malayalee
ന്യൂസ് ബ്യൂറോ, കേംബ്രിഡ്ജ് മലയാളികളുടെ വീടുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങൾ യുകെയിൽ പെരുകുമ്പോൾ കഴിഞ്ഞ വീക്കെൻ്റിൽ മാത്രം സമാന സ്വഭാവമുള്ള അഞ്ച് മോഷണങ്ങളാണ് കേംബ്രിഡ്ജിലും പരിസര പ്രദേശമായ കേംബോണിലും ലണ്ടനുത്തുള്ള കോൾചെസ്റ്ററിലുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നൂറ് കണക്കിന് പവൻ സ്വർണ്ണവും പണവുമാണ് ഈ മോഷണങ്ങളിൽ നിന്ന് മലയാളികൾക്ക് നഷ്ടമായത്. വീടുകൾക്ക് കേടുപാടുകൾ വരുത്തിയത് വേറെയും. നടന്ന മോഷണങ്ങൾക്കെല്ലാം സമാന സ്വഭാവമാണുള്ളത്. വെള്ളിയും ശനിയും ഞായറുമായി നടന്ന മോഷണങ്ങളെല്ലാം വൈകുന്നേരം അഞ്ച് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ്. മൂന്ന് പേർ അടങ്ങിയ ഒരു സംഘമാണ് കേംബ്രിഡ്ജിലെ ഒരു വീട്ടിൽ  മോഷണം നടത്തിയത്. വീട്ടിലുള്ളവർ പുറത്തു പോയ സമയം നോക്കി വീടിൻ്റെ പുറക് വശത്തുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മൂന്ന് പേരിൽ ഒരാൾ പുറത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ കാവലായി നില്ക്കുന്നുണ്ടായിരുന്നു. മറ്റ് രണ്ട് പേർ വീടിനകത്തായിരുന്നു. വീട്ടുടമസ്ഥർ തിരിച്ച് വന്ന വാഹനത്തിൻ്റെ ലൈറ്റ് കണ്ടപ്പോൾ മൂന്ന് പേരും പുറക് വശത്തുള്ള ഗാർഡനിലൂടെ കടന്നുകളഞ്ഞു. മൂന്ന് പേര് ഉണ്ടായിരുന്നു എന്നത്  വ്യക്തമായി കണ്ടെങ്കിലും ഇരുട്ടായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമായി കാണുവാൻ സാധിച്ചില്ല എന്ന് ഗ്രഹനാഥൻ പറഞ്ഞു. ഈ വീട്ടിൽ നിന്ന് സ്വർണ്ണമാണ് നഷ്ടമായിരിക്കുന്നത്. വീടിനുള്ളിൽ ധാരാളം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അലമാരിയിലിരുന്ന വസ്ത്രങ്ങൾ എല്ലാം വാരിവലിച്ചിട്ടു. കട്ടിലിനും ബെഡ്ഡിനുമൊക്കെ കേടുപാടുകൾ വരുത്തി. നാല്പത് പവനോളം സ്വർണ്ണമാണ് കോൾചെസ്റ്ററിലെ ഒരു മോഷണത്തിൽ മാത്രം പോയത്. കേംബ്രിഡ്ജിൽ നടന്ന മോഷണത്തിൻ്റെ സമാന സ്വഭാവമാണ് കോൾചെസ്റ്ററിലെയും കേംബോണിലും മോഷണങ്ങളിൽ നടന്നിരിക്കുന്നത്. പക്ഷേ, ഇവിടെ അടുക്കളയിലെ ഒട്ടുമിക്ക ജാറുകളും ഭരണികളും തുറന്ന് പരിശോധിച്ച് മസാലകളും അരിയും തറയിലും മറ്റുമായി വിതറിയിട്ടിട്ടുണ്ടായിരുന്നു. മോഷണത്തിൻ്റെ സ്വഭാവമനുസരിച്ച് സ്വർണ്ണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ടോയിലറ്റ് ക്ലീനർ, ഡെറ്റോൾ, ഷാമ്പു, മസാലപ്പൊടികൾ, ഓയിലുകൾ മുതലായവ വീടിനുള്ളിലും വാതിലിലുമൊക്കെ വിതറുകയും ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പും കേംബ്രിഡ്ജ് മലയാളികളുടെ വീടുകളിൽ ധാരാളം മോഷണങ്ങൾ നടന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ടെങ്കിലും ഇതു വെരെയും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ധാരാളം മോഷണശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ വെളിച്ചത്തിൽ രാത്രി കാലപട്രോളിംഗ് പോലീസ് ആരംഭിച്ചു. അതിന് ശേഷമാണ് മോഷണങ്ങൾക്ക് ശമനം വന്നത്. പോലീസിൻ്റെ നിലപാടിനോട് മലയാളികൾക്ക് അതൃപ്തിയുണ്ട്. സംഭവം നടന്നതിനുശേഷം പോലീസ് എത്തിയാൽ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങളും ഫിങ്കർ പ്രിൻ്റും ശേഖരിക്കും. