വിവേചനത്തിന്റെ വികൃത മുഖമാണ് ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതെന്ന് ലേബര്‍ എംപി ഡേവിഡ് ലാമി പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടവര്‍ മൂന്നു വര്‍ഷത്തോളം അപമാനിക്കപ്പെട്ടവരാണ്, ചൂഷണത്തിന് വിധേയരാക്കപ്പെട്ടവരാണ്, സ്വന്തം വീടുകളില്‍ താമസിക്കണമെങ്കില്‍ അനുവാദത്തിന് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും ലാമി പറഞ്ഞു. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിയമ നടപടിയുണ്ടായേക്കാമെന്ന് യൂറോപ്യന്‍ യൂണിയന് നിയമങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ബാരിസ്റ്റര്‍ അനേലി ഹോവാര്‍ഡ് പറഞ്ഞു. വോട്ട് നിഷേധിക്കപ്പെട്ടതിലൂടെ ഒന്നിലേറെ യൂറോപ്യന്‍ യൂണിയന് വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഫങ്ഷനിംഗ് ഓഫ് ദി യൂറോപ്യന്‍ യൂണിയനിലെ ആര്‍ട്ടിക്കിള്‍ 20 ഉള്‍പ്പെടെയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ പൗരന്മാര്ക്ക് ലഭിക്കുന്ന അതേ വോട്ടവകാശം യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ പൗരന്മാര്ക്കും ലഭ്യമാക്കുന്ന വ്യവസ്ഥയാണ് ഇത്. യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്ക് പ്രത്യേക ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതായി വരുന്നുണ്ടെങ്കില്‍ അത് വിവേചനം തന്നെയാണെന്നും യൂറോപ്യന്‍ പൗരന്മാര്ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും അനേലി വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാന നിമിഷ പ്രചാരണങ്ങളിലും സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലുമാണ്. ഇന്‍ഡിപ്പെന്‍ഡന്റ് ഗ്രൂപ്പ് എന്ന് അറിയപ്പെട്ടിരുന്ന സംഘം പുതുതായി രൂപീകരിച്ച ചെയിഞ്ച് യുകെ എന്ന പാര്‍ട്ടി അവതരിപ്പിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുന്‍ ടിവി അവതാരകന് ഗാവിന് എസ്ലര്‍, ബോറിസ് ജോണ്‍സണിന്റെ സഹോദരി റെയിച്ചല്‍ ജോണ്സണ് എന്നിവര്‍ ഉള്‍പ്പെടുന്നു. നൈജല്‍ ഫരാഷ് നേതൃത്വം നല്കുന്ന ബ്രെക്സിറ്റ് പാര്‍ട്ടി കണ്‍സര്‍വേറ്റീവ് ബാക്ക് ബെഞ്ചറായ ജേക്കബ് റീസ് മോഗിന്റെ സഹോദരി അനുന്‍സിയാറ്റ റീസ് മോഗിനെയും മുന്‍ മിനിസ്റ്റര്‍ ആന്‍ വിഡികൂംബിനെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. യുകെയില്‍ മെയ് 23ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ 7 മണി മുതല്‍ രാത്രി 10 വരെയാണ് പോളിംഗ്.
യുകെ, അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ പൗരന്മാരായ, മെയ് 7ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത 18 വയസു തികഞ്ഞവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അവകാശമുള്ളത്. നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അനുവാദമുള്ള പോളിംഗ് സ്റ്റേഷനിലേ വോട്ടു ചെയ്യാന്‍ കഴിയൂ. ഏതു പോളിംഗ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അറിയാന്‍ തപാല്‍ മാര്‍ഗം ലഭിച്ച നിങ്ങളുടെ പോളിംഗ് കാര്‍ഡ് ഉപകരിക്കും. പോളിംഗ് കാര്‍ഡ് ലഭിച്ചിട്ടില്ലെങ്കില്‍ ലോക്കല്‍ അതോറിറ്റിയില്‍ അന്വേഷിക്കാവുന്നതാണ്. പോളിംഗ് കഴിഞ്ഞാലുടന്‍ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. അയര്‍ലന്‍ഡില്‍ 24നും ചെക്ക് റിപ്പബ്ലിക്, ലാത്വിയ, മാള്‍ട്ട, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളില്‍ 25നും ബാക്കിയുള്ള രാജ്യങ്ങളില്‍ 26നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനു ശേഷം മാത്രമേ ഫലം പുറത്തു വരികയുള്ളു.
ചര്‍ച്ചകള്‍ നിര്‍ത്തിയത് വളരെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് കോമണ്‍സില്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന് വിത്ഡ്രോവല്‍ എഗ്രിമെന്റിലെ വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് ടൈംടേബിള്‍ അവതരിപ്പിക്കാമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്. മേയ് അവതരിപ്പിച്ച ഡീല്‍ മൂന്നു വട്ടം കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ബ്രെക്സിറ്റ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചത്. ഇതിനിടയില്‍ ഡീല്‍ സംബന്ധിച്ച് ആശയ സമന്വയത്തിനായി ടോറികളും ലേബറും തമ്മില്‍ ചര്‍ച്ചയും ആരംഭിച്ചു. രണ്ടാം ഹിതപരിശോധന, യൂറോപ്യന്‍ യൂണിയന് കസ്റ്റംസ് യൂണിയനില്‍ അംഗത്വം തുടരല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത അഭിപ്രായമാണ് പിന്തുടരുന്നത്.
ഡീലില്‍ കണ്‍സര്‍വേറ്റീവിലും തെരേസ മേയ് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. വരാനിരിക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ മേയ്ക്കെതിരെയുള്ള വികാരം ശക്തമായേക്കും. ഈ പ്രശ്നങ്ങള്‍ക്കിടയിലും കോമണ്‍സില്‍ ഡീല്‍ വീണ്ടും അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള മേയുടെ പുറത്തേക്കു പോക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.
പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ഇയാന്‍ വാട്ട്സണ് പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്സണ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്ബിന് സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.
ഒബ്സര്‍വറിനു വേണ്ടി നടത്തിയ ഒപീനിയം പോളില്‍ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് 34 ശതമാനം ജനപിന്തുണ ലഭിക്കുമെന്നാണ് വ്യക്തമായത്. മെയ് 23ന് നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക എന്നതായിരുന്നു ചോദ്യം. ലേബറിന് 21 ശതമാനം വോട്ടുകളും കണ്‍സര്‍വേറ്റീവിന് 11 ശതമാനം വോട്ടുകളും മാത്രമേ ലഭിക്കൂ എന്ന് സര്‍വേ ഫലം പറയുന്നു. ഫരാഷിന്റെ പാര്‍ട്ടിക്ക് ലഭിക്കുന്ന പിന്തുണയുടെ മൂന്നിലൊന്ന് മാത്രമേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവിന് ലഭിക്കൂ എന്നതാണ് റിപ്പോര്‍ട്ട്. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് പോലും 12 ശതമാനം വോട്ടുകള്‍ ലഭിച്ചേക്കും.
കഴിഞ്ഞ മാസം മാത്രം നിലവില്‍ വന്ന ബ്രെക്സിറ്റ് പാര്‍ട്ടിക്ക് ജനപിന്തുണയേറുന്നത് എംപിമാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. യുകെ ഡീലുകളൊന്നുമില്ലാതെ എത്രയും വേഗം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണമെന്നാണ് നൈജല്‍ ഫരാഷിന്റെ അഭിപ്രായം. ബ്രെക്സിറ്റ് പാര്‍ട്ടിക്ക് വിജയമുണ്ടായാല്‍ ഈ വാദം ശക്തമാകുമെന്നാണ് ആശങ്ക.