ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ കറുത്തവരും വംശീയ ന്യൂന പക്ഷത്തു നിന്നുമുള്ള സ്ത്രീകൾക്ക് ഇപ്പോഴും മാതൃത്വ പരിചരണത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു എന്ന് ബ്രിട്ടീഷ് എംപിമാരുടെ ആരോഗ്യ-സാമൂഹികകാര്യ സമിതി റിപ്പോർട്ട് വ്യക്തമാക്കി. വെള്ളക്കാരുമായി താരതമ്യം ചെയ്യുമ്പോൾ കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ പ്രസവ സമയത്ത് മരണപ്പെടാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും അവരുടെ കുഞ്ഞുങ്ങൾക്ക് സ്റ്റിൽബർത്ത് സാധ്യത കൂടുതലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേതൃത്വത്തിലെ വീഴ്ച, ഉത്തരവാദിത്തത്തിന്റെ അഭാവം, ഡേറ്റാ ശേഖരണത്തിലെ അപാകതകൾ എന്നിവയും, കൂടാതെ സ്ത്രീകളുടെ ആശങ്കകൾ ഗൗരവമായി കാണാതിരുന്ന വർഗീയ സമീപനങ്ങളും ഇതിന് കാരണമാണെന്ന് കണ്ടെത്തി. കറുത്ത വർഗക്കാരായ സ്ത്രീകൾക്ക് സുരക്ഷിതമായ മാതൃത്വപരിചരണം നൽകാൻ അവരെ മനസിലാക്കുന്ന ബഹുമാനിക്കുന്ന ആരോഗ്യപ്രവർത്തകരാണ് ആവശ്യം എന്ന് ബർമിംഗ്ഹാം എർഡിങ്ടൺ എംപി പൗലെറ്റ് ഹാമിൽട്ടൺ അഭിപ്രായപ്പെട്ടു. നിലവിൽ പുറത്തുവന്ന വിവരങ്ങൾ ആരോഗ്യമേഖലയുടെ പ്രവർത്തങ്ങൾക്ക് വഴിത്തിരിവാകണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്.
എൻ എച്ച് എസ് മാതൃത്വ വിഭാഗത്തിലെ എല്ലാ ജീവനക്കാർക്കും നിർബന്ധമായും സംസ്കാരപരമായ പരിശീലനം നൽകണം എന്നതുമാണ് പ്രതിവിധിയായി കമ്മിറ്റി നിർദേശിച്ച നടപടി ക്രമങ്ങളിൽ പ്രധാനപെട്ടത് . കൃത്യമായ വിവര ശേഖരണം ഉറപ്പാക്കണം എന്ന നിർദ്ദേശവും നൽകപ്പെട്ടിട്ടുണ്ട് . കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് മാറ്റം വരേണ്ടത്, അത് സംഭവിക്കുമ്പോൾ എല്ലാ സ്ത്രീകൾക്കും ഗുണകരമാകുമെന്ന് ഫൈവ് എക്സ് മോർ ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ടിനൂക്ക് ആവേ കൂട്ടിച്ചേർത്തു. റോയൽ കോളേജ് ഓഫ് മിഡ്വൈവ്സും അടിയന്തര നടപടി ആവശ്യമാണെന്ന് വ്യക്തമാക്കി.
Leave a Reply