വിക്കറ്റ് ആഘോഷങ്ങളിൽ എക്കാലവും വ്യത്യസ്തത സൂക്ഷിക്കുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ചൈനമാൻ ബോളർ ടബരേസ് ഷംസി. അതിന് ഐസിസിയുടെ താക്കീതും ലഭിച്ചിട്ടുണ്ട്. പറഞ്ഞിട്ടെന്ത്, ആഘോഷങ്ങളിലെ വൈവിധ്യം അങ്ങനങ്ങ് അവസാനിപ്പിക്കാൻ ഷംസിക്ക് ഉദ്ദേശ്യമില്ല. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗായ മാൻസി സൂപ്പർ ലീഗിനിടെ കഴിഞ്ഞ ദിവസം ഷംസി വിക്കറ്റ് നേട്ടം ആഘോഷിച്ചത് പുതിയൊരു രീതിയിലാണ്. ആരാധകരുടെയും ക്യാമറക്കണ്ണുകളുടെയും മുന്നിൽ ഉഗ്രനൊരു മാജിക് കാട്ടിക്കൊണ്ട്!
മാൻസി സൂപ്പർലീഗിൽ പാൾ റോക്സിന്റെ താരമായ ഷംസി, ഡർബൻ ഹീറ്റ്സിനെതിരായ മത്സരത്തിലാണ് മാജിക്കിന്റെ അകമ്പടിയോടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാൾ റോക്സ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 195 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡർബൻ ഹീറ്റ്സിന്റെ വിഹാൻ ലുബ്ബിനെ പുറത്താക്കിയപ്പോഴാണ് ഷംസി മാജിക് പുറത്തെടുത്തത്.
ഡർബൻ ഹീറ്റ്സ് ഇന്നിങ്സിലെ 14–ാം ഓവറിലാണ് സംഭവം. ഷംസിയുടെ പന്ത് ഉയർത്തിയടിച്ച ലുബ്ബിനു പിഴച്ചു. പന്ത് നേരെ ഹാർദൂസ് വിൽജോയന്റെ കൈകളിലെത്തി. വിക്കറ്റ് നേട്ടത്തിനു പിന്നാലെ ഷംസി പോക്കറ്റിൽനിന്ന് ഒരു ചുവന്ന തുണി പുറത്തെടുത്തു. ആരാധകർ നോക്കിയിരിക്കെ ഷംസിയുടെ കയ്യിലിരുന്ന തുണി ഒരു വടി പോലെ തോന്നിക്കുന്ന ഒന്നായി രൂപം മാറി. ഇതിന്റെ വിഡിയോ മാൻസി സൂപ്പർ ലീഗിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുമുണ്ട്. മത്സരത്തിൽ നാല് ഓവറിൽ 37 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഷംസി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഡർബൻ ഹീറ്റ്സ് ഏഴു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
WICKET!
A bit of magic from @shamsi90 🎩
#MSLT20 pic.twitter.com/IxMqRYF1Ma— Mzansi Super League 🔥 🇿🇦 🏏 (@MSL_T20) December 4, 2019
Leave a Reply