കൊച്ചി: സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിലപാടില്‍ ഉറച്ച് വൈദികര്‍. അടുത്തയാഴ്ച ചേരുന്ന സിനഡ് യോഗത്തില്‍ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി യോഗവും വിളിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെയായിരിക്കും പരാതി നല്‍കുക.
അടുത്ത തിങ്കളാഴ്ചയാണ് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിനഡ് ചേരുക. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കും. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി വിളിക്കണമെന്നാണ് വൈദികരുടെ ആവശ്യം. സിനഡ് യോഗം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും വൈദികരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ഈ സമയത്ത് മാര്‍പാപ്പയ്ക്ക് പരാതിയും നല്‍കില്ല. സിനഡ് കഴിയുന്നതുവരെ സംയമനത്തോടെ കാത്തിരിക്കും.
കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ വിളിച്ച വൈദിക സമിതി യോഗം മൂന്നു വിശ്വാസികള്‍ കര്‍ദ്ദിനാളിനെ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാനിരിക്കേയാണ് സഭയുടെ ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം തടസ്സപ്പെടുന്നത്. വൈദിക സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ യോഗം ചേരാനും കഴിയില്ലായിരുന്നു. ഇതേതുടര്‍ന്ന് യോഗം അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.
Leave a Reply