funeral
ഡബ്ലിന്‍: അയർലണ്ടിൽ ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും ദുഃഖം നൽകി ഡബ്ലിന് അടുത്ത് താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന് ഐറിഷ് പ്രവാസി മലയാളികളുടെ യാത്രാമൊഴി. ഇന്നലെ (തിങ്കളഴ്ച) വൈകീട്ട് നാലുമണിയോട് കൂടി മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ 'ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍' ആരംഭിച്ചു. കൃത്യസമയം പാലിച്ചു ഫ്യൂണറൽ ഡയറക്ടർസ് മേരിയുടെ ഭൗതീക ശരീരം എത്തിക്കുകയും ചെയ്‌തു. കാനഡയിനിന്നും മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.  കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി. [ot-video][/ot-video]
ബിനോയി ജോസഫ് "ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്"... സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്.. ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല.  ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും. ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല. തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച്  ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു. നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി... പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ... സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ... നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്...
ബിനോയി ജോസഫ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വവുമായി പ്രസരിപ്പോടെ പാറി നടന്ന ആ മാലാഖ യാത്രയാവുകയാണ്.. സ്വർഗ്ഗീയാരാമത്തിലെ വിശിഷ്ട പുഷ്പമായി വിരാജിക്കുവാൻ.. നോട്ടിംങ്ങാമിലെ സമൂഹത്തെ തീരാ ദു:ഖത്തിലാഴ്ത്തി ഏപ്രിൽ അഞ്ചാം തിയതി വ്യാഴാഴ്ചയാണ് ആൽഫിൻ എലിസബത്ത് എബ്രാഹാം അകാലത്തിൽ വേർപിരിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നോട്ടിംങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൽട്ടന്റായ ഡോ.അബ്രാഹാം നെടുവംകുന്നേലിന്റെയും മേരിയുടെയും മകളാണ് ആൽഫിൻ. നോട്ടിംങ്ങാം ദി ബെക്കറ്റ് സ്കൂൾ സിക്ത്  ഫോം വിദ്യാർത്ഥിനിയായ ആൽഫിന് ഒരു സഹോദരനുണ്ട് ആഷ് ലി. പഠന രംഗത്തും കലാ സാമൂഹ്യ രംഗങ്ങളിലും പ്രതിഭ തെളിയിച്ച ആൽഫിന്റെ വേർപാട് നോട്ടിംങ്ങാം സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി. തങ്ങളോട് കളി പറഞ്ഞും ചിരിച്ചുല്ലസിച്ചും നടന്ന പ്രിയപ്പെട്ടവളായ ആൽഫിന്റെ വേർപാട് അദ്ധ്യാപകർക്കും  കൂട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല.   സംഗീതത്തെ ജീവനോളം സ്നേഹിച്ച ആൽഫിന് പിയാനോയും വയലിനും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്നും പങ്കെടുത്തിരുന്ന ആൽഫിൻ നോട്ടിംങ്ങാമിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയിലും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. നോട്ടിംങ്ങാമിലെ സെന്റ് ബർണാബാസ് കത്തീഡ്രലിലെ അൾത്താര സർവീസിലെ ടീമംഗമായിരുന്ന ആൽഫിൻ എലിസബത്ത് എബ്രഹാം, കമ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. താൻ ശുശ്രൂഷ ചെയ്ത ബലിപീഠം സാക്ഷിയാക്കി  തന്റെ ഉറ്റവരോടും സ്നേഹിതരോടും ആൽഫിൻ യാത്ര പറയും. ഏപ്രിൽ 14 ശനിയാഴ്ച രണ്ടു മണിക്ക്  ആൽഫിന്റെ സംസ്കാര ശുശ്രൂഷകൾ സെന്റ് ബർണാബാസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം ബ്രാംകോട്ട് ക്രെമറ്റോറിയത്തിലേയ്ക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ പുഷ്പങ്ങൾ അർപ്പിക്കേണ്ടതില്ലെന്നും ചാരിറ്റബിൾ ഡൊണേഷനുകൾ AW Lymn ഫ്യൂണറൽ സർവീസിന് കൈമാറാവുന്നതാണെന്നും ആൽഫിന്റെ കുടുംബം അറിയിച്ചു. ആൽഫിന്റെ ഇഷ്ട നിറമായിരുന്ന റെഡ് തീമിലുള്ള വസ്ത്രങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ അണിയുന്നത് അഭികാമ്യമാണെന്നും കുടുംബം പറഞ്ഞു. ആൽഫിൻ എലിസബത്ത് എബ്രാഹാമിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കുചേരുന്നു.   