സമീപകാലത്ത് വയനാട്ടില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദർശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജിഷ് എന്നിവരുടെ വീടുകളിലാണ് മേജർ ആർച്ച് ബിഷപ്പ് സന്ദർശനം നടത്തിയത്.
മാർ റാഫേൽ തട്ടിൽ കടന്ന് ചെന്നപ്പോൾ കുടുംബാംഗങ്ങൾ അവരുടെ വേദന പങ്കുവച്ചു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഖം സീറോ മലബാർ സഭ ഏറ്റെടുക്കുന്നുവെന്ന് അദേഹം പറഞ്ഞു. പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ വച്ചു മേജർ ആർച്ച് ബിഷപ് മാധ്യമങ്ങളോട് സംസാരിച്ചു.
കാടിനും കാട്ട് മൃഗങ്ങൾക്കും കൊടുക്കുന്ന സംരക്ഷണത്തിനേക്കാൾ അധികമായി മനുഷ്യർക്ക് സംരക്ഷണം കൊടുക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാരുകളും ജനപ്രതിനിധികളും ഭരണാധികാരികളും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. വന്യ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും വാദിക്കുന്നു. അത് തെറ്റാണെന്ന് സഭ പറയുന്നില്ല. പ്രകൃതി സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് തന്നെയാണ് സഭയും സമൂഹവും ആഗ്രഹിക്കുന്നത്. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്ന അത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാൻ ഇവിടെ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്.
ഈ കുടുംബങ്ങളുടെ ദുഖം താൻ വന്നു അനുശോചനം പറഞ്ഞതുകൊണ്ടോ, സർക്കാർ അനുശോചനം അറിയിച്ചതുകൊണ്ടോ തീരുന്നതല്ല. സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകിയാലും അത് നഷ്ടത്തിന് പകരമാവില്ല. അത് കൊണ്ട് തന്നെ ഇത്തരം ദുരനുഭവങ്ങൾ മനുഷ്യർക്ക് ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കണം. അക്രമകാരിയായ ഒരു ആന നാട് ചുറ്റാനും മനുഷ്യരെ ആക്രമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും അദേഹം പറഞ്ഞു.
അക്രമകാരികളായ ആനകളെ പിടികൂടി ആന സംരക്ഷണ കേന്ദ്രങ്ങളിലേക് മാറ്റി അവിടെ പരിപാലിക്കണം. ഇത്തരം മൃഗങ്ങൾ നാട്ടിൽ വിലസുന്നത് അനുവദിക്കരുത്, അതിന് പരിഹാരം കണ്ടെത്തണം. പണം കൊടുത്തത് കൊണ്ട് ഈ കുടുംബങ്ങളുടെ നഷ്ടം ഒരിക്കലും തീരില്ല. അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാൻ പണത്തിന് സാധിക്കില്ല. ഒരു തുക കൊടുത്തിട്ട് കുടുംബത്തിന്റെ ദുഖം ഞങ്ങൾ പരിഹരിച്ചു എന്ന് പറഞ്ഞാൽ അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.
പ്രായമേറിയവർക്ക് പെൻഷൻ കൊടുക്കുന്നതിനും, കുട്ടികൾക്ക് സ്കോളർഷിപ്പോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിയമ നിർമ്മാണങ്ങൾ ഉണ്ടാകണം. നഷ്ടപ്പെട്ട ആൾക്ക് പകരമായി ഒരു പണക്കിഴി കൊടുത്താൽ തീരുന്നതല്ല ഈയൊരു പ്രശ്നമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
Leave a Reply