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയ്ക്കാം എന്ന് പറഞ്ഞ് കേസ് നമ്പരും കൊടുക്കും. അതോടൊപ്പം നഷ്ടപ്പെട്ട വസ്തുക്കൾ ഇൻഷ്വറൻസിൽ ക്ലെയിം ചെയ്യാനുള്ള ഒരു നിർദ്ദേശവും. ഇതിൽ കവിഞ്ഞ്  ഒന്നും നടന്നിട്ടില്ലെന്ന് ഇതിന് മുമ്പ് മോഷണത്തിന് ഇരയായ മലയാളികൾ പറയുന്നു. ഇന്ത്യൻ വംശജരുടെ വീടുകളിൽ പ്രത്യേകിച്ച് മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണ്ണമുണ്ട് എന്ന് പ്രാദേശികരുടെയിടയിൽ പൊതുവേ സംസാരമുണ്ട്. മലയാളികളുടെ വസ്ത്രധാരണവും സ്വർണ്ണാഭരണങ്ങൾ സമൂഹത്തിൻ്റെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഉത്സാഹവുമാണ് ഇതുപോലെയുള്ള ക്രൈമുകൾ ഉണ്ടാകാൻ കാരണമെന്നാണ് പോലീസിൻ്റെ ഭാഷ്യം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ ([email protected]) ഇപ്പോൾ അഭ്യർത്ഥനകൾ ശ്രദ്ധിക്കുന്ന മലയാളി മനസ്സുകൾ കുറയുന്നു.. ജീവിതത്തിലെ വേദനകൾ അനുഭവിച്ചിട്ടുള്ളവർക്കേ മറ്റുള്ളവരുടെ വേദനകൾ മനസിലാകൂ.. അതിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് പ്രവാസി മലയാളികൾ.. അവരുടെ ആവശ്യങ്ങൾ മാറ്റിവെച്ചു മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന പ്രവാസികൾ... അഴിമതി കഥകളും, രാഷ്ട്രീയ കോലാഹലങ്ങളും, കേസിലെ കൂറുമാറലും ഏറ്റവും ഒടുവിൽ ആയി 'സേവ് ദി ഡേറ്റും' വാർത്ത ചാനലുകളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്നു. വേദനിക്കുന്നവന്റെ അപേക്ഷകൾ കാണാതെപോകുന്ന സാഹചര്യം.. കൊറോണയുടെ വരവിൽ പലർക്കും ജോലി നഷ്ടപ്പെട്ടു... സഹായം നൽകിയിരുന്നവർ നിസ്സഹായർ ആയിതീർന്നു.. ഇന്ന് നിങ്ങളുടെ സഹായത്തിനായി അപേക്ഷിക്കുന്നത് രണ്ടുപേരുടെ ആഹാരത്തിനും അവരുടെ ജീവൻ നിലനിത്താനും ആണ്. പത്തനംതിട്ട ജില്ലയിലെ അയിരൂർ സ്വദേശിയായ ഒറ്റതേക്കുങ്കൽ നടുക്കേവീട്ടിൽ രതീഷ് ചന്ദ്രൻ അപൂർവരോഗം ആയ മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗത്തിന് അടിമയാണ്. ഇദ്ദേഹത്തിന് പരസഹായം കൂടാതെ യാതൊന്നും ചെയ്യാൻ കഴിയില്ല. വൃദ്ധയായ അമ്മയാണ് ഏക ആശ്രയം. 2008 ജൂലൈ രണ്ടിന് രതീഷിൻെറ അച്ഛൻ മരണപ്പെട്ടിരുന്നു, അതേ വർഷം തന്നെ നവംബർ 7 നുണ്ടായ അപകടത്തിൽ ഏക സഹോദരനെയും വിധി തിരികെ വിളിച്ചു. പരസഹായം കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്തതിനാൽ പ്രായമായ അമ്മയ്ക്ക് നിത്യവൃത്തിക്ക് വേണ്ടി ജോലിക്ക് പോകാൻ കഴിയുന്നില്ല. നല്ല മനസ്സുള്ള കുറച്ചു മനുഷ്യരുടെ സഹായത്താലാണ് ഇത്രയും നാൾ ജീവിതം കഴിച്ചത്. എന്നാൽ കോവിഡ് മഹാമാരി പടർന്നു പിടിക്കുകയും പലരുടെയും ജോലി നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിൽ സഹായം നൽകി കൊണ്ടിരുന്ന പലരുടെയും അന്നം മുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഈ വാർത്ത അറിയുന്ന സുമനസ്സുകളായ വായനക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് രതീഷ്. സ്വന്തമായി ചലിക്കാൻ കഴിയാത്ത അതിഗുരുതരമായ രോഗാവസ്ഥയാണ് മസ്കുലാർ ഡിസ്ട്രോഫി. രോഗം ശരീരത്തിലെ മസിലുകളെ പൂർണമായി നിർജീവമാക്കും. ഇപ്പോഴും പൂർണമായി ചികിത്സിച്ചു മാറ്റുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. വൈദ്യശാസ്ത്രം ഇതിന് പൂർണമായി ഭേദമാക്കാവുന്ന മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. രോഗം ബാധിച്ച മിക്കവരും വീൽ ചെയറിൽ തന്നെയാണ് ശിഷ്ട ജീവിതം തള്ളി നീക്കേണ്ടി വരിക. ഇത് നാഡീസംബന്ധമായ രോഗം ആണ്. ഡ്യൂക്കിനെസ്‌ മസ്‌ക്കുലർ ഡിസ്‌ട്രോഫി ബാധിച്ചാൽ പരസഹായം കൂടാതെ ഭക്ഷണം കഴിക്കാനോ മറ്റു അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ സാധ്യമല്ല. പേശികളെയും നാഡികളെയും തളർത്തി പൂർണ വൈകല്യത്തിലേക്ക് നയിക്കുന്ന രോഗമാണിത്. മരുന്നിന്റെ ചിലവുകൾക്കും, നിത്യ വൃത്തിക്കുമായാണ് രതീഷ് സുമനസുകളുടെ കരുണ തേടുന്നത്. FEDERAL BANK KOTTATHUR Rathesh Chandran A/C :12600100093593 IFSC FDRL 0001260 എന്ന അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡ്:  കുട്ടികളിൽ ബൈബിനെകുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ കുട്ടികളുടെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഉള്ള ക്വിസ് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. ശനിയാഴ്ച്ച  രാവിലെ അറിയിച്ചതുപോലെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ ഒൻപത് മണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. തുടർന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ ചുരുങ്ങിയ വാക്കുകളോടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്.ബിർമിങ്ഹാമിൽ നിന്നുള്ള റീന & ഡെയ്‌സൺ എന്നിവർ അടങ്ങിയ ക്വിസ് ടീം ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സിബി പൊടിപ്പാറ, സിബി ജോസ്, ജിജോ ഫ്രാൻസിസ് എന്നിവർക്ക് പുറമെ ക്വിസ് കമ്മിറ്റി ടീമിലുള്ള സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ജോസ് വര്ഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, സോഫി ജോയി, ഷിൻസി ഡേവിഡ്, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വിജയമാവുകയും കൃത്യ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്.പല ഘട്ടങ്ങളിൽ ആയി 13, 5 എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് മൂന്ന് ടീമുകൾ. വാശിയേറിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ബിർമിങ്ഹാമിനടുത്തുള്ള Saltley മാസ്സ് സെന്ററിൽ നിന്നും വന്ന ആൽവിൻ സെബാസ്റ്റ്യൻ ആൻഡ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ടീം അലൈഡ് മോർട്ടഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത 250 പൗണ്ട് ക്യാഷും   ട്രോഫിയും കരസ്ഥമാക്കി. വൂസ്റ്ററിൽ നിന്നും വന്ന മരിയ കാപ്പൻ ആൻഡ് നേഹ റോസ് ജോർജ്ജ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ന്യൂപോർട്ടിൽ നിന്നും പങ്കെടുത്ത ജോഷ്വ ജോണി ആൻഡ് എലീഷാ ജോണി എന്നിവർ ലിജിൻ ബിജു സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും അന്നക്കുട്ടി വള്ളോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു. സമ്മാനങ്ങൾ നൽകിയത് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ. അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ച് പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജോയൽ ജോർജ്, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, മെൽവിൻ ബേബി & മെറിൻ ബേബി, ജിസ് ജോസഫ് & പാട്രിക് ജോസഫ്, അൻസെൽ സൈജു & റിജുൻ റൺസുമോൻ എന്നിവർ സ്റ്റോക്ക് ഓൺ ട്രെയ്നിൽ നിന്നും ആൻജെലിൻ ജോസഫ്‌ &അന്നാ തോമസ് ( വോൾവർഹാംപ്ടൺ), ആല്‍വിന്‍ സാലന്‍ & മിലന്‍ ടോം (ലിവര്‍പൂള്‍), ജേക്കബ് ജോസഫ് കരിനാടൻ & മരിയ റീത്ത കരിനാടൻ (മാഞ്ചസ്റ്റർ ) ബ്രിജിറ്റ് തെരേസ കരിനാടൻ &ജോസഫ് ജോൺ കരിനാടൻ (മാഞ്ചസ്റ്റർ) എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക്‌ അർഹരായി.
ന്യൂസ് ഡെസ്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌ യുകെയിലെ മലയാളി അസോസിയേഷനുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുടെ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള ഇലക്ഷൻ നാളെ നടക്കും. പ്രവാസി മലയാളികളുടെ ഇടയിൽ കലാ സംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന യുക്മ, രൂപീകരണത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംഘടനയുടെ നാഷണൽ കമ്മിറ്റിയിലെ എട്ട് സ്ഥാനങ്ങൾക്കായി 16 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. നിലവിലെ യുക്മ ജനറൽ സെക്രട്ടറിയായ റോജിമോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പാനലും ഡോർസെറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായ മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പാനലും എല്ലാ സ്ഥാനങ്ങളിലേയ്ക്കും സ്ഥാനാർത്ഥികളുമായി ശക്തമായ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. ശനിയാഴ്ച ബിർമ്മിങ്ങാമിലെ സെന്റ് എഡ്മണ്ട് കാമ്പ്യൻ കാത്തലിക് സ്കൂളിൽ വച്ച് നടക്കുന്ന യുക്മ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ നാഷണൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. യുക്മയിൽ അംഗത്വമുള്ള യുകെയിലെമ്പാടുമുള്ള നൂറിലേറെ അസോസിയേഷനുകളിൽ നിന്നുള്ള മുന്നൂറിലേറെ പ്രതിനിധികൾ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുക്കും. മനോജ് പിള്ള നേതൃത്വം നല്കുന്ന പാനലിൽ അലക്സ് വർഗീസ്, എബി സെബാസ്റ്റ്യൻ, സാജൻ സത്യൻ, ജയകുമാർ നായർ, ലിറ്റി ജിജോ, സെലിനാ സജീവ്, ടിറ്റോ തോമസ് എന്നിവരാണ് മത്സരിക്കുന്നത്.  റോജിമോൻ വറുഗീസ് നയിക്കുന്ന പാനലിൽ ലോറൻസ് പെല്ലിശ്ശേരി, ഡോ. ശീതൾ ജോർജ്, ഓസ്റ്റിൻ അഗസ്റ്റിൻ, കിരൺ സോളമൻ, രശ്മി മനോജ്, അനീഷ് ജോൺ, അജിത് വെൺമണി എന്നിവരാണ് മത്സര രംഗത്തുള്ളത്. 1. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1. റോജിമോൻ വറുഗീസ് യുക്മയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടു വർഷക്കാലം റോജിമോൻ വറുഗീസ് നടത്തിയത്. യുകെയിലെ മലയാളികളെ കോർത്തിണക്കിക്കൊണ്ട് യുക്മ നടത്തിയ വിവിധ ഇവന്റുകളെ വിജയത്തിൽ റോജിമോന്റെ സംഘടനാ പാടവവും അക്ഷീണ പരിശ്രമവും നിർണ്ണായക പങ്ക്  വഹിച്ചു. ഏറ്റെടുക്കുന്ന കർത്തവ്യങ്ങൾ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് റോജിമോൻ കാഴ്ചവച്ചത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലും റോജിമോൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹോർഷാം റിഥം മലയാളി അസോസിയേഷൻ അംഗമാണ്. നഴ്സിംഗ് പ്രഫഷനിലെ തന്റെ പരിചയസമ്പത്തും സാമൂഹിക സേവന മനോഭാവവും സംഘടനാ പ്രവർത്തന രംഗത്ത് ലക്ഷ്യബോധത്തോടെ മുന്നേറാൻ റോജിമോന് പ്രചോദനമാണ്. നിമിഷാ റോജിയാണ് ഭാര്യ. രണ്ടു മക്കൾ ആഷ് വിൻ, ആർച്ചി. 2.മനോജ് പിള്ള സംഘടനാ പ്രവർത്തന രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായാണ് മനോജ് പിള്ള യുക്മയുടെ നാഷണൽ കമ്മിറ്റിയിലേക്ക് തന്റെ പാനലിനെ നയിക്കുന്നത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ ആദ്യ സെക്രട്ടറിയായിരുന്നു മനോജ്. ഇപ്പോൾ യുക്മ സാംസ്കാരിക വേദിയുടെ കൺവീനറാണ്. നിലവിൽ ഡോർസെറ്റ് കേരള  കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും മനോജ് പിള്ള വഹിക്കുന്നുണ്ട്. സാമൂഹിക കലാ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും വിവിധ കമ്യൂണിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾക്ക് മനോജ് പിള്ള നേതൃത്വം നല്കിയിട്ടുണ്ട്.  ഭാര്യ ജലജ മനോജ്. മക്കൾ ജോഷിക, ആഷിക, ധനുഷ്. 2.