ലണ്ടന്‍: സിറിയന്‍ അഭയാര്‍ത്ഥിക്കുട്ടികള്‍ ബ്രിട്ടനിലെ പ്രമുഖ വസ്ത്രവ്യാപാര ശൃംഖലകള്‍ക്കുവേണ്ടി ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ വസ്ത്ര ഫാക്ടറികളിലാണ് കുട്ടികള്‍ തൊഴിലെടുക്കുന്നത്. എച്ച് ആന്‍ഡ് എമ്മും നെക്സ്റ്റുമാണ് തങ്ങളുടെ ഫാക്ടറികളില്‍ സിറിയയിലെ കുട്ടികള്‍ ജോലി ചെയ്യുന്ന കാര്യം സമ്മതിച്ചിട്ടുളളത്. കൂടുതല്‍ കമ്പനികളില്‍ സിറിയന്‍ കുട്ടികള്‍ ഉണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്. ബ്രിട്ടനില്‍ വ്യാപാരം നടത്തുന്ന വസ്ത്രങ്ങളിലേറെയും ചൈന, കമ്പോഡിയ, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലാണ് നിര്‍മിക്കുന്നത്. സിറിയന്‍ അഭയാര്‍ത്ഥികളില്‍ ഏറെ പേരും തമ്പടിച്ചിട്ടുളളത് തുര്‍ക്കിയിലാണ്.
2011ല്‍ ആഭ്യന്തരകലാപം ഉടലെടുത്തതിനെ തുടര്‍ന്ന് ഇരുപത്തഞ്ച് ലക്ഷത്തോളം പേര്‍ ഇതുവരെ തുര്‍ക്കിയില്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുളള അഭയാര്‍ത്ഥികള്‍ രാജ്യത്ത് തൊഴില്‍ ചൂഷണം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു കമ്പനികളും മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് റിസോഴ്‌സ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് മുതിര്‍ന്നവരും തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ ഇവരിലേറെയും വളരെ താഴ്ന്ന വേതനത്തിനാണ് ജോലി ചെയ്യുന്നത്. തുര്‍ക്കിയിലെ കുറഞ്ഞ പ്രതിമാസ വേതനമായ 309 പൗണ്ടിനും താഴെയാണ് ഇവരുടെ കൂലി.

പല കുട്ടികളും പാടത്തും ഫാക്ടറികളിലും വളരെക്കുറഞ്ഞ കൂലിയില്‍ പണിയെടുക്കുന്നു. രാജ്യാന്തര തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുളള കുട്ടികളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുതെന്ന് നിയമമുണ്ട്. പതിമൂന്നും പതിനാലും വയസുളള കുട്ടികളെ ചെറിയ ജോലികള്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളെ പഠനത്തിലേക്ക് തിരിച്ച് വിടാമെന്ന് എച്ച് ആന്‍ഡ് എമ്മും നെക്സ്റ്റും ഉറപ്പ് നല്‍കി. ഇവരുടെ കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കാമെന്നും ഈ കമ്പനികള്‍ അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ പ്രായം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രിമാര്‍ക്കിലും സി ആന്‍ഡ് എയിലും സിറിയന്‍ അഭയാര്‍ത്ഥികള്‍ പണിയെടുക്കുന്നതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ അഡിഡാസ്, ബര്‍ബെറി, നികെ, പ്യുമ തുടങ്ങിയ കമ്പനികളില്‍ രേഖകളില്ലാത്ത സിറിയക്കാര്‍ പണിയെടുക്കുന്നില്ലെന്നാണ് അവരുടെ വിശദീകരണം. ടോപ്‌ഷോപ്പ്, ഡൊറോത്തി പെര്‍ക്കിന്‍സ്, ബര്‍ട്ടന്‍ മെന്‍സ് വെയര്‍ തുടങ്ങിയവയുടെ ഉടമകളായ അര്‍കാഡിയ ഗ്രൂപ്പിന്റെയും വിശദീകരണം ഇതുതന്നെയാണ്. എം ആന്‍ഡ് എസ്, അസോസ്, ഡെബെന്‍ഹാംസ്, സൂപ്പര്‍ഡ്രൈ തുടങ്ങിയ കമ്പനികള്‍ സിറിയന്‍ തൊഴിലാളികളെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഗ്യാപ്, ന്യൂ ലുക്ക്, റിവര്‍ ഐലന്‍ഡ് തുടങ്ങിയ കമ്പനികളും പ്രതികരിച്ചിട്ടില്ല.