Caroline Nokes
ഇംഗ്ലീഷ് ചാനല്‍ കടന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നതിന് തടയിടാന്‍ ഒരുക്കിയ 'കനത്ത സുരക്ഷ' പരാജയം. നിരീക്ഷണം തുടരുന്നതിനിടെ ആറ് ഇറാനിയന്‍ അഭയാര്‍ത്ഥികള്‍ കെന്റ് തീരത്തെത്തി. കഴിഞ്ഞ മൂന്നാഴ്ചകളിലായി ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്താന്‍ അഭയാര്‍ത്ഥികള്‍ നടത്തിയ ഡസന്‍ കണക്കിന് ശ്രമങ്ങള്‍ ബോര്‍ഡര്‍ ഫോഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ സായുധ സേനയെ നിയോഗിച്ചത്. ക്രിസ്തുമസ് ദിവസം മാത്രം 66 അഭയാര്‍ത്ഥികളാണ് ഇഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനാണ് സേനയെ നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസ് പ്രതികരിച്ചത്. ഇന്നലെ രാവിലെയാണ് സുരക്ഷാ സന്നാഹങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് ആറ് ഇറാന്‍ പൗരന്‍മാര്‍ കെന്റിലെ കിംഗ്‌സ്ഡൗണില്‍ ഒരു ഡിങ്കിയില്‍ വന്നിറങ്ങിയത്. തീരത്തെത്തിയ ശേഷമാണ് ഇവരെ ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ പിടികൂടിയത്. അഭയാര്‍ത്ഥി വിഷയത്തില്‍ ഹോം സെക്രട്ടറിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഡാഡ്‌സ് ആര്‍മി നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ സഫാരിക്കു പോയ സാജിദ് ജാവീദ് യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലം തേടുന്നവരെയും അപകടത്തില്‍ പെടുന്നവരെയും സഹായിക്കാനും സൗഹൃദഹസ്തം നീട്ടാനും മനുഷ്യത്വം കാട്ടാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അഭയാര്‍ത്ഥി വിഷയത്തില്‍ ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ചാനല്‍ കടന്ന് യുകെയില്‍ എത്തിയാലും അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സൗകര്യമൊരുക്കില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ജാവീദിന് അടുത്ത പ്രധാനമന്ത്രിയാകാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുന്‍ യുകിപ് നേതാവ് നിഗല്‍ ഫരാഷും പ്രതികരിച്ചു. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് ഫ്രാന്‍സില്‍ നിന്നുള്ള ബോട്ടുകള്‍ തടയാനാണ് നീക്കം നടക്കുന്നത്. അനധികൃത ബോട്ടുകളിലും ഡിങ്കികളിലുമാണ് ഫ്രാന്‍സില്‍ നിന്ന് അഭയാര്‍ത്ഥികള്‍ യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved