതിനേക്കാൾ ബെസ്റ്റ് സെല്ലിങ്-അവാർഡ് വിന്നിങ് പുസ്തകമാകും. ഇതുവരെ ഞാൻ മാധ്യമങ്ങളുടെ മുമ്പിൽ വന്നിട്ടില്ല. സ്വപ്‌ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോൾ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാൻ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും എവിടെയാണ് ഡോളറും സ്വർണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളത്.’- അവർ വ്യക്തമാക്കി.

‘ശിവശങ്കർ അബോധാവസ്ഥയിൽ ഒരിക്കലും എന്റെ വീട്ടിൽ നിന്ന് പോയിട്ടില്ല. ഭക്ഷണം കഴിച്ചിട്ടുണ്ട്. കള്ളു കുടിച്ചിട്ടുണ്ട്. എന്റെ കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അത് അനാശ്യാസമൊന്നുമായിരുന്നില്ല. വ്യക്തിഗത മികവിലാണ് എനിക്ക് ജോലി കിട്ടിയത്. സർട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങേണ്ടി വന്നിട്ടില്ല. യോഗ്യത ഒരു പ്രശ്‌നമല്ല. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അതെല്ലാം മുകളിൽ ദൈവം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഞാനാരെയും ചതിച്ചിട്ടോ ദ്രോഹിച്ചിട്ടില്ലോ ഇല്ല. ഒരു പരിധി കഴിഞ്ഞാൽ ആത്മഹത്യ ചെയ്യേണ്ടി വരും.’- സ്വപ്‌ന പറഞ്ഞു.

മുൻ മന്ത്രി കെ.ടി ജലീലുമായി വ്യക്തിപരമായ ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. കോൺസുലുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിളിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.