ബിനോയ് എം. ജെ.

‘കുറ്റാരോപണം നടത്തരുത്’ എന്ന യേശുവിന്റെ ഒറ്റ ഉപദേശത്തിൽ തന്നെ വേദാന്തസാരം ഒളിഞ്ഞുകിടക്കുന്നതായി കാണാം. അതൽപം വിശാലമായ അർത്ഥത്തിൽ എടുക്കണമെന്ന് മാത്രം. കുറ്റാരോപണം നമുക്ക് രണ്ട് രീതിയിൽ നടത്തുവാൻ സാധിക്കും. ആദ്യത്തേത് മറ്റുള്ളവരിൽ കുറ്റമാരോപിക്കുക; രണ്ടാമത്തേത് നമ്മിൽ തന്നെ കുറ്റമാരോപിക്കുക. രണ്ടും കുറ്റാരോപണം തന്നെ. ലോകത്തിൽ രണ്ടുതരം മനുഷ്യരുണ്ട്. ആദ്യത്തെ കൂട്ടർ മറ്റുള്ളവരിൽ കുറ്റമാരോപിക്കുന്നു. ഇതൊരു തരം മാനസികമായ വൈകല്യമാകുന്നു. ഇവർ ജീവിതത്തിൽ ഒട്ടും തന്നെ വളരുന്നില്ല.അൽപം കൂടി ശ്രേഷ്ഠരായവർ കുറ്റം സ്വന്തം തലയിലേൽക്കുകയും അതിനെ തിരുത്തുവാൻ പ്രയത്നിക്കുകയും ചെയ്യുന്നു. ഇപ്രകാരം നടത്തുന്ന ആത്മശുദ്ധീകരണത്തെ’സാധന’ എന്ന് വിളിക്കാം. മറ്റുള്ളവരെ നന്നാക്കാൻ ഇറങ്ങി തിരിക്കുന്നതിലും ഭേദം സ്വയം നന്നാകുന്നത് തന്നെ. എന്നാൽ യുക്തിയുക്തമായും ശാസ്ത്രീയമായും ചിന്തിച്ചാൽ ഇപ്പറയുന്ന സാധനയും വ്യർത്ഥമാണ്.

എന്തുകൊണ്ടാണ് സാധനയും വ്യർത്ഥമാണെന്ന് പറയുന്നത്? കാരണം അത്, താൻ കുറവുകളുള്ളവനാണെന്നുള്ള മൂഢമായ കാഴ്ചപ്പാടിൽ നിന്നുദിക്കുന്നതാണ്. ഇതും മനുഷ്യസഹജമായ ഒരുതരം വികൽപമാണ്. എന്നാൽ തന്നിലും മറ്റുള്ളവരിലും കുറവുകളില്ല എന്ന് ചിന്തിക്കുന്നവൻ മാനുഷികമായ പരിമിതികളെ അതിജീവിച്ചവനും അതിനാൽതന്നെ പരിപൂർണ്ണനും ആകുന്നു. മറിച്ച് തന്നിൽതന്നെ കുറ്റമാരോപിക്കുന്നയാൾ ഒരു ഫർണസ്സിലിട്ട് സ്വയം പുഴുങ്ങുകയാണ് ചെയ്യുന്നത്.

ഇത് നിങ്ങളുടെ കൈയിൽ ഒരു കത്തി തരുന്നതുപോലയേ ഉള്ളൂ. നിങ്ങൾ അതുകൊണ്ട് മറ്റുള്ളവരെയും ചിലപ്പോൾ നിങ്ങളെ തന്നെയും കുത്തി മുറിവേല്പിക്കുന്നു. അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ, “കത്തി പിന്നെ എന്തിനാണെന്ന്” നിങ്ങൾ ചോദിക്കുന്നു. നിങ്ങൾക്കാ കത്തി നിലത്തിട്ടുകൂടേ ? അല്ലെങ്കിൽ മാറ്റിവച്ചുകൂടേ? കുറ്റാരോപണം നടത്തണമെന്ന് എന്താണിത്ര നിർബന്ധം? കുറ്റാരോപണം നടത്തുവാൻ നിങ്ങളാരാ, ചെകുത്താനോ?വാസ്തവത്തിൽ ആരും കുറ്റക്കാരല്ല. ഈശ്വരന്റെ ഇഷ്ടം നിറവേറുന്നു. അത്രമാത്രം. അതിന്റെ ഉത്തരവാദിത്വം നാമെന്തിനാണ് ഏറ്റെടുക്കുന്നത്? അതവിടുത്തേക്ക് വിട്ടു കൊടുക്കുക. നമുക്ക് സ്വതന്ത്രരാവാം.

പലപ്പോഴും മറ്റുള്ളവരും സമൂഹവും നമ്മുടെ മേൽ കുറ്റമാരോപിച്ചേക്കാം. അത് സമൂഹത്തിന്റെ പ്രകൃതമാണ്. അതിനെ തള്ളിക്കളയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹം നമ്മുടെ മേൽ കുറ്റാരോപണം നടത്തിയാലും ഇല്ലെങ്കിലും നാമൊരിക്കലും നമ്മുടെ മേൽ കുറ്റാരോപണം നടത്തരുത്. അത്രയെങ്കിലും ഉത്തരവാദിത്വം നമുക്ക് നമ്മോട് തന്നെ ഉണ്ടായിരിക്കണം. നാം കുറ്റം ആരോപിക്കാതിരിക്കുമ്പോൾ ജീവിതത്തെ അതിന്റെ തനി സ്വരൂപത്തിൽ കാണുവാൻ നമുക്ക് കഴിയും. അപ്പോൾ നമ്മുടെ മനസ്സ് യാഥാർഥ്യത്തിലായിരിക്കും. അപ്പോൾ നാം മനുഷ്യപ്രകൃതിയെ മനസ്സിലാക്കുവാൻ തുടങ്ങുന്നു. ഇങ്ങനെ ചെയ്യുന്ന കർമ്മം നിഷ്കാമകർമ്മം ആകുവാനേ വഴിയുള്ളൂ. ആരിലും കുറ്റമാരോപിക്കാതിരിക്കുക- നിങ്ങളിലും,മറ്റുള്ളവരിലും, സമൂഹത്തിലും ,ഈശ്വരനിലും. ഈശ്വരന്റ ഇഷ്ടം നിറവേറ്റുന്നതിൽ സന്തോഷിക്കുക!എല്ലാം അവിടുത്തെ ഇഷ്ടമകുന്നു. ഇപ്രകാരം സ്വാർത്ഥതയിൽനിന്നും മോചനം നേടുക. അപ്പോൾ നിങ്ങൾ സ്വതന്ത്രരാവും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120