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.എബി സെബാസ്റ്റ്യൻ യുകെ മലയാളികൾക്കിടയിൽ  ചിരപരിചിതനായ എബി സെബാസ്റ്റ്യൻ ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന എബി സെബാസ്റ്റ്യൻ കുറവിലങ്ങാട് ദേവമാതാ കോളജിലും  മഹാരാജാസ്  ലോ കോളജിലും യൂണിയൻ മെമ്പറായിരുന്നു.  എം.ജി യൂണിവേഴ്സിറ്റിയുടെ  സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ എബി സെബാസ്റ്റ്യൻ  യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ യുക്മ ബോട്ട് റേസ് ഓൾഗനൈസിംഗ് കമ്മിറ്റിയുടെ ജനറൽ കൺവീനറായിരുന്നു. യുകെയിലെ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ എന്നും സജീവ സാന്നിദ്ധ്യമാണ് എബി സെബാസ്റ്റ്യൻ. ഭാര്യ റിനറ്റ് എബി. 2.ലോറൻസ് പെല്ലിശ്ശേരി ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ മികച്ച സംഘാടകനാണ് ലോറൻസ് പെല്ലിശേരി. നിലവിൽ ജി.എം.എയുടെ ചാരിറ്റി കോർഡിനേറ്റർ ആണ്. സംഘടനയിൽ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  കേരള ഫ്ളഡ് റിലീഫുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിൽ വളരെ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വീടുകളുടെ നിർമ്മാണം ഈ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ പൂർത്തിയായി വരുന്നു. കേരളത്തിലെ ഡിസ്ട്രിക്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ചാരിറ്റി, ഓർഗൻ ഡൊണേഷൻ എന്നിവയും ലോറൻസ് പെല്ലിശ്ശേരിയുടെ പ്രവർത്തന മേഖലകളാണ്. ബിൽജി പെല്ലിശേരിയാണ് ഭാര്യ. മക്കൾ പോൾ, മാത്യു 3.വൈസ് പ്രസിഡന്റ് (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.ഡോ. ശീതൾ ജോർജ് അർപ്പണ മനോഭാവത്തോടെ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ്. യുക്മയുടെ കഴിഞ്ഞ നാഷണൽ കലാമേളയിൽ മിന്നിത്തിളങ്ങിയ കലാകാരന്മാരെയും കലാകാരികളെയും സ്റ്റേജിലെത്തിക്കാൻ പിന്നണിയിൽ അക്ഷീണം പരിശ്രമിച്ച ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസോസിയേഷനെ കലാമേളയുടെ നാഷണൽ ചാമ്പ്യൻ പദവിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം നടത്തുന്ന ജ്വാലയുടെ പ്രവർത്തനങ്ങളിലും കേരള ഫ്ളഡ് റിലീഫിനു വേണ്ടി ചാരിറ്റി ഇവന്റുകൾ സംഘടിപ്പിക്കുന്നതിലും ഡോ. ശീതൾ സജീവമായിരുന്നു.  അസോസിയേഷനെ ആക്ടീവായി നിലനിർത്തുന്നതിൽ ഡോ. ശീതൾ പ്രധാന പങ്കുവഹിക്കുന്നു. യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്നതും കഴിവുകൾ വളർത്തിയെടുക്കുവാൻ സഹായകരവുമായ നിരവധി കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് ഡോ. ശീതൾ നേതൃത്വം നല്കുന്നുണ്ട്.  ലണ്ടൻ ഇൻവെസ്റ്റ്മെൻറ് കൺസൾട്ടൻസിയുടെ ഡയറക്ടറായും നിലവിൽ പ്രവർത്തിക്കുന്നു.  ജിബി ജോർജാണ് ഭർത്താവ്. മക്കൾ ദിയാ, ആദിത്ത്. 2.ലിറ്റി ജിജോ ബിർമ്മിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ് ലിറ്റി ജിജോ. കുട്ടികളെ വിവിധ ഇവന്റുകൾക്കായി ഒരുക്കുന്നതിനായി എന്നും അത്യദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ് ലിറ്റി. കലാ സംസ്കാരിക രംഗത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി സ്റ്റേജുകളിലും ഇവന്റുകളിലും വിവിധ ഡാൻസ് ഇനങ്ങളിൽ ടീമിനെ നയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പുതു തലമുറയുടെ കഴിവുകൾ വളർത്തിയെടുക്കാൻ എന്നും  മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് ലിറ്റി ജിജോ. ജിജോ ഉതുപ്പാണ് ഭർത്താവ്. മക്കൾ സേറ, റെബേക്ക. 4.ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.അലക്സ് വർഗീസ് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റാണ് അലക്സ് വർഗീസ്. യുക്മയുടെ ട്രഷററാണ് നിലവിൽ. യുക്മയുടെ ജോയിന്റ് സെക്രട്ടറി, ജോയിൻറ് ട്രഷറർ, പി ആർഒ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്ത് അലക്സ് വർഗീസിനുണ്ട്. യുക്മ നടത്തിയ എല്ലാ ഇവന്റുകളുടെയും വിജയത്തിനായി അലക്സ് വർഗീസ് അക്ഷീണം പ്രവർത്തിച്ചിരുന്നു. ഭാര്യ ബെറ്റിമോൾ അലക്സ്. മക്കൾ അനേഘ, അഭിഷേക്, ഏഡ്രിയേൽ. 2.ഓസ്റ്റിൻ അഗസ്റ്റിൻ ബെഡ് ഫോർഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായ ഓസ്റ്റിൻ അഗസ്റ്റിൽ നിലവിൽ യുക്മ നാഷണൽ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ്. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്. യുക്മ കലാമേള, ബോട്ട് റേസ് അടക്കമുള്ള സംഘടിപ്പിക്കുന്നതിൽ യുക്മ ടീമിനോടൊപ്പം പ്രധാന പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ പക്വതയോടെ മികവാർന്ന പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് ഓസ്റ്റിൻ അഗസ്റ്റിൻ. ദീപ അഗസ്റ്റിനാണ് ഭാര്യ. മക്കൾ ഫെലിക്സ്, ഫെലീസിയ. 5.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.സാജൻ സത്യൻ വെസ്റ്റ് യോർക്ക് ഷയർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സാജൻ സത്യൻ നിലവിൽ പ്രവർത്തിച്ചു വരുന്നു. അസോസിയേഷനെ സജീവമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ മുഖ്യ പങ്കാണ് സാജൻ വഹിക്കുന്നത്.  കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അസോസിയേഷന്റെ യുക്മ പ്രതിനിധിയായി മുൻ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ മുതൽ  തന്നെ സാജൻ പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു. അനൂപ സാജനാണ് ഭാര്യ. മക്കൾ മിലൻ, മിയാ. 2.കിരൺ സോളമൻ ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് കിരൺ സോളമൻ. അസോസിയേഷനിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള കിരൺ കഴിഞ്ഞ ടേമിൽ യുക്മയുടെ യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയണിന്റെ പ്രസിഡന്റായിരുന്നു. യുക്മയുടെ നാഷണൽ കലാമേളയ്ക്ക് ഷെഫീൽഡിൽ ആതിഥ്യമരുളാനും യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയനെ നാഷണൽ ചാമ്പ്യൻ പട്ടത്തിലേയ്ക്ക് കൈപിടിച്ചുയർത്താനും അക്ഷീണം പരിശ്രമിച്ച ടീമിന്റെ അമരക്കാരനായിരുന്നു കിരൺ സോളമൻ. ഭാര്യ ഷെബാ. മക്കൾ  സഞ്ജയ്, ടാനിയ. 6.ജോയിന്റ് സെക്രട്ടറി (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.സെലീന സജീവ് എഡ്മണ്ടൻ മലയാളി അസോസിയേഷനിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് സെലീന സജീവ്. യുക്മയുടെ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം ബിസിഎം കോളജിലെ ക്രിക്കറ്റ്, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അസോസിയേഷന്റെ യുക്മ പ്രതിനിധിയാണ്.കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സെലീന സജീവ്. സജീവ് തോമസാണ് ഭർത്താവ്. മക്കൾ ശ്രേയ, ടോണി. 2.രശ്മി മനോജ് ഗോസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമാണ് രശ്മി മനോജ്. അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, ബ്രിട്ടീഷ് റെഡ്ക്രോസ്, സാൽവേഷൻ ആർമി തുടങ്ങിയ ചാരിറ്റികൾക്കു വേണ്ടിയും കേരള ഫ്ളഡ് റിലീഫിനായി ജി.