ഫാ. ബിജു കുന്നക്കാട്ട്
പ്രസ്റ്റണ്‍: അനുദിന ജീവിതത്തിന്റെ നിസ്സാര കാര്യങ്ങളില്‍ കൂടുതല്‍ ആകുലരും വ്യഗ്രചിത്തരുമാകാതെ നിത്യജീവന്റെ അനശ്വര വസ്ത്രം സ്വന്തമാക്കാനാണ് ഓരോരുത്തരും അദ്ധ്വാനിക്കേണ്ടതെന്ന് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിനം പ്രസ്റ്റണ്‍ റീജിയനില്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വചന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ ഈ ഏകദിന കണ്‍വെന്‍ഷനില്‍ ആദ്യന്തം സംബന്ധിച്ചു.
ആധുനികതയുടെയും മത്സരങ്ങളുടെയും ഈ ലോകത്തില്‍ നിത്യജീവന്റെ ഒരു പുതിയ സംസ്‌കാരം രൂപപ്പെടുത്തുകയാണ് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമെന്ന് ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. പരിഹാസകാരുടെ പീഠങ്ങളില്‍ ഇരിക്കുന്നവര്‍ നിത്യ ജീവിതത്തില്‍ നിന്ന് തങ്ങളെത്തന്നെ അകറ്റുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ഓരോ നിമിഷവും വ്യത്യസ്തങ്ങളാണ്. അത് ആ നിശ്ചയ സമയത്തിലും സ്ഥലത്തിലും നല്‍കുന്നതാണ്. അടുത്ത നിമിഷത്തില്‍ ഇതേ അനുഗ്രഹം ലഭിക്കണമെന്നില്ല. അതിനാല്‍ ദൈവം തരുന്ന ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ നടന്ന ഇംഗ്ലീഷ് മാര്‍ട്ടെര്‍സ് പള്ളി സന്ദര്‍ശിച്ചു രൂപതാധ്യക്ഷനും വട്ടായിലച്ചനും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഉച്ചകഴിഞ്ഞ് റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ആന്റണി എന്നിവര്‍ വചന ശുശ്രുഷ നയിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ അഭിഷേകാഗ്‌നിയുടെ അനുഗ്രഹദിനം സമാപിച്ചു.
അഭിഷേകാഗ്‌നിയുടെ നാലാം ദിനം ഇന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടക്കും. നോറിച് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ രാവിലെ ഒന്‍പതു മുതല്‍ ശുശ്രുഷകള്‍ ആരംഭിക്കും (Post Code: NR2 2PA). കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ റീജിയനിലുള്ള എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
Leave a Reply