ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

അബര്‍ഡീന്‍: രണ്ടു വര്‍ഷം പ്രായമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായ ‘മിഷന്‍ സെന്ററുകളുടെ’ പ്രഖ്യാപനങ്ങള്‍ ഇന്ന് മുതല്‍. സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ ചരിത്ര പ്രഖ്യാപനങ്ങള്‍ നടത്തും. ഇരുപതിലധികം സ്ഥലങ്ങളില്‍ നടക്കുന്ന സന്ദര്‍ശനങ്ങളില്‍ അതാത് സ്ഥലങ്ങളിലെ ലത്തീന്‍ മെത്രാന്‍മാരും ചടങ്ങുകള്‍ക്ക് സാക്ഷികളായെത്തും. ഓരോ സ്ഥലത്തും വി. കുര്‍ബാനയ്ക്കു നേതൃത്വം കൊടുക്കുന്ന വൈദികരും വിശ്വാസികളും അഭി. പിതാക്കന്മാരെ സ്വീകരിക്കാനും തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളാകാനും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്ന മിഷന്‍ സെന്ററുകളാണ് ഭാവിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഇടവകകളായി ഉയര്‍ത്തപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്‌കോട്‌ലാന്‍ഡിലെ അബര്‍ഡീന്‍ ഹോളി ഫാമിലി ദൈവാലയത്തില്‍ (117, Deveron Road, AB16 6LZ) വൈകിട്ട് ആറു മണിക്ക് സ്വീകരണവും, വി. കുര്‍ബാനയും ‘സെന്റ് മേരീസ്’ മിഷന്‍ പ്രഖ്യാപനവും നടക്കും. വി. കുര്‍ബാനക്കിടയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് മിഷന്‍ പ്രഖ്യാപിക്കുന്നത്. അബര്‍ഡീന്‍ രൂപത മെത്രാന്‍ റൈറ്. റെവ. ഡോ. ഹ്യൂഗ് ഗില്‍ബെര്‍ട്ടും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നിലും പങ്കെടുക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായും പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍ റെവ. ഫാ. ജോസഫ് പിണക്കാട്ടും കമ്മറ്റിയംഗങ്ങളും അറിയിച്ചു.

നാളെ ശനിയാഴ്ച, മൂന്നു മിഷനുകളുടെ ഉദ്ഘാടനങ്ങള്‍ നടക്കും. രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍ (21, Hapland Road, Pollok, G53 5NT) വച്ച് ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL) വച്ച് ‘സെന്റ് അല്‍ഫോന്‍സാ & സെന്റ് ആന്റണി’ മിഷനും വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW) വച്ച് ‘സെന്റ് മേരീസ്’ മിഷനും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലും ഓരോ സ്ഥലത്തെയും ലത്തീന്‍ മെത്രാന്മാരും വൈദികരും സന്യാസിനികളും അല്മായ വിശ്വാസികളും ചരിത്ര പ്രഖ്യാപനങ്ങള്‍ക്കു സാക്ഷികളാകും. റെവ. ഫാ. ബിനു കിഴക്കേഇളംതോട്ടം സി. എം. എഫ്., റെവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍, റെവ. ഫാ. ജോസഫ് വെമ്പാടുംതറ വി. സി., കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, വോളണ്ടിയേഴ്സ് തുടടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.