ലണ്ടന്‍: ഐസിസിനെതിരേയുള്ള പോരാട്ടത്തില്‍ സഖ്യം ചേരാന്‍ മിതവാദികളായ പോരാളികള്‍ സിറിയയിലില്ലെന്ന് ഡേവിഡ് കാമറൂണ്‍. ചില വിമതര്‍ ഐസിസിനെക്കാള്‍ കടുത്ത തീവ്രവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിസിനെതിരെ വ്യോമാക്രമണം തുടങ്ങുന്നതിനു മുമ്പ് 70,000ത്തോളം സിറിയന്‍ പോരാളികള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുക്കുമെന്ന് കാമറൂണ്‍ അവകാശപ്പെട്ടിരുന്നു.
വ്യോമാക്രമണം തന്നെയാണ് ഐസിസിനെ തുരത്താനുളള ശരിയായ വഴിയെന്നും അദ്ദേഹം പറഞ്ഞു. അസദിന്റെ സൈന്യത്തെ പിന്തുണച്ചത് കൊണ്ട് മാത്രം ഐസിസിനെ തോല്‍പ്പിക്കാനാകില്ല. നേരത്തെ 70,000 മിതവാദികളായ പോരാളികള്‍ സിറിയയില്‍ പോരാട്ടം നടത്തുന്നുണ്ടെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ നിശിമത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തിരുത്തുമായി അദ്ദേഹം രംഗത്ത് വന്നിട്ടുളളത്. എന്നാല്‍ ഈ കണക്കുകള്‍ തന്റെ കണ്ടുപിടുത്തമല്ലെന്നും അദ്ദേഹം പറയുന്നു.
സുരക്ഷാ സൈനികര്‍ നല്‍കിയ കണക്കുകളാണ് ഇവ. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ കാണുന്നവരല്ല ഈ പോരാളികള്‍. ഈ എഴുപതിനായിരം പേരില്‍ ഏതൊക്കെ സംഘടനകളാണ് ഉള്‍പ്പെടുന്നത് എന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി പക്ഷേ തയാറായിട്ടില്ല. ഐസിസും അസദുമല്ലാതൊരു പരിഹാരമാണ് സിറിയയുടെ ഭാവിക്ക് വേണ്ടതെന്നായിരുന്നു ആഭ്യന്തരയുദ്ധത്തില്‍ അസദിന്റെ വിജയത്തെക്കുറിച്ചുളള ചോദ്യത്തോട് കാമറൂണിന്റെ പ്രതികരണം. ഈ മൂന്നാമത്തെ മാര്‍ഗം തങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.