ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ ∙ ഹീറ്റൺ പാർക്ക് സിനഗോഗിന് പുറത്തുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രതിയായ 35കാരൻ ജിഹാദ് അൽ ഷാമിയുടെ പിതാവ് ഫരാജ് അൽ ഷാമി നടത്തിയ തീവ്രവാദ സ്വഭാവമുള്ള പരാമർശങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി. ഇസ്രായേലിന്റെ അവസാനത്തെ നോക്കി അറബിക് കാപ്പി കുടിക്കാം എന്ന പരാമർശം ഉൾപ്പെടെ നിരവധി വിവാദ ഓൺലൈൻ പോസ്റ്റുകൾ അദ്ദേഹം നടത്തിയതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. സിറിയയിൽ ജനിച്ച സർജൻ ആയ ഫരാജ് അൽ ഷാമി കഴിഞ്ഞ 25 വർഷമായി യുകെയിൽ താമസിച്ചു വരികയായിരുന്നു. 2010-ഓടെ ഭാര്യയുമായി വേർപിരിഞ്ഞ് ഇയാൾ ഫ്രാൻസിലേയ്ക്ക് താമസം മാറ്റിയതായാണ് വിവരം. അദ്ദേഹം ഹമാസിനെ “ദൈവത്തിന്റെ യഥാർത്ഥ പോരാളികൾ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്റുകൾ ചെയ്തിരുന്നു. ഇസ്രായേൽ ‘അൻപത് മുതൽ എൺപത് വർഷത്തിനുള്ളിൽ അവസാനിക്കും’ എന്ന അവകാശവാദത്തോടൊപ്പം “നമ്മൾ വീണ്ടും കാപ്പി കുടിച്ച് അവരുടെ അവസാനത്തെ കാണും” എന്നതുപോലുള്ള വാക്കുകളും അദ്ദേഹം എഴുതി.
2012-ൽ ഫരാജ് അൽ ഷാമി ഇസ്രായേലിനെ “വിഭജനത്തിന്റെയും അനീതിയുടെയും ഉറവിടം” എന്നും “പാമ്പിന്റെ തല” എന്നും വിശേഷിപ്പിച്ചിരുന്നു. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് അദ്ദേഹം ഹമാസിന്റെ പോരാട്ടങ്ങളെ പ്രശംസിക്കുകയും, അവരുടെ “ദൃഢനിശ്ചയം, ആത്മവിശ്വാസം, വിശ്വാസം” എന്നിവയെ പുകഴ്ത്തുകയും ചെയ്തു. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ “ദൈവത്തിന്റെ പുരുഷന്മാർ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് “നിങ്ങളുടെ ആയുധങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുക, നിങ്ങളുടെ സഹോദരന്മാർക്കായി ലക്ഷ്യം കൃത്യമായി എടുക്കുക” എന്ന് അദ്ദേഹം എഴുതിയതായി റിപ്പോർട്ടുണ്ട്. അതേ സമയം, കുട്ടികളെയും വയോധികരെയും തടവിലാക്കരുതെന്നും ഹമാസിനോട് അഭ്യർത്ഥിച്ച പോസ്റ്റുകളും ഉണ്ടായിരുന്നു.
വ്യാഴാഴ്ച മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്താണ് ഭീകരാക്രമണം നടന്നത്. ജിഹാദ് അൽ ഷാമി തന്റെ കാർ ജനക്കൂട്ടത്തിലേയ്ക്ക് ഓടിച്ചുകയറ്റി കത്തി പ്രയോഗം നടത്തുകയും സിനഗോഗിൽ കടക്കാൻ ശ്രമിക്കുകയും ചെയ്തു. “നിങ്ങൾ ഞങ്ങളുടെ കുട്ടികളെ കൊന്നതിന് ഇതാണ് പ്രതിഫലം” എന്ന് നിലവിളിച്ചു കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് വെറും ഏഴ് മിനിറ്റിനുള്ളിൽ ഇയാളെ വെടിവെച്ച് കൊന്നു. ആക്രമണത്തിൽ 66കാരനായ മെൽവിൻ ക്രാവിറ്റ്സും 53കാരനായ എഡ്രിയൻ ഡോൾബിയും കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കുകളുണ്ട്. സംഭവത്തെ തുടർന്ന് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റ് (IOPC) അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Leave a Reply