സംസ്കാര ശുശ്രൂഷ നടക്കുന്ന നോട്ടിങ്ങാം സെന്റ് ബർണാബാസ് കത്തീഡ്രലിന്റെ അഡ്രസ് Cathedral Church of St. Barnabas, Derby Road, Nottingham, NG1 5AE
ബിനോയി ജോസഫ്, മലയാളം യുകെ ന്യൂസ് ഡെസ്ക്. സൃഷ്ടാവിന്റെ മനസറിയാന്‍ തിയറി ഓഫ് എവരിതിംഗ് രചിച്ച വിശ്വവിഖ്യാത പ്രതിഭ സ്റ്റീഫൻ വില്യം ഹോക്കിംഗ് ഇനി  ഓർമ്മകളിൽ മാത്രം. ആധുനിക ലോകം കണ്ട പ്രശസ്ത ഭൗതികശാസ്ത്രജ്ഞന് ലോകം വിട നല്കി. ശാസ്ത്രലോകത്തിന് അറിവിന്റെ അക്ഷയഖനി സമ്മാനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗിന് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. അദ്ദേഹത്തിന്റെ പ്രിയ കുടുംബാംഗങ്ങളും ശിഷ്യഗണവും സഹപ്രവർത്തകരും നിറകണ്ണുകളോടെ ശാസ്ത്ര ഗുരുവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു. കേംബ്രിഡ്ജിന്റെ വീഥികൾ ആദരപൂർവ്വം അപൂർവ്വ പ്രതിഭയെ യാത്രയാക്കി. നിരീശ്വരവാദിയായ സ്റ്റീഫൻ ഹോക്കിംഗിന് നല്കിയത് ആംഗ്ലിക്കൻ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള സംസ്കാര ചടങ്ങുകള്‍ ആയിരുന്നു. പ്രൊഫ. ഹോക്കിംഗിന്റെ മുൻ പത്നി ജെയ്ൻ ഹോക്കിംഗ്, മകൻ തിമോത്തി ഹോക്കിംഗ്, മകൾ ലൂസി ഹോക്കിംഗ് എന്നിവർ നിറകണ്ണുകളുമായി ചടങ്ങിൽ പങ്കെടുത്തു. കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആയിരങ്ങളാണ് വിശ്വവിഖ്യാത പ്രതിഭയ്ക്ക് ആദരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നത്‌.   "എല്ലാറ്റിനും അതിന്റെതായ സമയമുണ്ട്.. എന്തിനും അതിന്റെതായ കാലമുണ്ട്.. സ്വർഗത്തിനു കീഴിലുള്ള ഏതു ദ്രവ്യത്തിനും ഒരു സമയം വരും.. ജനിക്കാനും സമയം, അതുപോലെ മരണത്തെ പുല്കാനും.. വിതയ്ക്കുവാനും കൊയ്യുവാനും.. ജീവനെ ഇല്ലാതാക്കാനും സുഖപ്പെടുത്താനും.. തകർന്നടിയാനും സൃഷ്ടിക്കപ്പെടാനും.. കരയാനും സന്തോഷിക്കാനും.. വിലപിക്കാനും നൃത്തം ചെയ്യുവാനും.. സ്നേഹിക്കപ്പെടാനും വെറുക്കപ്പെടാനും.. യുദ്ധത്തിനും പിന്നെ സമാധാനത്തിനും"..  ദി തിയറി ഓഫ് എവരിതിംഗ് എന്ന ഹോളിവുഡ് ഡോക്യൂമെന്ററിയിൽ സ്റ്റീഫൻ ഹോക്കിംഗിനെ അവതരിപ്പിച്ച എഡ്ഡി റെഡ് മെയ്നാണ് ആദ്യ ബൈബിൾ വായന നടത്തിയത്. സ്റ്റീഫൻ ഹോക്കിംഗ് തന്റെ 52 വർഷങ്ങൾ ചിലവഴിച്ച ഗോൺവിൽ ആൻഡ് കെയ്സ് കോളജിനു തൊട്ടടുത്തുള്ള കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആണ് സംസ്കാര ശുശ്രൂഷ നടന്നത്. മാർച്ച് 14 നാണ് സ്റ്റീഫൻ ഹോക്കിംഗ് മരണമടഞ്ഞത്. അദ്ദേഹത്തിന് 76 വയസായിരുന്നു. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് ആധുനിക കമ്യൂണിക്കേഷൻ  സംവിധാനങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. ശാസ്ത്ര സംബന്ധമായ നിരവധി പ്രബന്ധങ്ങളും ബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രകുതുകികൾക്ക് പ്രചോദനവും ആവേശവുമായിരുന്നു ഹോക്കിംഗ്. സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രവർത്തന വേദിയായിരുന്ന കോളജിലെ ആറ് സഹപ്രവർത്തകർ പുഷ്പാലംകൃതമായ ശവമഞ്ചം കരങ്ങളിലേറ്റിയപ്പോൾ ആയിരങ്ങളുടെ കരഘോഷത്താൽ അന്തരീക്ഷം മുഖരിതമായി. സ്റ്റീഫൻ ഹോക്കിംഗ് ജീവിച്ചിരുന്ന ഓരോ വർഷത്തെയും അനുസ്മരിച്ച് മണിനാദം 76 തവണ മുഴങ്ങി. റെഡ് മെയ്നെ കൂടാതെ മാർട്ടിൻ റീസും ബൈബിൾ റീഡിംഗ് നടത്തി. ഹോക്കിംഗിന്റെ മൂത്ത പുത്രൻ റോബർട്ട് ഹോക്കിംഗ്, ഹോക്കിംഗിന്റെ ശിഷ്യനായ പ്രഫ. ഫേ ഡോക്കർ എന്നിവർ ഹോക്കിംഗിനെ അനുസ്മരിച്ചു സംസാരിച്ചു. 