Bangalore Days
ജോൺ കുറിഞ്ഞിരപ്പള്ളി വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട് കൂട്ടുകാരുമായി ചീട്ടുകളിച്ചിരുന്നു. ചീട്ടുകളിയുടെ ഉസ്‌താദ്‌ ആണ് സെൽവരാജൻ. ഉറങ്ങാൻ കിടന്നത് വളരെ താമസിച്ചാണങ്കിലും പ്രശനമില്ല,താമസിച്ച് എഴുന്നേറ്റാൽ മതി. ഏതായാലും കാലത്തേ എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു. ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,കാലത്തേ എന്താ പരിപാടി?" "ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു." "ഇവിടെ.?" "അതെ.ഇവിടെ." "എന്തിന് ?". "എടോ ,താൻ ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും." "തനിക്കെന്താ ഭ്രാന്തുണ്ടോ?". "ചൂടാകാതെ.ഈ ബിഷപ്പിന് കിരീടവും തൊപ്പിയുമൊന്നും ഇല്ല. പാവം ബിഷപ്പാണ്. ഒരു ജീൻസും പിന്നെ ഒരു ടീ ഷർട്ടും,മാത്രം." "മാത്രം?"എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ എനിക്ക് മനസ്സിലായി. ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ച് നടക്കുന്നവൻ എന്ത് ബിഷപ്പ്? അതായിരുന്നു മനസ്സിൽ. ജോർജ് കുട്ടി പറഞ്ഞു,"വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ്, പാവം വിധിച്ചട്ടില്ല." എനിക്ക് രസകരമായിട്ടു തോന്നിയത്, കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ് ജോസെഫ്‌സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോക്സ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി. ഇപ്പോൾ CSI സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു. ജോർജ് കുട്ടി പെന്തകോസ്ത് സഭ വിഭാഗത്തിൽപെട്ട ആളാണെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു. "ഇത് നല്ല തമാശ. താനെന്താ ഓന്താണോ?" "അതാണ് എൻ്റെ ബുദ്ധി. എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി എന്ന്. പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ. അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം." ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം. ബിഷപ്പ് ദിനകരനെ ഞാൻ പരിചയപ്പെട്ടിരുന്നു. ഒരു പത്തുപതിനഞ്ച് ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു. എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ ചോട്ടിൽ നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു. രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം. കൺവെൻഷനിൽ പാടുന്ന പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ് ജോർജ് കുട്ടി. കീബോർഡ് വായിക്കാൻ എൻ്റെ പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു. എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ അറിയുന്നത് എന്നാണ് മറുപടി. ഞാൻ പരിചയപ്പെട്ട വാഴക്കുളംകാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞത് ഓർമ്മിച്ചെടുത്തു. ജോസ് ഹാർമോണിയം മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല. എല്ലാവരും പാട്ടുകാർ. കുറ്റം പറയരുതല്ലോ. ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ. പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം. അവസാനം ഒന്നും സംഭവിച്ചില്ല. കാരണം ആദ്യത്തെ രണ്ടുമിനിട്ടു "ബലികുടീരങ്ങളെ "പാടിയപ്പോഴേ ,"എന്നെ കല്ലെറിയല്ലേ ",എന്നുപാടി വികാരിയച്ചൻ അവരെ രക്ഷപെടുത്തി. ഞാൻ പറഞ്ഞു,ജോസിനോട് ചോദിക്കാം. ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. മൈക്ക് ഓപ്പറേറ്റർ സിഡി പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ അഭിനയിക്കുക, ലൈവ് ആണെന്ന് തോന്നിക്കാൻ. ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ട് അഭിനയിച്ചു. പ്രകടനം വൻ വിജയമായി. രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു. കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി. വഴിയിൽ വച്ച് കോൺട്രാക്ടർ രാജനെ കണ്ടുമുട്ടി. രാജന് അഞ്ചടി പൊക്കം കാണും. കയ്യിൽ എപ്പോഴും ഒരു ബ്രീഫ് കേസ് ഉണ്ട് . കോൺട്രാക്ടറായതുകൊണ്ട് പല ഡോക്യൂമെൻറ്സും ആണ് അതിനുളിൽ എന്നാണ് എല്ലാവരോടും പറയുക. ഒരിക്കൽ ഞങ്ങൾ ഒന്നിച്ചുള്ള ഒരു ബസ്സ് യാത്രയിൽ അബദ്ധത്തിൽ ബസ്സിനുളിൽ വച്ച് ബ്രീഫ് കേസ് തുറന്നുപോയി. അതിനകത്ത് മൂന്നുനാലു ഉളികൾ,ഒരു ചുറ്റിക, ഒരു മുഴക്കോല് എന്നിവയാണ് ഉണ്ടായിരുന്നത്. ആശാരിപ്പണിയാണ് എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്. രാജനും കൂടി ഞങ്ങളുടെ ഒപ്പം. എല്ലാവരും രണ്ടുപെഗ് കഴിച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു," കോൺട്രാക്ടറെ ഞങ്ങളുടെ വീടിൻ്റെ പുറത്തെ വാതിലിൻ്റെ പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്. അത് ഒന്ന് ശരിയാക്കിക്കിട്ടിയാൽ നന്നായിരുന്നു." കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ പാക്കറ്റ് എടുത്ത് അതിൻ്റെ പുറത്തു എഴുതിക്കൂട്ടി,എന്നിട്ട് പറഞ്ഞു,"ഞാൻ ഒരു കൊട്ടേഷൻ തരാം" . അര മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി. വിൽസ് സിഗരറ്റ് മാത്രമേ അദ്ദേഹം വലിക്കൂ. അതിൻ്റെ പാക്കറ്റിന് പുറത്ത് കൊട്ടേഷൻ എഴുതിക്കൂട്ടി തന്നു. അമ്പതു രൂപ. ജോർജ് കുട്ടി അതുമേടിച്ച് വലിച്ചുകീറി രാജൻ്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,"എടൊ ആശാരി,താൻ വന്ന് ആ സ്ക്രൂ അഴിച്ച് ഒന്ന് ഫിറ്റ് ചെയ്യ്. അവൻ്റെ സിഗരറ്റ് പാക്കിൻ്റെ പുറത്തു കൊട്ടേഷൻ". രാജൻ ബ്രീഫ് കേസ് എടുത്തു. ഞങ്ങൾ അനുഗമിച്ചു. പൂട്ട് അഴിച്ചെടുത്തു. അതിനടിയിൽ ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം. രാജൻ അരമണിക്കൂർ ആലോചിച്ചു. വിൽസ് പാക്കറ്റ് എടുത്തു. സിഗരറ്റുകൾ എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി. വിൽസ് സിഗരറ്റിൻ്റെ കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് ഫിറ്റ് ചെയ്തു. പണി കഴിഞ്ഞു. ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്ത് വിൽസിൻ്റെ പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. "അറുപതു രൂപ." "താൻ കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?" "വിൽസിൻ്റെ പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തുക കൂടി". "മഴ നനഞ്ഞാൽ പാക്കിങ് പോകില്ലേ?" "മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?". ജോർജ് കുട്ടി പറഞ്ഞു."ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ പിടിച്ചോ.” (തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
 
ജോൺ കുറിഞ്ഞിരപ്പള്ളി ജോർജ്കുട്ടിയുടെ പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു. ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത് എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ. പലപല പാക്കറ്റുകളിലായി ജോർജ്കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഓരോ പാക്കറ്റ് തുറക്കുമ്പോഴും എൻ്റെ നെഞ്ചിടിപ്പ് കൂടി വന്നു. സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ പതുക്കെ ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു,"ഇനി നാളെ ബാക്കിതുറക്കാം."എന്നിട്ട് ഒരു പാക്കറ്റ് കയ്യിലെടുത്തു. "ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു".പാക്കറ്റ് തുറന്നു. അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു. "ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?" "ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല. " "ഇതെന്ത് ചെയ്യാൻ പോകുന്നു.?" "താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ." "ഇതെങ്ങനെ ജോർജ്കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു.ഞാൻ എല്ലാവരോടും മാത്യു എന്നെ പറഞ്ഞിട്ടുള്ളൂ." " ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയാം.." ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു. ഇവനെ ഒതുക്കണം. ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു, "വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം............" "അല്പം............? അതൊന്നും ഇവിടെ നടക്കില്ല." "വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം. താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്. ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ. അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം" "എന്തിന് ? " "ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം. ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം." "ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?" "താൻ പോയിട്ടുവാടോ." "അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം." "അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. " ചപ്പാത്തിയും കോഴിക്കറിയും തയാറാക്കുന്നതിനിടയിൽ ജോർജ്കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.എല്ലാം ഞാൻ സഹിച്ചു,എന്ന് പറയുന്നതാണ് ശരി. ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ്കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു. "നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇത് ഇപ്പോൾ പാപമാണ് .നമ്മൾ രണ്ടു പേര് അല്ലെ ഉള്ളൂ."ജോർജ് കുട്ടി പറഞ്ഞു. "ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ ". "തനിക്കു വിവരമില്ല. ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?" "ഇല്ല" ,ഞാൻ പറഞ്ഞു. "എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ രണ്ടു പേരല്ലേയുളളൂ.".എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. "അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്." ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.". “ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം." അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. താൻ ആ ബൈബിൾ താഴെ വയ്ക്ക്."