ബിനോയ്‌ ജോസഫ്‌

ശക്തമായ ഒരു പ്രസ്ഥാനമോ ആശയമോ ഉടലെടുക്കുമ്പോൾ അതിൻറെ പ്രകമ്പനങ്ങൾ സമൂഹത്തിലുണ്ടാകും. അതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജവും സന്ദേശവും സമൂഹത്തിൽ ചലനം സൃഷ്ടിക്കുക സ്വഭാവികം. മാറ്റത്തിൻറെ അലയൊലികൾ കാതുകളിൽ മുഴങ്ങുമ്പോൾ അതിനെ എതിർക്കാനും പിന്തുണയ്ക്കാനും ജനങ്ങൾ മുന്നോട്ട് വന്നെന്നു വരാം. പ്രകമ്പനമായി സമൂഹത്തിലേയ്ക്ക് അലിഞ്ഞു ചേർന്ന സന്ദേശം മനുഷ്യ മനസുകളിൽ ആലേഖിതമായി കഴിയുന്നതുവരെ വിമർശനങ്ങളും ചര്‍ച്ചകളും തുടർന്നു കൊണ്ടേയിരിക്കും. സഭ അതിൻറെ സൃഷ്ടിയിൽ തന്നെ വിശുദ്ധമാണ്. സദുദ്ദേശ്യത്തോടെയുള്ള, ക്രിയാത്മകമായ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും വിമർശനങ്ങളും സഭയ്ക്കും വിശ്വാസികൾക്കും സമൂഹത്തിനും ഗുണകരമാകും. യുകെയിൽ കുടിയേറിയവർക്കായി നിലവിൽ വന്നിരിക്കുന്ന മതാടിസ്ഥാനത്തിലുള്ള പ്രസ്ഥാനങ്ങളിൽ ഏറ്റവും വിപുലമായ സംവിധാനങ്ങളും അംഗങ്ങളും ഉള്ളത് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയ്ക്ക് തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു. യുകെയിലെ നൂറുകണക്കിന് നഗരങ്ങളിലായി ചിതറിക്കിടക്കുന്ന വിശ്വാസികളെ ഏകോപിപ്പിക്കുക, നയിക്കുക എന്ന കർത്തവ്യത്തിലാണ് നേതൃത്വം. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയെ വിമർശിക്കാൻ സമയമായിട്ടില്ല. അതിന് ആരും മുതിരേണ്ട ഒരു സാഹചര്യവും നിലവിലില്ല.

യുകെയിലെ പ്രവാസി കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കിയുടെ സ്ഥാപനം. ഉയര്‍ന്നുവന്ന വിമർശനങ്ങളും എതിർപ്പുകളും നിർദ്ദേശങ്ങളും സഭ ആഗ്രഹിക്കുന്നതും നടപ്പാക്കുന്നതുമായ സംവിധാനത്തിന് എതിരാവണമെന്നില്ല. നിലവിലിരിക്കുന്ന സംവിധാനത്തിൽ നിന്ന് വരുന്ന മാറ്റത്തെ ഉൾക്കൊള്ളാനാവാതെ ഉയരുന്ന വ്യക്തി ചിന്തകളാണ് വിമർശനമെന്ന രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്. യുകെയുടെ പല ഭാഗങ്ങളിലും വ്യക്തികളുടെ നിയന്ത്രണത്തിലായിരുന്ന സഭയുടെ പേരിലുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നതിലെ സംഭ്രമവും ഇതിന് കാരണമായിട്ടുണ്ട്. പക്ഷേ, വാർത്താ പ്രാധാന്യം വിമർശനങ്ങൾക്കാണ് കിട്ടുന്നത് എന്നത് സത്യം. അതിനാൽ തന്നെ പുതിയ രൂപതയുടെ സ്ഥാപനവും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ലോകം മുഴുവൻ സൂക്ഷ്മമായി വീക്ഷിച്ചുവെന്നത് യഥാർത്ഥ്യമാണ്. വ്യക്തികളും സ്ഥാപിത താത്പര്യക്കാരും ചൂഷണം ചെയ്തിരുന്ന നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന സഭയുടെ പ്രവർത്തനത്തിന് സർവ്വ വ്യാപകമായ പിന്തുണ ലഭിക്കേണ്ടിയിരിക്കുന്നു. നിലവിൽ വന്ന സംവിധാനത്തിൻറെ ബലത്തിൽ വ്യക്തികൾ വീണ്ടും സഭാസംവിധാനത്തെ ഹൈജാക്ക് ചെയ്യുന്ന സ്ഥിതി വിശേഷം ചില സ്ഥലങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചുവെന്നത് വാസ്തവമാണ്. സഭയ്ക്കെതിരെ ആരെങ്കിലും വിമർശനമുയത്തുന്നു എങ്കിൽ ഇതും ഒരു കാരണമാണ്. സഭയെ ഒരു കൂട്ടുകച്ചവടമാക്കി മാറ്റുന്നവർക്കുള്ള മുന്നറിയിപ്പുകളും അതിനോടുള്ള എതിർപ്പുകളും വിശ്വാസ സമൂഹത്തിൻറെ ഉള്ളിൽ അന്തർലീനമായിട്ടുണ്ട്. സഭാ വിശ്വാസത്തെയും സംവിധാനത്തെയും കച്ചവടച്ചരക്കാക്കുന്നവരെ ചാട്ടവാറാൽ അടിച്ചു പുറത്താക്കിയ ക്രിസ്തുവായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ എപ്പാർക്കി മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ.

പിഞ്ചുകുഞ്ഞുങ്ങളുടെ മനസിൽ ദൈവികഭയം കുത്തിവയ്ക്കുന്നതാവരുത് മതത്തിൻറെ മാർഗം. അവരുടെ മനസ് ഇതര മതസ്ഥരെ വെറുക്കാൻ സജ്ജമാക്കുന്നതാവരുത് മത പഠനത്തിൻറെ ആത്യന്തിക ഫലം. ലോകത്തിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ നടന്നതും ജീവനാശം നേരിട്ടതും മതങ്ങളുടെ പേരിലാണ് എന്ന് ഓര്‍ക്കുക. കലയിലും കായിക രംഗത്തും വരെ മതം കൂട്ടിക്കലർത്തുന്ന പ്രവണത നല്ലതല്ല. മറ്റൊരു സഭയിലെ അംഗമായതിനാൽ കലാരംഗത്ത് പ്രാവീണ്യമുള്ള കുട്ടികളെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം സ്റ്റേജിൽക്കയറാൻ മേലാളന്മാർ അനുവദിക്കാതെ പിഞ്ചു ഹൃദയങ്ങളെ മുറിവേൽപ്പിച്ച സംഭവങ്ങളും യുകെയിൽ നടക്കുന്നുണ്ട്. മാതാപിതാക്കൾ മലയാളം കുർബാനയിൽ സ്ഥിരമായി വരാറില്ലെന്നു പരസ്യമായി വിധിച്ച്, അവരുടെ കുഞ്ഞുങ്ങളെ സഭയുടെ പേരിൽ നടന്ന കലോത്സവങ്ങളിൽ നിന്ന് വ്യക്തി താത്പര്യത്തിൻറെ പേരിൽ മാറ്റി നിർത്തപ്പെട്ട ‘ബ്രിസ്റ്റോൾ മോഡൽ’ ഇനിയും ആവർത്തിക്കപ്പെടരുത്. സഭയ്ക്ക് ഇതിൽ പലപ്പോഴും അറിവോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും പഴി കേള്‍ക്കേണ്ടി വരുന്നത് സഭാ നേതൃത്വമാണ്. മതദ്വേഷത്തിൻറെയും വർഗീയതയുടെയും വിത്ത്, പോകുന്ന സ്ഥലങ്ങളിൽ എല്ലാം അവർ വിതയ്ക്കാറുമുണ്ട്. ദുഷിച്ച ചിന്തകളോടെ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്ന വ്യക്തികളെ പടിയടച്ച് പിണ്ഡം വയ്ക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നല്ല ജോലിയും മികച്ച ജീവിത സൗകര്യങ്ങളും മോഹിച്ച് യുകെയിലെത്തിയവരാണ് മിക്ക മലയാളികളും. അതിൽ ഹിന്ദുക്കളും മുസ്ളിംങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ജോലി നേടാനും താമസ സൗകര്യമൊരുക്കാനും സ്വന്തം കടങ്ങൾ വീട്ടാനും നാട്ടിലെ കുടുംബക്കാര്യങ്ങൾ അന്വേഷിക്കാനും മാത്രമേ അന്ന് മിക്കവർക്കും സമയമുണ്ടായിരുന്നുള്ളൂ. കേരളത്തിൽ നിന്ന് വിട്ടകന്ന് നിന്നവർ ഗൃഹാതുര സ്മരണയിൽ ഓണവും വിഷുവും റംസാനും ഈദും ക്രിസ്തുമസും ഒക്കെ ആഘോഷിച്ചു. ആഘോഷങ്ങൾക്കു അന്ന് എല്ലാ മതസ്ഥരും ഒന്നിച്ചായിരുന്നു. തുടർന്ന് ചെറിയ രീതിയിൽ അസോസിയേഷനുകൾ രൂപീകരിച്ചു തുടങ്ങി. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളും ആഘോഷങ്ങളും പിന്നീട് നിലവിൽ വന്നു. ആഘോഷങ്ങൾ വിപുലമായതോടെ എല്ലാ മതസ്ഥരുമുള്ള അസോസിയേഷൻറെ ഒരു ചടങ്ങ് നടത്തണമെങ്കിൽ മത സംഘടനകൾ കനിയണമെന്ന സ്ഥിതിയായി. ഇത് ഒരിക്കലും അഭിലഷണീയമായ കാര്യമല്ല. ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന ഹാളുകളും സൗകര്യപ്രദമായ ദിവസങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടതിനു ശേഷം അസോസിയേഷൻകാരെ നെട്ടോട്ടം ഓടിക്കുക എന്നത് ഒരു സ്ഥിരം സംഭവമായിട്ടുണ്ട്.

(ലേഖകന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.)

ലേഖനത്തിന്‍റെ രണ്ടാം ഭാഗം നാളെ പ്രസിദ്ധീകരിക്കുന്നതാണ്

ഇംഗ്ലീഷ് കമ്മ്യൂണിറ്റിയ്ക്ക് ദൈവവിശ്വാസം കുറവാണെന്ന് പ്രഖ്യാപിച്ച് അവരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്ന സ്വയം പ്രഖ്യാപിത ആത്മീയ ഗുരുക്കള്‍ സഭയെ കളങ്കപ്പെടുത്തുന്നു. ഇംഗ്ലീഷ് സമൂഹങ്ങളെ ഹൈജാക്ക് ചെയ്യാനും ശ്രമങ്ങള്‍ നടക്കുന്നു…. നാളെ വായിക്കുക