ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റൺ: പ്രെസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളിൽ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോരദങ്ങൾക്കായി ക്രിസ്തുമസ് ദിനത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഊഷ്മളമായ സ്നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികൾ കുടുംബങ്ങളിൽ ഒത്തുചേരുകയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുമസ് അവസരത്തിൽ, ജോലിക്കും പഠനത്തിനുമായി യുകെയിലേക്കു വന്നവർക്ക് സ്വന്തം വീട്ടിൽനിന്നു മാറി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ഏകാന്തത ഒഴിവാക്കാനും ഒരു കുടുംബത്തിൻറെ സ്നേഹാനുഭവം അനുഭവിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, യൂത്ത് ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലധികം പേർ പങ്കെടുത്ത സ്നേഹവിരുന്നിൽ, രൂപതയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, വൈദികവിദ്യാർത്ഥികൾ, കത്തീഡ്രലിലെ കൈക്കാരൻമാർ തുടങ്ങിയവരും പങ്കുചേർന്നു. തുടക്കത്തിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ എല്ലാ അതിഥികൾക്കും സ്വാഗതമാശംസിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്നേഹവിരുന്നിനു മുൻപ്, കരോൾ ഗാനങ്ങൾ പാടി അതിഥികളും ആതിഥേയരും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നൽകി. ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനുമുമ്പ്, പാപത്തിൻറെ എല്ലാ വഴികളിലൂടെ നടന്നിട്ടും വി. അഗസ്തീനോസിൻറെ ഹൃദയത്തിൽ ഒരു ശൂന്യത നിറഞ്ഞുനിന്നെന്നും ദൈവത്തിലേക്കെത്തിയപ്പോഴാണ് അത് മാറിയതെന്നും സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. യുവത്വത്തിൻറെ പ്രസരിപ്പിൽ നടക്കുമ്പോഴും പാപവഴികളിൽ വീഴാതിരിക്കണമെന്നും എപ്പോഴും ദൈവസാന്നിധ്യബോധത്തിൽ ജീവിക്കണമെന്നും സന്തോഷത്തിൻറെ അടയാളമായ സംഗീതം ആലപിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരായ അതിഥികളെ ഓർമ്മിപ്പിച്ചു. ദൈവം നൽകുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടുകൂടിയ സ്വാന്തന്ത്ര്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രെസ്റ്റണിലുള്ള സെൻറ് മേരീസ് ടേസ്റ്റി ചോയ്സിലെ ജുമോൻറെ നേതൃത്വത്തിലാണ് സ്നേഹവിരുന്ന് തയ്യാറാക്കിയത്. ക്രിസ്തുമസ് ദിനത്തിൽ ബിഷപ് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നതും രൂപതകുടുംബത്തോടൊപ്പം ആയിരുന്നതും അവിസ്മരണീയമായ ഒരു കുടുംബസ്നേഹാനുഭവം സമ്മാനിച്ചെന്ന് പങ്കെടുത്തവർ തങ്ങളുടെ അനുഭവം പങ്കുവച്ചു.