1882 ൽ സർ ഐസക് ന്യൂട്ടന്റെയും 1727 ൽ ചാൾസ് ഡാർവിന്റെയും ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന വെസ്റ്റ് മിൻസ്റ്റർ ആബേയിൽ സ്റ്റീഫൻ ഹോക്കിംഗിന്റെയും ചിതാഭസ്മം വിതറും. "ഞങ്ങളുടെ പിതാവ് ജീവിതത്തിന്റെ ഏകദേശം 50 വർഷങ്ങൾ ചിലവഴിച്ചത് കേംബ്രിഡ്ജിലായിരുന്നു. അദ്ദേഹം ഈ നഗരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം സ്നേഹിച്ചതും അദ്ദേഹത്തെ സ്നേഹിച്ചതുമായ പ്രിയ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തുക എന്നത് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു. സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്കും മതവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അവസരം നല്കുന്നതിനായാണ് ചടങ്ങുകൾ ഇപ്രകാരം നടത്തിയത്." സ്റ്റീഫൻ ഹോക്കിംഗിന്റെ മക്കളായ ലൂസിയും റോബർട്ടും ടിംമ്മും പറഞ്ഞു. 1942 ജനുവരി 8 ന് ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗ് പ്രഫസറായും റിസർച്ച് ഡയറക്ടറായും കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ 1977 മുതൽ  2018 വരെ സേവനം അനുഷ്ഠിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസിൽ അമിട്രോപ്പിക് ലാറ്ററൽ സ്ക്ളീറോസിസ് ബാധിച്ച ഹോക്കിംഗ് അര നൂറ്റാണ്ടിലേറെ ശാരീരിക അവശതകളെ തരണം ചെയ്ത് കർമ്മപഥത്തിൽ ചരിത്രം രചിച്ചു. ഇലക്ട്രോണിക് വോയ്സ് സിംതസൈസർ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. തിയറി ഓഫ് എവരിതിംഗ് പ്രാവർത്തികമാക്കാനായാൽ സൃഷ്ടാവിന്റെ മനസറിയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയും ക്വാണ്ടം മെക്കാനിക്സും സബ് അറ്റോമിക് പാർട്ടിക്കിളുകളും സ്റ്റീഫൻ ഹോക്കിംഗിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ബഹിരാകാശ രഹസ്യങ്ങളും സമയവും ബ്ലാക്ക് ഹോളും  വിശദീകരിക്കുന്ന ബുക്കായ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലർ "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം"  ഹോക്കിംഗിനെ ആൽബർട്ട് ഐൻസ്റ്റീൻ കഴിഞ്ഞാലുള്ള ഏറ്റവും പ്രശസ്തനായ സെലബ്രിറ്റി ആക്കിയിരുന്നു.
ലണ്ടന്‍ : ബാത്തില്‍ ഫെബ്രുവരി രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ - 52) യുടെ സംസ്‌കാര ചടങ്ങ് മോശം കാലാവസ്ഥ മൂലം മാറ്റിവച്ചു. വെള്ളിയാഴ്ച നടക്കാനിരുന്ന സംസ്കാര ചടങ്ങുകള്‍ ആണ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് . സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഹന ഗതാഗതം എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും അസൗകര്യം നേരിടുമെന്നതിനാല്‍ സംസ്‌കാര ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു. ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലായിരുന്നു ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്. ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലായിരുന്നു സംസ്കാരം തീരുമാനിച്ചിരുന്നത്. 2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.
RECENT POSTS
Copyright © . All rights reserved