സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ.
ഫ്രാൻസീസ്സ് പാപ്പ പറഞ്ഞത് ഇങ്ങനെ. പാവപ്പെട്ടവരുടെയും വിശുദ്ധരുടെയും പ്രാർത്ഥനയായിരുന്നു ജപമാല. എന്നാൽ എൻ്റെ ഹൃദയത്തിൻ്റെ പ്രാർത്ഥനയാണ് ജപമാല. മാതാവിന് പ്രത്യേകമായി നീക്കിവെയ്ക്കപ്പെട്ട മെയ് മാസത്തിൽ മാതാവിൻ്റെ സംരക്ഷണത്തേപ്പറ്റിയും ജപമാല ശക്തിയേപ്പറ്റിയും മാതാവിൻ്റെ പ്രധാന്യത്തെപ്പറ്റിയും കുറിക്കട്ടെ.
പാവപ്പെട്ടവരായപൂർവ്വീകരുടെ ശക്തികേന്ദ്രം ജപമാലയായിരുന്നു. അല്ലലിലും അലച്ചിലിലും തഴമ്പിച്ച കൈവിരലുകൾക്കിടയിലൂടെയും ജപമാല മുത്തുകൾ ഉരുണ്ടിരുന്നു. സുറിയാനി ഭാഷയിലുള്ള ബലിയർപ്പണ വേളകളിൽ ജപമാല ചൊല്ലി ഭക്തിപൂർവ്വം ബലിയർപ്പിച്ച പൂർവ്വീകരെ മറക്കാനാവില്ല. വിശുദ്ധിയിൽ നിന്ന് വിശുദ്ധിയിലേയ്ക്കുയരാൻ വിശുദ്ധർക്ക് കഴിഞ്ഞതും മാതാവിൻ്റെ സംരക്ഷണം കൊണ്ടാണ്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ പഴംകഥകളല്ല ഇവയൊന്നും. ജപമാല ശക്തിക്കും മാതാവിൻ്റെ സംരക്ഷണത്തിനും ഇന്നും കുറവ് വന്നിട്ടില്ല.

വി. അലോഷ്യസ് ഗോൺ സാഗോ ഇപ്രകാരം പറയുന്നു. “പരി. അമ്മയുടെ കരം പിടിച്ച് യാത്ര ചെയ്യുവാൻ നമ്മെ പ്രാപ്തരാക്കുന്ന ദൈവസ്നേഹസ്പർശമാണ് ജപമാല. മാതാവിൻ്റെ സംരക്ഷണവും ജപമാല ശക്തിയും കൂടുതലായി അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു കോവിഡ് കാലം. ഇറ്റലിയിലെ ഒരു ഓൾഡ് ഏജ് ഹോമിലാണ് ഞാൻ ശുശ്രൂഷ ചെയ്യുന്നത്. കോവിഡ് ഞങ്ങളുടെ സ്ഥാപനത്തെ കാർന്നു തിന്നപ്പോൾ ഏകദേശം 57 രോഗികൾക്കും ജോലിക്കാർക്കും രോഗം പിടിപെട്ടപ്പോൾ ഞങ്ങൾ 4 പേരെ രോഗത്തിൽ നിന്നും മാറ്റി നിർത്തി. പാവപ്പെട്ട രോഗികളെ മടുപ്പ് കൂടാതെ സന്തോഷത്തോടെ ശുശ്രൂഷിക്കാൻ ഞങ്ങൾ നാലുപേരെയും പ്രാപ്തരാക്കിയത് മാതാവിൻ്റെ ഇടപെടലാണ്. പരി. അമ്മയുടെ നീല നിറമുള്ള അങ്കിയുടെ സംരക്ഷണവും കരുതലും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇനി പറയാതെ വയ്യ. മാതാവിലഭയം തേടുന്നതിനെ തിന്മയടെ ശക്തി ന്യായീകരണങ്ങൾ നിരത്തി തടസ്സപ്പെടുത്തും. അതിനെയെല്ലാം അതിജീവിച്ചാൽ മാതാവ് നമ്മെ വഴി നടത്തും. തിന്മ പെരുകുന്ന ഈ കാലഘട്ടത്തിൽ നന്മയുടെ വക്താക്കളായി നമുക്ക് മാറാം

സുകൃതജപം.
ദാവീദിൻ്റെ കോട്ടയായ മറിയമേ.. നാരകീയ ശക്തിയോടുള്ള പോരാട്ടത്തിൽ ഞങ്ങൾക്ക് നീ അഭയമാകേണമേ..

കവർ ചിത്രത്തിൽ എൻ്റെ അമ്മച്ചിയുടെ ചിത്രമാണ് മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് വിനയപൂർവ്വം അറിയ്ക്കട്ടെ.

പരി. മാതാവിൻ്റെ സ്തുതിപ്പു ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.