കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാലതാമസം വന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് മേധാവി നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവുണ്ടായിട്ടും എജിയുടെ ഉപദേശത്തിനായി കാത്തിരുന്നതിനുള്ള കാരണവും ഡിജിപി വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെതാണ് നിര്‍ദേശം.
വിവാദ ഭൂമി ഇടപാട് നടത്തിയ ആലഞ്ചേരിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ച സമയത്തേക്കാള്‍ ആറ് ദിവസം വൈകിയിരുന്നു. ഈ കാലതാമസം ആരുടെ നിര്‍ദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ നാളെ നേരിട്ട് ഹാജരായി വിശദികരണം നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി വെറും 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി, വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
	
		

      
      



              
              




            
Leave a Reply