എം.എ സംഘടിപ്പിച്ച ഫണ്ട് റെയിസിങ്ങിനായും അക്ഷീണം പരിശ്രമിച്ച രശ്മി മനോജ് വിവിധ ഇവൻറുകൾ വൻ വിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഫാഷൻ ഡ്രസ് ഡിസൈൻ, കോറിയോഗ്രഫി തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മനോജ് ജേക്കബാണ് ഭർത്താവ്. മക്കൾ സിയൻ, ജേക്കബ്. 7.ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.അനീഷ് ജോൺ മിഡ്‌ ലാന്‍ഡ്സിലെ ഏറ്റവും വലിയ അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തി ച്ചിട്ടുള്ള അനീഷ് ജോൺ യുക്മ രൂപീകരണ യോഗം മുതൽ യുക്മയുമായി ബന്ധപ്പെട്ട്‌ രംഗത്ത് കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. എൽ.കെ.സി സ്കൂളിന്റെ നടത്തിപ്പിൽ മുഖ്യപങ്കുവഹിച്ച അനീഷ് ഒരു നല്ല ഗായകനും കലാസ്വാദകനുമാണ്. യുക്മയുടെ മിഡ്ലാൻസ് റീജിയന്റെ സ്പോർട്സ് കോർഡിനേറ്ററായും കഴിവു തെളിയിച്ചിട്ടുണ്ട്. ഭാര്യ അനു സാറാ അനിഷ്. മക്കൾ ആൽവിൻ, അനൈഡാ, അലൈനാ. 2.ജയകുമാർ നായർ വെനസ് ഫീൽഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ജയകുമാർ നായർ. യുക്മ മിഡ്ലാൻഡ്സ് റീജിയണിന്റെ പ്രസിഡന്റായും നഴ്സസ് ഫോറത്തിന്റെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുക്മയുടെ ജോയിന്റ് ട്രഷറർ ആണ്. കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജയകുമാർ നായർ. ഭാര്യ ഷീജ ജയകുമാർ. മക്കൾ ആനന്ദ്, ആദിത്യ. 8.ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍. 1.അജിത്ത് വെൺമണി കെന്റ് സഹൃദയയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അജിത്ത് വെൺമണി പ്രവർത്തിച്ചിട്ടുണ്ട്. യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച് പരിചയമുണ്ട്. കേരളത്തിൽ സ്കൂൾ കോളജ് തലം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അജിത്ത് വെൺമണി പഞ്ചായത്ത് മെമ്പർ, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ സ്വർണ അജിത്കുമാർ. മക്കൾ അർജുൻ, ആരാധ്യ. 2.ടിറ്റോ തോമസ് ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ മുൻ പ്രസിഡനും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ടിറ്റോ തോമസ് യുക്മ നാഷണൽ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് ദീർഘകാല പരിചയ സമ്പത്തുള്ള ടിറ്റോ തോമസ് യുക്മയുടെ ടൂറിസം വിഭാഗത്തിന്റെ കോർഡിനേറ്റർ ആണ്.  ഭാര്യ ടെസി ടിറ്റോ. മക്കൾ ജിതിൻ, ജിസ് മരിയ.  
ബിനോയി ജോസഫ് കുരുന്നുകൾക്ക് അതൊക്കെയും വിസ്മയക്കാഴ്ചകളായിരുന്നു... മുതിര്‍ന്നവര്‍ക്കും... നേരിൽ കണ്ടത് യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ. ടർബൈനുകൾ, ബോയിലറുകൾ, മില്ല്യണിലേറെ ടണ്ണുകളുടെ കൽക്കരി സ്റ്റോർ, ബയോമാസ് ഫ്യൂവൽ ശേഖരിച്ചിരിക്കുന്ന ഡോമുകൾ, കൂറ്റൻ കൂളിംഗ് ടവറുകൾ, ഫ്യൂവൽ പൾവറൈസ് ചെയ്യുന്ന മില്ലുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സൾഫർ ഡയോക്സൈഡിനെ ജിപ്സമായി മാറ്റുന്ന അബ്സോര്‍ബര്‍ യൂണിറ്റുകൾ, അതിനൂതനമായ കൺട്രോൾ റൂമുകൾ, പ്രോസസ് ഗ്യാസ് പുറത്തേയ്ക്കു തള്ളുന്ന നൂറു മീറ്ററോളം ഉയരമുള്ള ചിമ്മിനി... മൂന്നു മണിക്കൂറുകൾ നീണ്ട ടൂറിൽ ഹളളിലെ മലയാളി കുടുംബങ്ങൾ ദർശിച്ചത് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയം. വീടുകളിൽ സ്വിച്ചിട്ടാൽ ലൈറ്റും ടിവിയും ഓണാകുമെന്നറിയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നറിയാനുള്ള