ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇതൊരു അതിജീവനത്തിന്റെ കഥയാണ്. പരിമിതികളോട് പടവെട്ടി ജീവിതത്തിൽ നീന്തിക്കയറിയ ഒരാളുടെ കഥയാണ്. ഡോർസെറ്റിലെ പൂളിൽ നിന്നുള്ള ആലീസ് തായ് എന്ന ന്യൂറോസയൻസ് ബിരുദധാരി ജനിച്ചത് ക്ലബ്ഫൂട്ടോടെയാണ്. 12 വയസ്സിനുമുമ്പ് 14 പ്രധാന ശസ്ത്രക്രിയകൾ കാരണം അവൾ തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും വീൽചെയറിൽ ചെലവഴിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ, കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ഏഴുമാസം മാത്രം ശേഷിക്കെ, വലതുകാലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വന്നു. എന്നാൽ, ഈ മാസമാദ്യം, ബെർമിംഗ്ഹാമിൽ നടന്ന ഗെയിംസിൽ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ അവൾ സ്വർണം നേടി. രാജ്യത്തിന്റെ അഭിമാനമായി മാറിയ നീന്തൽക്കാരി.
ആലീസിന്റെ ആദ്യ ഓപ്പറേഷൻ വെറും 20 ആഴ്ചയിലായിരുന്നു. പിന്നെ നിരവധി ശസ്ത്രക്രിയകൾ. തന്റെ ബാല്യവും സൗഹൃദവും നഷ്ടപ്പെട്ടതായി ആലീസ് പറയുന്നു. എട്ട് വയസ്സുള്ളപ്പോൾ, 2010 ഒക്ടോബറിലാണ് ആലീസ് നീന്താൻ പഠിക്കുന്നത്. 2014ൽ ആദ്യ ചാമ്പ്യൻഷിപ്പിന് ഇറങ്ങി. പിന്നാലെ റിയോയിലെ പാരാലിമ്പിക്സിൽ സ്വർണനേട്ടം. 2019 ആകുമ്പോഴേക്കും അവൾ ഏഴ് വ്യത്യസ്ത നീന്തൽ ഇനങ്ങളിൽ ലോക ചാമ്പ്യനായി മാറിയിരുന്നു.
ചാനൽ 4ൽ സംപ്രേഷണം ചെയ്ത അമ്പ്യൂട്ടേറ്റിംഗ് ആലീസ് എന്ന ഡോക്യുമെന്ററിയിലാണ് ആലീസ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. എന്തുകൊണ്ടാണ് അവൾ തന്റെ കഥ വീഡിയോയിൽ ഡോക്യുമെന്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ, അവൾ പറഞ്ഞു: “എന്റെ ജീവിതത്തിലെ അത്തരമൊരു മഹത്തായ നിമിഷത്തിലേക്ക് തിരിഞ്ഞുനോക്കാനും അത് ഓർമ്മിക്കാനും ഞാൻ ആഗ്രഹിച്ചു. എന്റെ കാൽ മുറിച്ചുമാറ്റുന്നതിന് മുമ്പ് എന്നെ അറിയാത്ത ആളുകളെ കാണിക്കാനും. ചിലരുടെ കയ്യിൽ വെഡ്ഡിംഗ് ഡേ വീഡിയോ ഉണ്ട്. എന്റെ കൈയ്യിൽ ഒരു അമ്പ്യൂട്ടേഷൻ ഡേ വീഡിയോ ഉണ്ട്.”
Leave a Reply