ജോൺസൺ ജോസഫ് , സെക്രട്ടറി , മലങ്കര കൗൺസിൽ  
 

ബെർമിങ്ഹാം : ആഗോള കത്തോലിക്കാ സഭയിൽ മലങ്കര കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്നു. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവനും മാതൃകയാണ്. മലങ്കര കത്തോലിക്കാ സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബെർമിങ്ഹാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ സന്തോഷിക്കുന്നു. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൺ ഏഴാമത് കൺവെൻഷൻ വോൾവർഹാംറ്റണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതം, ആരാധനക്രമ പൈതൃകം, കുടുംബ പ്രാർത്ഥന, വിശ്വാസ പരിശീലനം എന്നിവ ഇവിടെ തുടരുകയും അതിലൂടെ കുട്ടികളെയും യുവജനങ്ങളെയും യേശുക്രിസ്തുവിൽ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ പ്രത്യേക പ്രതിനിധിയായി കൺവെൻഷനിൽ പങ്കെടുത്ത അപ്പോസ്തോലിക്ക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ത്രിതൈ്വക ദൈവത്തിന്റെ മാതൃകയിൽ ഒരേമനസ്സോടെ കുടുംബജീവിതത്തെയും സഭാ ജീവിതത്തെയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

സഭയുടെ യുകെ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനത്തിൽ സ്വാഗതമാശംസിച്ചു. ബെർമിങ്ഹാം അതിരൂപത എത്തിനിക് ചാപ്ലിൻസി കോ-ഓർഡിനേറ്റർ മോൺസിഞോർ ഡാനിയേൽ, മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോൺസൺ ജോസഫ്, കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രണ്ടു ദിനങ്ങളിലായി ക്രമീകരിച്ച കൺവെൻഷൻ കതോലിക്കാ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ചു. തുടർന്ന് നടന്ന വി. കുർബാനയ്ക്ക് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മോൺസിഞോർ ഡാനിയേൽ, ഫാ. തോമസ് മടുക്കംമൂട്ടിൽ, ഫാ. രഞ്ജിത്ത് മഠത്തിപറമ്പിൽ, ഫാ. ജോൺ അലക്സ്, ഫാ. ജോൺസൺ മനയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ച സെമിനാറുകൾക്ക് ബിഷപ്പ് തീയോഡോഷ്യസ്, ഡീക്കൻ അനിൽ, മലങ്കര ചിൽഡ്രൻസ് മിനിസ്ട്രി ടീം, ജീസസ് യൂത്ത് നേതൃത്വം നൽകി. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയമാണ് പ്രാർത്ഥനയ്ക്കും പഠനത്തിനുമായി വിധേയമാക്കിയത്. വിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കലാവിരുന്ന് – ബഥാനിയ ഏറെ ശ്രദ്ധേയമായി. നാഷണൽ തലത്തിൽ സോഫിയാ ക്വിസ് മത്സരത്തിൽ സെന്റ് ആന്റണീസ് മിഷൻ വെസ്റ്റ് ലണ്ടനും സെന്റ് അൽഫോൻസാ മിഷൻ ബ്രിസ്റ്റോളും ഒന്നാം സ്ഥാനത്തിന് അർഹരായി. സെന്റ് മേരിസ് മിഷൻ മാഞ്ചസ്റ്റർ, സെന്റ് പോൾസ് മിഷൻ ക്രോയിഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രഥമമായി ക്രമീകരിച്ച ബെസ്റ്റ് സൺഡേസ്കൂൾ അവാർഡ് ബിഷപ്പ് തിയോഡേഷ്യസിൽ നിന്ന് സെന്റ് ജോസഫ് മിഷൻ ഈസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. എ ലെവൽ, ജി.സി.സി പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രത്യേകം ആദരിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കൺവൻഷനിൽ പങ്കാളികളായി. സഭാ കോഡിനേറ്റർ ഫാ.തോമസ് മടുക്കംമൂട്ടിലിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിൽ മലങ്കര കാത്തലിക് കൗൺസിൽ രണ്ടു ദിനങ്ങളിലെ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് മുഖ്യപങ്കുവഹിച്ചു.