ഞാൻ പറഞ്ഞു. "അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം." ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു,“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു 7. യെശയ്യാവു 5:22."ഞാൻ മിണ്ടാതെയിരുന്നു. "കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?" ഞാൻ പറഞ്ഞു," ഇല്ല." "സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?" ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും. ഒരു കാര്യം എനിക്ക് മനസ്സിലായി ,ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്. ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടി ഗിറ്റാർ കയ്യിലെടുത്തു. ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായി.ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല. ഞാൻ ചോദിച്ചു,"ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?" "എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്റ്ററിങ്ങിൽ തട്ടിയാൽ മതി" .അയാൾ ഇനി എയർ ഗൺ എടുത്ത് ഇങ്ങനെ വല്ലതും പ്രയോഗിക്കുമോ അതായിരുന്നു എൻ്റെ പേടി. അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,"അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു." ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?. "നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ട് നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?" ഞാൻ വെറുതെ കളിയായിചോദിച്ചു. "വേട്ട നായ്ക്കൾ ഇല്ല. അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം." താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി. ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട. ഞാൻ തീരുമാനിച്ചു. "ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് 18 6,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? ." ഞാൻ ഫ്ലാറ്റ്. (തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്
ജോൺ കുറിഞ്ഞിരപ്പള്ളി ബാംഗ്ലൂരിലെ മെയിൻ റെയിൽവേ സ്റ്റേഷനാണ് മജെസ്റ്റിക് എന്നുവിളിക്കുന്ന റെയിൽവേ സ്റ്റേഷൻ. ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. റെയിൽവേ സ്റ്റേഷനടുത്ത് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ അങ്ങനെ വിളിച്ച് ആ പേര് കിട്ടി എന്നുമാത്രം. നമ്മുടെ കഥാനായകൻ അവിടെ വന്നിറങ്ങുമ്പോൾ മനസ്സിൽ ഭയവും ഉള്ളിൽ പരിഭ്രമവും ആയിരുന്നു. കാത്ത് നിൽക്കാം എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് വരുന്നതെങ്കിൽ സുഹൃത്ത് മടങ്ങിപ്പോയാൽ എന്ത് ചെയ്യും? അപ്പോയിൻമെൻറ് ഓർഡർ കയ്യിൽ ഉണ്ടെങ്കിലും " ഓ സോറി നിങ്ങൾക്കയച്ചതല്ല ആള് മാറിപ്പോയി" , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടിരുന്നു. നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്. എന്നാൽ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു. അവൻ്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ ജോലി സ്ഥലത്തേക്ക്. അതുകൊണ്ട് താമസിക്കാൻ ഒരു വീട് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. പുതിയതായി കിട്ടിയ ജോലിയാണ്.കൊള്ളാവുന്ന ഒരു ജോലി,വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്. സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു. എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു."എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ ഭാവം?"കൂട്ടുകാർ കളിയാക്കി.അങ്ങനെ ഇറങ്ങി തിരിച്ചതാണ്. ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല. അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിച്ചു കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു. ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ പ്രശനം തന്നെയാണ്. ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു, "ഇവിടെ സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അവരോട് ചോദിച്ചു നോക്ക്". പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്. പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന് സംശയമാണ്". ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു വീടുകിട്ടി. രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്. തരക്കേടില്ല. വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു. ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ. ആൾ എക്സ്ട്രാ ഡീസന്റ്.,നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു. സ്വാഭാവികമായി എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ ഭയവും ടെൻഷനും ഉണ്ട്. പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ. വീടുകിട്ടി. ഇനി ഫർണിച്ചർ വാങ്ങണം . കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു. അടുത്തത് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. ആരും സഹായിക്കാനില്ല. എല്ലാം സാവകാശം ചെയ്യാം. ഓടിനടന്ന് നല്ല ക്ഷീണവും ഉണ്ട്. ഇനി എല്ലാം നാളെ എന്ന് വിചാരിച്ചു. ഇന്ന് പുറത്ത് എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ ഒരു നല്ല ഹോട്ടൽ കണ്ടുപിടിക്കണം. വീടിന്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നു. ഇതാരാണ് ,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല. പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു.. "എന്താ?" "ഞാൻ ജോർജുകുട്ടി." "അതിന് ?" "എടോ തൻ്റെ കൂടെ താമസിക്കാൻ വന്നതാ." "എൻ്റെ കൂടെ?" "അതെ താൻ ഒറ്റക്കല്ലേ "?" "അതെ". "ഞാനും ഒറ്റക്കാണ് . അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?" "അതിന് നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല ". "സാരമില്ല.നിങ്ങൾ ആരാണെന്ന് എനിക്കറിയാം. ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല." "അങ്ങനെ താൻ ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട". "എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്. ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല. ദാ ഞാൻ എൻ്റെ കട്ടിലും സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം. ഏതായാലും താൻ വാടക കൊടുക്കണം. അപ്പോൾ ഞാൻ സേഫ് ആയി." ജോർജ്‌കുട്ടി അകത്തേക്ക് കയറി."ആഹാ,ഈ സാധനങ്ങളെല്ലാം ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ എവിടെ കിടക്കും? വാ നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം". അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി. ഏതായാലും അയാളുടെ സഹായം തൽക്കാലം നല്ലതു തന്നെ, "എവിടെയാണ് ജോലി ചെയ്യുന്നത്?" "നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്. സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്." എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി അയാളുടെ സാധങ്ങൾ എടുത്തുകൊണ്ടുവന്നു. ആദ്യം ഒരു പാക്കറ്റ് തുറന്ന് ഒരു ഗിറ്റാർ എടുത്തു വച്ചു. വയ്ക്കുന്നതിന് മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ സ്റ്ററിങ്ങിൽ തട്ടി ശബ്ദം കേൾപ്പിച്ചു. അടുത്ത പാക്കറ്റ് തുറന്നു. ഒരു വലിയ എയർ ഗൺ ആയിരുന്നു അത്..അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല. ഒന്നും ചെയ്തില്ല. അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്. കാണാൻ നല്ല ഭംഗിയുണ്ട്.,"സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്." അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,"ഒരു റൂം മുഴുവനും അതിനുവേണ്ടി.........." "താൻ ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ." വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്."ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?". "അത് ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും." എനിക്ക് തലകറങ്ങാൻ തുടങ്ങി. അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു. എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു. അത് ഒരു പുസ്തകം ആയിരുന്നു,എന്നിട്ടു പറഞ്ഞു. ഞാൻ എന്നും കിടക്കുന്നതിന് മുൻപ് ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും. അത് എൻ്റെ ഒരു പതിവാണ്. അത് ഒരു ബൈബിൾ ആയിരുന്നു. ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും. അത് കിറു കൃത്യം ആയിരിക്കും. ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം. അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് മനസ്സിലായി. എങ്കിലുംഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു. പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,"ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്." എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി. ഞാൻ പറഞ്ഞു,"വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും ഒന്നു നോക്കട്ടെ." ഞാൻ പുസ്തകം തുറന്നു. "മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ സന്ദർശ്ശിക്കുകയോ അരുത്‌ അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ ഭോഷത്തം നിന്നെ വളയ്ക്കുകയില്ല.. പ്രഭാഷകൻ 22.,13 ,ഇപ്പോൾ എന്ത് തോന്നുന്നു?" ജോർജ് കുട്ടി കുട്ടി എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി."ശരി ഞാൻ പോയേക്കാം." ഞാൻ പറഞ്ഞു,"താൻ ഇപ്പോൾ പോകുന്നില്ല." ജോർജ് കുട്ടി വീണ്ടും ബൈബിൾ എടുത്തു തുറന്നു."ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല." (തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്
RECENT POSTS
Copyright © . All rights reserved