സിറിയയെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി കാത്ത് നില്‍ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന സിറിയന്‍ ഭരണകൂടത്തെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി ശ്രമിക്കുന്നത് ബ്രീട്ടീഷ് ഫോറിന്‍ പോളിസിക്കുമേല്‍ വീറ്റോ അധികാരം പ്രയോഗിക്കാന്‍ റഷ്യയ്ക്ക് അവസരമൊരുക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടാക്കില്ലെന്നും മെയ് വ്യക്തമാക്കി. ദൗമയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധാകമണങ്ങളെ സംബന്ധിച്ച തെളിവ് ശേഖരണം നടത്തുന്നതിനായി വിദ്ഗദ്ധരെ അനുവദിക്കാത്തതിന് പിന്നില്‍ റഷ്യന്‍ കൈകളാണെന്നും മേയ് ആരോപിക്കുന്നു. ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടപ്പം ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും ബ്രിട്ടന്‍ ആരോപിച്ചു. മനുഷ്യത്വരഹിതമായ നടപടിയെന്നാണ് സിറിയന്‍ ആക്രമണത്തെ മേയ് വിശേഷിപ്പിച്ചത്.
കോമണ്‍സില്‍ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങളില്‍ അമേരിക്കയോടും ഫ്രാന്‍സിനോടും ഒപ്പം ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രം ആക്രമിച്ച നടപടിയെ ന്യായീകരിച്ച് മേയ് രംഗത്ത് വന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്നും സിറിയയെ പിന്തിരിപ്പിക്കാന്‍ അത്തരമൊരു പ്രതികരണം അനിവാര്യമായിരുന്നുവെന്ന് മേയ് പറഞ്ഞു. സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് നിരവധി എംപിമാര്‍ രംഗത്ത് വന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് സിറിയയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. കൃത്യവും വ്യക്തവുമായ ധാരാളം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയൂ. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പാകത്തിലുള്ള വിവരങ്ങളല്ല ഇവയെന്നും മേയ് പറഞ്ഞു. സിറിയയിലെ നിലവിലെ സ്ഥിതിഗതികളും യുകെ സര്‍ക്കാരിന്റെ നടപടിയും വിലയിരുത്തി നടത്തിയ വോട്ടെടുപ്പില്‍ മേയ് ഗവണ്‍മെന്റ് 314 വോട്ടുകള്‍ നേടി.
അതേസമയം സിറിയയില്‍ ആക്രമണം നടത്തിയ നടപടി നിയപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് തന്നെ പാര്‍ലമെന്റിന്റെ അനുമതി തേടാവുന്നതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള യുകെയുടെ അവസരമാണ് ആക്രമണത്തോടുകൂടി ഇല്ലാതായിരിക്കുന്നത്. ഡിപ്ലോമാറ്റിക് ശ്രമങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധ ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെയും റഷ്യയുടെയും സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടം ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
Leave a Reply