ഷൈമോന്‍ തോട്ടുങ്കല്‍
നോര്‍വിച്ച് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ എട്ടു റീജിയനുകളിലായി നടത്തുന്ന ത്രിതീയ വാര്‍ഷിക ബൈബിള്‍ കണ്‍വെന്‍ഷന് കേംബ്രിഡ്ജ് റീജിയണിലെ നോര്‍വിച്ച് സെന്റ് ജോണ്‍ കത്തീഡ്രലില്‍ പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം . ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്റ്ററുമായ റെവ. ഫാ. ജോര്‍ജ്ജ് പനക്കല്‍ വി സി യുട നേതൃത്വത്തില്‍ ,റെവ. ഫാ. ആന്റണി പറങ്കിമാലില്‍ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി .എന്നിവര്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നവര്‍ക്കു പ്രതിസന്ധികളില്‍ ദൈവത്തെ സമീപിക്കുവാന്‍ പ്രചോദനം ലഭിക്കുമെന്നും അവര്‍ക്ക് പ്രതിഫലം ദൈവം തന്നെയായിരിക്കുമെന്നും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു . ദൈവത്തിന്റെ വലിയ പ്രവര്‍ത്തി നമ്മിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുവാനാണ് നാം ഒരുമിച്ചു ചേര്‍ന്നിരിക്കുന്നത് ,കേള്‍ക്കുന്ന ഓരോ വചനവും വിശുദ്ധ കുര്‍ബാനയില്‍ യാഥാര്‍ഥ്യമാവുന്നു .നമ്മുടെ പ്രതിസന്ധികളില്‍ നാം ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഈശോയ്ക്കാണ് , ഈശോയുമായി ആത്മബന്ധം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് പ്രതിസന്ധികളില്‍ ഈശോയെ വിളിച്ചപേക്ഷിക്കാന്‍ പറ്റുകയുള്ളൂ . എപ്പോഴും അവനോടൊപ്പം ആയിരിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍ . . അവനോടൊപ്പം മരിക്കാന്‍ തായ്യാറാകുമ്പോള്‍ ആണ് നാം യഥാര്‍ഥ ക്രിസ്ത്യാനിയാകുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .രാവിലെ ഒന്‍പതു മണിക്ക് ജപമാല യോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത് , ഉത്ഘാടന സന്ദേശത്തിനു ശേഷം നടന്ന ശുശ്രൂഷകള്‍ക്ക് ഫാ, ജോര്‍ജ് പനക്കല്‍ , റെവ. ഫാ. ആന്റണി പറങ്കിമാലില്‍ വി .സി , റെവ. ഫാ. ജോസഫ് എടാട്ട് വി .സി . എന്നിവര്‍ നേതൃത്വം നല്‍കി .
ദൈവം നല്‍കുന്ന ദാനങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ അള്‍ത്താര ഉണ്ടാക്കണം എന്ന് റെവ. ഫാ. ജോര്‍ജ് പനക്കല്‍ തന്റെ സുവിശേഷ പ്രഘോഷണത്തില്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .’മാനവരാശിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക ഉത്തരം ഈശോയാണ് .ഈശോയുമായി ആഴമേറിയ ബന്ധമുണ്ടാകുവാന്‍ നമുക്ക് വിളി ലഭിച്ചിരിക്കുന്നു . നമ്മുടെ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തു യേശുവിനെ പ്രതിഷ്ഠിക്കുവാന്‍ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കുന്നു .അതുപോലെ നമ്മിലുള്ള ക്രിസ്തു സാന്നിധ്യത്തെ പൂര്‍ണ്ണമായി അനുഭവിച്ചറിയുന്‍ നമ്മെ സഹായിക്കുന്നത് വിശുദ്ധ കൂദാശകള്‍ ആണ് ,ഇത് നാം തിരിച്ചറിയണം . ഈ വിശുദ്ധ കൂദാശകള്‍ നമുക്ക് ലഭിച്ചിരിക്കുന്ന വലിയ ദാനങ്ങള്‍ ആണ് , വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ഒരു ജീവിതമാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിന്റെ അടിസ്ഥാന ശില. നമ്മുടെ ഏറ്റവും നല്ല ഐഡന്റിറ്റിയും വിശുദ്ധ കുര്‍ബാനയാണ് .ദൈവം നല്‍കിയിരിക്കുന്ന ദാനങ്ങള്‍ക്കു മുന്‍പില്‍ നമ്മള്‍ അള്‍ത്താര ഉണ്ടാക്കണം . നമ്മുടെ ബന്ധങ്ങള്‍ക്ക് നടുവിലും അള്‍ത്താര വേണം .ദൈവം നല്‍കുന്ന എല്ലാ നന്മകളും അള്‍ത്താരയില്‍ വച്ച് വിശുദ്ധീകരിക്കണം . നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ദൈവവേലയായി കരുതുക . ഓരോ പ്രവര്‍ത്തിക്കും ദൈവം പ്രതിഫലം നല്‍കും . അത് ജീവന്റെ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നു . വിജയം ഉറപ്പുള്ള ജീവിതമാണ് ക്രൈസ്തവ ജീവിതം . അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കേംബ്രിഡ്ജ് റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ഫാ. തോമസ് പാറക്കണ്ടത്തില്‍ സ്വാഗതം ആശംസിച്ചു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ നന്ദിയര്‍പ്പിച്ചു.
Leave a Reply