കോട്ടയം: ഭൂമി വില്‍പ്പന വിവാദം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചേക്കും. പ്രശ്‌നത്തില്‍ വത്തിക്കാന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തു വന്നതോടെയാണ് പുതിയ നീക്കത്തിന് സഭ ഒരുങ്ങുന്നത്. അതിരൂപത വിഭജിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് വത്തിക്കാന്റെ അഭിപ്രായം തേടുമെന്ന് ഉറപ്പായിട്ടുണ്ട്.
മാര്‍ ജോര്‍ജ് ആലഞ്ചേരി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രധിഷേധകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് സഭാ നേതൃത്വം. അതിരൂപത വിഭജിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗങ്ങളടക്കം ചര്‍ച്ചയില്‍ വിഷയമാകും. എന്നാല്‍ അതിരൂപത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വത്തിക്കാന്‍ അനുമതിയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല. നേരത്തെ മേജര്‍ ആര്‍ച് ബിഷപ്പിനായി പുതിയ അതിരൂപത സ്ഥാപിക്കാനുള്ള അനുമതി തേടി സീറോ മലബാര്‍ സിനഡ് വത്തിക്കാനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.
പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വത്തിക്കാന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കാക്കനാട് സെന്റ് തോമസ് കേന്ദ്രമാക്കി ഒരു ചെറിയ രൂപത നിര്‍മ്മിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇതിന്റെ ചുമതല ജോര്‍ജ് ആലഞ്ചേരിക്കായിരിക്കും. അതേ സമയം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും മെത്രാന് കൈമാറുകയും ചെയ്യും. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സഭാ നേതൃത്വം.
Leave a Reply