ജിജ്ഞാസ ഹള്ളിലെ മലയാളി കുടുംബങ്ങളെ കൊണ്ടെത്തിച്ചത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിൽ. സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് പവർ ലിമിറ്റഡിലാണ് ഹളളിലെ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെൻററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സന്ദർശനമൊരുക്കിയത്. പവർ സ്റ്റേഷന്റെ മോഡൽ ഒരുക്കിയിരിക്കുന്ന വിസിറ്റർ സെന്ററിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ പവർസ്റ്റേഷൻ വിസിറ്റർ മാനേജിംഗ് ടീമംഗങ്ങൾ  സ്വീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന്  ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ സോംഗിലൂടെ കുട്ടികളെ പഠിപ്പിച്ചു. പവർ സ്റ്റേഷൻ ഗൈഡുകളോടൊപ്പമുള്ള സ്റ്റേഷൻ ടൂറായിരുന്നു അടുത്തത്. പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകളും അതിന്റെ ആവശ്യകതകളും സന്ദർശക സംഘത്തെ അറിയിച്ച ഗൈഡുകൾ ഓരോരുത്തർക്കും സേഫ്റ്റി ഹാറ്റ്, ഐ പ്രൊട്ടക്ഷൻ, ഹൈ വിസിബിലിറ്റി ജാക്കറ്റ് എന്നിവയും നല്കി. മിനി ബസുകളിലാണ് സംഘം ആയിരത്തിലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന പവർ സ്റ്റേഷൻ ടൂർ നടത്തിയത്. പവർ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വയർലെസ് ഹെഡ്സെറ്റുകൾ വഴി ടൂറിനിടയിൽ വിശദീകരിച്ചു നല്കി. യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനുകളിൽ ഒന്നായ ഡ്രാക്സിലെ ടൂർ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിനു (ഹിൽസ്) നേതൃത്വം നല്കുന്ന ടീച്ചർ ആനി ജോസഫും ടൂറിനായി പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുക്കിയ ബോബി തോമസും പറഞ്ഞു. കുട്ടികളെ മലയാളം പഠിപ്പിക്കാനും കേരള സംസ്കാരത്തിന്റെ സാരാംശം അവർക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജോജി കുര്യാക്കോസ്, ബിനു ബോണിഫേസ്, അനിഷ് മാണി എന്നിവരുടെ നേതൃത്വത്തിൽ മറ്റു മലയാളി കുടുംബങ്ങളുടെ സഹകരണത്തോടെ 2015 മുതലാണ് മലയാളം ക്ലാസുകൾ ആരംഭിച്ചത്. ഒരു വർഷം ഇരുപതോളം ക്ലാസുകൾ നടത്തുന്ന സ്കൂൾ, ചിൽഡ്രൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളം ക്ലാസുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ, കുട്ടികൾക്കായി നല്കിയിരിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ടിൽ റെക്കോർഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ വിവിധ അവാർഡുകൾ നല്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഗ്രാജുവേഷൻ സെറമണി ഹൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടത്തിയത്. ടീച്ചർ ആനി ജോസഫ്, ബിനു ബോണിഫേസ്, റോസിറ്റ നസ്സറേത്ത്, ബോബി തോമസ്, രാജു കുര്യാക്കോസ് എന്നിവർ നിലവിൽ ക്ലാസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ജിസിഎസ് സി ലെവലിൽ മലയാള ഭാഷ കുട്ടികൾക്ക് ഒരു ലാംഗ്വേജായി ഉൾപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾക്കായി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ് ടീച്ചർ ആനി ജോസഫ്. കുട്ടികൾക്ക് കരിയർ ഗൈഡൻസിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ ആഗ്രഹം. പവർ സ്റ്റേഷൻ സന്ദർശനം എല്ലാ അർത്ഥത്തിലും വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും മുതിർന്നവരും പറഞ്ഞു.  
RECENT POSTS
Copyright © . All rights reserved