ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട് കൂട്ടുകാരുമായി ചീട്ടുകളിച്ചിരുന്നു. ചീട്ടുകളിയുടെ ഉസ്‌താദ്‌ ആണ് സെൽവരാജൻ. ഉറങ്ങാൻ കിടന്നത് വളരെ താമസിച്ചാണങ്കിലും പ്രശനമില്ല,താമസിച്ച് എഴുന്നേറ്റാൽ മതി.

ഏതായാലും കാലത്തേ എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു.

ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,കാലത്തേ എന്താ പരിപാടി?”

“ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു.”

“ഇവിടെ.?”

“അതെ.ഇവിടെ.”

“എന്തിന് ?”.

“എടോ ,താൻ ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും.”

“തനിക്കെന്താ ഭ്രാന്തുണ്ടോ?”.

“ചൂടാകാതെ.ഈ ബിഷപ്പിന് കിരീടവും തൊപ്പിയുമൊന്നും ഇല്ല. പാവം ബിഷപ്പാണ്. ഒരു ജീൻസും പിന്നെ ഒരു ടീ ഷർട്ടും,മാത്രം.”

“മാത്രം?”എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ എനിക്ക് മനസ്സിലായി. ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ച് നടക്കുന്നവൻ എന്ത് ബിഷപ്പ്? അതായിരുന്നു മനസ്സിൽ.

ജോർജ് കുട്ടി പറഞ്ഞു,”വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ്, പാവം വിധിച്ചട്ടില്ല.”

എനിക്ക് രസകരമായിട്ടു തോന്നിയത്, കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ് ജോസെഫ്‌സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോക്സ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി. ഇപ്പോൾ CSI സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു. ജോർജ് കുട്ടി പെന്തകോസ്ത് സഭ വിഭാഗത്തിൽപെട്ട ആളാണെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.

“ഇത് നല്ല തമാശ. താനെന്താ ഓന്താണോ?”

“അതാണ് എൻ്റെ ബുദ്ധി. എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി എന്ന്. പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ. അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം.”

ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം.

ബിഷപ്പ് ദിനകരനെ ഞാൻ പരിചയപ്പെട്ടിരുന്നു.

ഒരു പത്തുപതിനഞ്ച് ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു. എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ ചോട്ടിൽ നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു.

രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം. കൺവെൻഷനിൽ പാടുന്ന പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ് ജോർജ് കുട്ടി. കീബോർഡ് വായിക്കാൻ എൻ്റെ പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു. എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ അറിയുന്നത് എന്നാണ് മറുപടി.

ഞാൻ പരിചയപ്പെട്ട വാഴക്കുളംകാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞത് ഓർമ്മിച്ചെടുത്തു. ജോസ് ഹാർമോണിയം മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല. എല്ലാവരും പാട്ടുകാർ. കുറ്റം പറയരുതല്ലോ. ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ.

പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം. അവസാനം ഒന്നും സംഭവിച്ചില്ല. കാരണം ആദ്യത്തെ രണ്ടുമിനിട്ടു “ബലികുടീരങ്ങളെ “പാടിയപ്പോഴേ ,”എന്നെ കല്ലെറിയല്ലേ “,എന്നുപാടി വികാരിയച്ചൻ അവരെ രക്ഷപെടുത്തി.

  വളർത്തുനായയ്‌ക്കായി വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവനായി ബുക്ക് ചെയ്ത് യുവതി

ഞാൻ പറഞ്ഞു,ജോസിനോട് ചോദിക്കാം.

ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. മൈക്ക് ഓപ്പറേറ്റർ സിഡി പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ അഭിനയിക്കുക, ലൈവ് ആണെന്ന് തോന്നിക്കാൻ. ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ട് അഭിനയിച്ചു.

പ്രകടനം വൻ വിജയമായി. രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു. കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.

വഴിയിൽ വച്ച് കോൺട്രാക്ടർ രാജനെ കണ്ടുമുട്ടി.

രാജന് അഞ്ചടി പൊക്കം കാണും. കയ്യിൽ എപ്പോഴും ഒരു ബ്രീഫ് കേസ് ഉണ്ട് . കോൺട്രാക്ടറായതുകൊണ്ട് പല ഡോക്യൂമെൻറ്സും ആണ് അതിനുളിൽ എന്നാണ് എല്ലാവരോടും പറയുക. ഒരിക്കൽ ഞങ്ങൾ ഒന്നിച്ചുള്ള ഒരു ബസ്സ് യാത്രയിൽ അബദ്ധത്തിൽ ബസ്സിനുളിൽ വച്ച് ബ്രീഫ് കേസ് തുറന്നുപോയി. അതിനകത്ത് മൂന്നുനാലു ഉളികൾ,ഒരു ചുറ്റിക, ഒരു മുഴക്കോല് എന്നിവയാണ് ഉണ്ടായിരുന്നത്. ആശാരിപ്പണിയാണ് എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്.

രാജനും കൂടി ഞങ്ങളുടെ ഒപ്പം.

എല്ലാവരും രണ്ടുപെഗ് കഴിച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു,” കോൺട്രാക്ടറെ ഞങ്ങളുടെ വീടിൻ്റെ പുറത്തെ വാതിലിൻ്റെ പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്. അത് ഒന്ന് ശരിയാക്കിക്കിട്ടിയാൽ നന്നായിരുന്നു.”

കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ പാക്കറ്റ് എടുത്ത് അതിൻ്റെ പുറത്തു എഴുതിക്കൂട്ടി,എന്നിട്ട് പറഞ്ഞു,”ഞാൻ ഒരു കൊട്ടേഷൻ തരാം” .

അര മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി. വിൽസ് സിഗരറ്റ് മാത്രമേ അദ്ദേഹം വലിക്കൂ. അതിൻ്റെ പാക്കറ്റിന് പുറത്ത് കൊട്ടേഷൻ എഴുതിക്കൂട്ടി തന്നു.

അമ്പതു രൂപ.

ജോർജ് കുട്ടി അതുമേടിച്ച് വലിച്ചുകീറി രാജൻ്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,”എടൊ ആശാരി,താൻ വന്ന് ആ സ്ക്രൂ അഴിച്ച് ഒന്ന് ഫിറ്റ് ചെയ്യ്. അവൻ്റെ സിഗരറ്റ് പാക്കിൻ്റെ പുറത്തു കൊട്ടേഷൻ”.

രാജൻ ബ്രീഫ് കേസ് എടുത്തു.

ഞങ്ങൾ അനുഗമിച്ചു.

പൂട്ട് അഴിച്ചെടുത്തു. അതിനടിയിൽ ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം. രാജൻ അരമണിക്കൂർ ആലോചിച്ചു. വിൽസ് പാക്കറ്റ് എടുത്തു. സിഗരറ്റുകൾ എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി. വിൽസ് സിഗരറ്റിൻ്റെ കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് ഫിറ്റ് ചെയ്തു. പണി കഴിഞ്ഞു.

ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്ത് വിൽസിൻ്റെ പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

“അറുപതു രൂപ.”

“താൻ കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?”

“വിൽസിൻ്റെ പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തുക കൂടി”.

“മഴ നനഞ്ഞാൽ പാക്കിങ് പോകില്ലേ?”

“മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?”.

ജോർജ് കുട്ടി പറഞ്ഞു.”ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ പിടിച്ചോ.”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി