Flood
ബിനോയി ജോസഫ് ജന്മനാട് കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് ലോകമെമ്പാടുമുള്ള മലയാളി സമൂഹമാണ്. പ്രളയജലം തല്ലിക്കെടുത്തിയത് 300 ലേറെ ജീവനുകൾ. ഏഴു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിൽ കഴിയുന്നു. കണക്കാക്കിയിരിക്കുന്ന നഷ്ടം 20,000 കോടി രൂപയിലേറെ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. പ്രളയജലം പിൻവാങ്ങുമ്പോൾ കേരളം തന്നെ പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. കേരള ജനത ദുരിതത്തിൽ ഉഴലുമ്പോൾ വിങ്ങിപ്പൊട്ടിയത് പ്രവാസികളുടെ ഹൃദയമാണ്. തങ്ങളുടെ ഉറ്റവരെയും സുഹൃത്തുക്കളെയും ഓർത്തുള്ള ആധിയിലാണ് മിക്കവരും. സമ്മർ അവധിക്കാലത്ത് യുകെയിൽ നിന്ന് നാട്ടിലേയ്ക്ക് പോയ നിരവധി കുടുംബങ്ങളും പ്രളയത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. നാട്ടിൽ അവധിയാഘോഷിക്കാൻ എത്തിയ കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്ന തിരക്കിലാണ് അദ്ദേഹം. മൂന്നു ദിവസങ്ങൾ ഉറക്കം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാമ്പുകളിൽ പ്രവർത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റുമെന്ന് ബൈജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും കൃഷിയും നശിച്ചവർ നിരവധി. ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. യുകെയിൽ നിന്ന് മലയാളി കുടുംബങ്ങളുടെ സഹായത്താൽ രണ്ടു ലക്ഷത്തോളം രൂപയുടെ ഭഷ്യസാധനങ്ങളും മരുന്നുകളും നല്കാനായതായി അദ്ദേഹം പറഞ്ഞു. ബോൾട്ടൺ മലയാളി അസോസിയേഷൻ 50,000 രൂപയുടെ മരുന്നുകളാണ് എത്തിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ തിരിച്ച് ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയത്നത്തിലാണ് ബൈജു ഇപ്പോൾ. ഇതിന് സാമ്പത്തിക സഹായങ്ങൾ കൂടുതലായി ആവശ്യമുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നല്കുന്ന തുകയ്ക്ക് ലഭ്യമാകുന്നത്ര അരി, പയർ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയവ അവശ്യ സാധനങ്ങള്‍ അർഹരായവർക്ക് ബൈജു എത്തിച്ചു നല്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമാണ് ബൈജു പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്. കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ കണ്ട കേംബ്രിഡ്ജ് എം.പി ഡാനിയേൽ സെയ്നർ ബൈജുവുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് മേയറും ഡെപ്യൂട്ടി മേയറും കൗൺസിലിലെ ലേബർ പാർട്ടി ലീഡറായ ലൂയിസ് ഹെർബേട്ടും ബൈജുവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന് സഹായം നല്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കേംബ്രിഡ്ജ് കൗൺസിലിലെ ലേബർ അംഗങ്ങൾ കത്തയച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ആർമിയുടെ 69 സൈനികരും നൂറനാട് ഐടിബിപിയിലെ 37 സേനാംഗങ്ങും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പലരും വീടിന്റെ ടെറസുകളിൽ ആണ് കഴിയുന്നത്. റാന്നി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ താലൂക്കുകളിൽ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി കുട്ടികളും സ്ത്രീകളും പ്രായമായവരുമുണ്ട്. കുടുങ്ങിയവരിൽ പലരും ഭക്ഷണം കിട്ടാത്തതിനാൽ അവശരാണ്. രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല.
ന്യൂസ് ഡെസ്ക് ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍  മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ 48 മണിക്കൂര്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 25 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. രാക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസംഘം വിവിധ ജില്ലകളിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ പതിനഞ്ചംഗ സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ കല്‍പ്പറ്റയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഇടുക്കി, പാലക്കാട് ജില്ലകളിലേക്കും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിശക്തമായ മഴ തുടര്‍ന്നതോടെ നിലമ്പൂര്‍, കാളികാവ്, കരുവാരകുണ്ട് ഭാഗങ്ങളിലായി പത്തു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മലമ്പുഴയില്‍ നിന്ന് ജില്ലയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെ നഗരങ്ങളില്‍ കുടിവെള്ളമില്ലാതായിരിക്കുകയാണ്. വയനാട്ടിലെ ബാണാസുരാസാഗര്‍ അണക്കെട്ട് തുറന്നതോടെ വെണ്ണിയോട്, പടിഞ്ഞാറത്തറയിലെ ചില പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ബാണാസുരയില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടാനായി കബനി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആലുവ ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഇതോടെ വെള്ളത്തിനടയിലാകുമെന്നാണ് കരുതുന്നത്. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. ഡാമിലെ വെള്ളം പോകുന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved