ഫാ. ഹാപ്പി ജേക്കബ്

ആദിമ സഭയില്‍ പരസ്പരം സംബോധന ചെയ്തിരുന്നത് വിശുദ്ധന്മാര്‍ എന്നായിരുന്നു, അതിന് കാരണവുമുണ്ടായിരുന്നു. ദൈവ കല്‍പ്പന ആചരിച്ചു സാഹോദര്യം കാത്തുസൂക്ഷിച്ചും വിശുദ്ധിയുടെ അനുഭവത്തില്‍ കഴിയുന്നവര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ദൈവ ആലയവും അതിലെ ആരാധന.ും കുടിവരവും നമുക്ക് എത്രമാത്രം അനുഭവങ്ങള്‍ നല്‍കുന്നു. ഞായറാഴ്ച്ചകള്‍ അദ്ധ്യാനങ്ങളുടെയും ജീവിക ഭാരത്തിന്റെയും ആവലാതികള്‍ മറന്ന് ദൈവ സന്തോഷത്തിന്റേതാണ് എന്ന് കരുതിയിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് സമ്മതിക്കുന്ന ആളുകള്‍ അല്ലേ നാം. പല വ്യക്തികളും പല അവസരങ്ങളില്‍ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഞായറാഴ്ച്ച പള്ളിയില്‍ പോയപ്പോള്‍ സമാധാനം പോയി എന്ന്. എവിടെയാണ് ന്യൂനത സംഭവിച്ചത്. നമുക്കോ അതോ ദൈവാലയത്തിനോ?

പതിനെട്ട് സംവത്സരമായി നിവരുവാന്‍ കഴിയാതിരുന്ന ഒരു സ്ത്രീക്ക് സൗഖ്യം കൊടുക്കുന്നതാണ് ഇന്നത്തെ ചിന്ത്. വി. ലൂക്കോസ് 13: 10-17 വാക്യങ്ങള്‍. ദൈവാലയത്തില്‍ വെച്ച് കര്‍ത്താവ് അവളെ കണ്ട് അടുത്ത് വിളിച്ച് അവളുടെ രോഗത്തെ മാറ്റി. ആരാധനയ്ക്കായി നാമും കൂടി വരാറുണ്ടല്ലോ. ദൈവാലയത്തിന്റെ പ്രൗഢിയും കൂടെ ഇരിക്കുന്നവരുടെ വേഷവിധാനങ്ങളും ആഢംബരങ്ങളുമല്ലേ നമ്മുടെ കണ്ണുകളില്‍ നിറയുകയുള്ളു. ചേര്‍ന്ന് നില്‍ക്കുന്ന സഹോദരന്റെ കണ്ണൂനീരും വേദനകളും തിരിച്ചറിയുവാന്‍ എന്തേ കഴിയാതെ പോന്നു. ഒരു ചടങ്ങ് നിര്‍വ്വഹിക്കുന്നതിന് അപ്പുറം ആരാധന കൂട്ടായ്മ ഏതെങ്കിലും തരത്തില്‍ ഒരു ചലനം നമുക്ക് നല്‍കുന്നുണ്ടോ. ഭൗതിക ക്രമീകരണങ്ങളും പൊതു യോഗവും കമ്മറ്റിയുമൊക്കെയാണ് പള്ളി എന്ന വാക്ക് നമുക്ക് നല്‍കുന്നത്. ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു.

കര്‍ത്താവ് അവള്‍ക്ക് സൗഖ്യം നല്‍കിയപ്പോള്‍ അവള്‍ നിവര്‍ന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഇത് മറ്റനേകം ആളുകള്‍ക്ക് പ്രചോദനം ആകേണ്ടതാണ്. എന്നാല്‍ നമുക്ക് തുല്യമായ പള്ളി പ്രമാണികള്‍ ഇതിനെ ചോദ്യം ചെയ്യുന്നു. നമ്മുടെ മദ്ധ്യേ ഒരുവനെങ്കിലും ആശ്വാസവും സൗഹൃദവും നേടിയാല്‍ നമ്മുടെ പ്രതികരണം എന്താണെന്ന് ചോദിക്കുക.

15-ാം വാക്യത്തില്‍ കര്‍ത്താവ് അവരെ വിളിക്കുന്നത് കപട ഭക്തിക്കാരെ എന്നാണ്. പലപ്പോഴും ഈ വിളിക്ക് നാം മറുപടി കണ്ടെത്തേണ്ടിയിരിക്കുന്നു. ക്രിസ്താനികള്‍ എന്നഭിമാനിക്കുന്ന നമുക്ക് ഭക്തിയുടെ ഏത് അവസ്ഥ പരിചിതമായിട്ടുണ്ട്. മാതാപിതാക്കള്‍ പഠിപ്പിച്ച ചില പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമറിയാതെ ഉരുവിടുന്നു എന്നതൊഴിച്ചാല്‍ എന്ത് ക്രൈസ്തവതയാണ് നമുക്കുള്ളത്. അവനവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി സഭയെ തന്നെ കോട്ടിക്കളയുന്ന നമുക്ക് എന്ത് ഭക്തി പകരുവാന്‍, മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ കഴിയും!

നോമ്പില്‍ പകുതിയോളം ദിനങ്ങള്‍ നാം പിന്നിട്ടുകഴിഞ്ഞു. നിവര്‍ന്ന് നിന്നു ദൈവമുഖത്തേക്ക് ഒന്നുനോക്കുവാന്‍ നമുക്ക് കഴിയാത്തത്. നിവരുവാന്‍ കഴിയാതെ നമ്മുടെ മേല്‍ ഭാരമായിരിക്കുന്ന പാപ കൂനകളെ നമുക്ക് മാറ്റാം. നിവര്‍ന്നാല്‍ മാത്രമെ ദൈവത്തെയും മനുഷ്യരെയും കാണുവാന്‍ നമുക്ക് കഴിയൂ. ആണ്ടോടാണ്ട് പള്ളിയിലും പെരുന്നാളിലും നാം പങ്കെടുക്കുന്നുണ്ടെങ്കിലും പാപ ഭാരങ്ങളെ ഒഴിവാക്കി ജീവിക്കുവാന്‍ നമുക്ക് ഇതുവരെയും സാധ്യമായില്ലെങ്കില്‍ ഈ നോമ്പ് നല്ലൊരു അവസരമാണ്. യഥാര്‍ത്ഥ അര്‍ത്ഥത്തോടെ സമീപിച്ച് നിത്യ ജീവന്റെ ആഹാരമാകുന്ന വി. കുര്‍ബാന സ്വീകരണത്തിന് നമുക്ക് ഒരുങ്ങാം. പള്ളിയും പ്രാര്‍ത്ഥനയും പെരുന്നാളും എല്ലാം യഥാര്‍ത്ഥ ഭക്തന്മാര്‍ക്കുള്ള അവസരങ്ങളാണ്. കപട ഭക്തിയോടെ നാം അവിടെ ആയാല്‍ അനുഗ്രഹത്തേക്കാള്‍ അധികം ശാപമായിരിക്കും ഫലം. വന്നുപോയതും ചെയ്തുമായ എല്ലാം അശുദ്ധിയേയും കഴുകി കളയുവാന്‍ ഈ നോമ്പിനെയും നമുക്ക് സ്വീകരിക്കാം.

ദൈവം അനുഗ്രഹിക്കട്ടെ