Migrant
ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ റോയല്‍ നേവിയെ നിയോഗിച്ചതായി മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ സ്ഥിരീകരണം. ഇതിനായി എച്ച്എംഎസ് മെഴ്‌സി എന്ന നേവി പടക്കപ്പല്‍ ചാനലില്‍ വിന്യസിച്ചിരിക്കുകയാണ്. അപകടകരമായ വിധത്തില്‍ ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈ കപ്പലിന് കഴിയുമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ പറഞ്ഞു. യുകെ ബോര്‍ഡര്‍ ഫോഴ്‌സും ഫ്രഞ്ച് അധികൃതരും ചാനലില്‍ പട്രോളിംഗ് നടത്തി വരികയാണ്. ഹോം ഓഫീസിന്റെ അപേക്ഷ പ്രകാരമാണ് നേവി കപ്പല്‍ വിന്യസിക്കാന്‍ ഡിഫന്‍സ് മിനിസ്ട്രി തീരുമാനിച്ചത്. നവംബറിനു ശേഷം ചെറിയ ബോട്ടുകളിലും ഡിങ്കികളിലുമായി 240 അഭയാര്‍ത്ഥികള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയെന്നാണ് കണക്ക്. യുകെ തീരത്തും അറ്റ്‌ലാന്റിക്കിലും ഫിഷിംഗ് പട്രോളിനായി നിയോഗിക്കപ്പെടുന്ന കപ്പലാണ് എച്ച്എംഎസ് മെഴ്‌സി. മീന്‍പിടിത്ത ബോട്ടുകളും ട്രോളറുകളും അന്താരാഷ്ട്ര തലത്തില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ക്വോട്ടകള്‍ മറികടക്കാതെ കാക്കുകയാണ് കപ്പലിന്റെ ചുമതല. ബോര്‍ഡര്‍ ഫോഴ്‌സ് ചാനലില്‍ രണ്ട് കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. എച്ച്എംസി വിജിലന്റ്, എച്ച്എംസി സെര്‍ച്ചര്‍ എന്നീ രണ്ടു കട്ടറുകളും ബോര്‍ഡര്‍ ഫോഴ്‌സിന്റേതായി ചാനലിലുണ്ട്. ഇവയ്ക്ക് ഒട്ടേറെയാളുകളെ രക്ഷപ്പെടുത്താന്‍ ശേഷിയുള്ളവയാണ്. നേവി കപ്പല്‍ നിയോഗിക്കപ്പെട്ടത് ഹോം സെക്രട്ടറി സാജിദ് ജാവീദിന്റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ്. എച്ച്എംസി പ്രൊട്ടക്ടര്‍, എച്ച്എംസി സീക്കര്‍ എന്നീ രണ്ടു കട്ടറുകള്‍ കൂടി യുകെ തീരത്ത് നിയോഗിക്കപ്പെടുന്നതു വരെയായിരിക്കും നേവിയുടെ സേവനം തുടരുക. ഈ കട്ടറുകള്‍ ഇപ്പോള്‍ മെഡിറ്ററേനിയനിലാണ് ഉള്ളത്. രാജ്യാതിര്‍ത്തി സംരക്ഷിക്കുന്നതിനൊപ്പം ചാനലില്‍ ജീവനുകള്‍ പൊലിയുന്നത് ഒഴിവാക്കുകയുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് ജാവീദ് പറയുന്നു. അതിനാലാണ് നേവിയുടെ കപ്പല്‍ ചാനലിലേക്ക് അയച്ചിരിക്കുന്നത്. ചെറിയ ബോട്ടുകളില്‍ ജീവന്‍ പണയപ്പെടുത്തി യുകെയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നവര്‍ അഭയാര്‍ത്ഥികള്‍ തന്നെയാണോ എന്ന് ഹോം സെക്രട്ടറി ബുധനാഴ്ച ഉന്നയിച്ച ചോദ്യം വിവാദമായിരുന്നു.
ഇംഗ്ലീഷ് ചാനല്‍ കടന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നതിന് തടയിടാന്‍ ഒരുക്കിയ 'കനത്ത സുരക്ഷ' പരാജയം. നിരീക്ഷണം തുടരുന്നതിനിടെ ആറ് ഇറാനിയന്‍ അഭയാര്‍ത്ഥികള്‍ കെന്റ് തീരത്തെത്തി. കഴിഞ്ഞ മൂന്നാഴ്ചകളിലായി ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് എത്താന്‍ അഭയാര്‍ത്ഥികള്‍ നടത്തിയ ഡസന്‍ കണക്കിന് ശ്രമങ്ങള്‍ ബോര്‍ഡര്‍ ഫോഴ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ സായുധ സേനയെ നിയോഗിച്ചത്. ക്രിസ്തുമസ് ദിവസം മാത്രം 66 അഭയാര്‍ത്ഥികളാണ് ഇഗ്ലീഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തിയത്. അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനാണ് സേനയെ നിയോഗിച്ചിരിക്കുന്നതെന്നായിരുന്നു ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസ് പ്രതികരിച്ചത്. ഇന്നലെ രാവിലെയാണ് സുരക്ഷാ സന്നാഹങ്ങളെ നോക്കുകുത്തിയാക്കിക്കൊണ്ട് ആറ് ഇറാന്‍ പൗരന്‍മാര്‍ കെന്റിലെ കിംഗ്‌സ്ഡൗണില്‍ ഒരു ഡിങ്കിയില്‍ വന്നിറങ്ങിയത്. തീരത്തെത്തിയ ശേഷമാണ് ഇവരെ ബോര്‍ഡര്‍ ഫോഴ്‌സ് ഓഫീസര്‍മാര്‍ പിടികൂടിയത്. അഭയാര്‍ത്ഥി വിഷയത്തില്‍ ഹോം സെക്രട്ടറിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഡാഡ്‌സ് ആര്‍മി നിലപാടാണ് ഇദ്ദേഹം സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. ഇതേത്തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ സഫാരിക്കു പോയ സാജിദ് ജാവീദ് യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയിട്ടുണ്ട്. സുരക്ഷിതമായ സ്ഥലം തേടുന്നവരെയും അപകടത്തില്‍ പെടുന്നവരെയും സഹായിക്കാനും സൗഹൃദഹസ്തം നീട്ടാനും മനുഷ്യത്വം കാട്ടാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അഭയാര്‍ത്ഥി വിഷയത്തില്‍ ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ചാനല്‍ കടന്ന് യുകെയില്‍ എത്തിയാലും അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സൗകര്യമൊരുക്കില്ലെന്ന നിലപാട് സ്വീകരിച്ചാല്‍ ജാവീദിന് അടുത്ത പ്രധാനമന്ത്രിയാകാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുന്‍ യുകിപ് നേതാവ് നിഗല്‍ ഫരാഷും പ്രതികരിച്ചു. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് ഫ്രാന്‍സില്‍ നിന്നുള്ള ബോട്ടുകള്‍ തടയാനാണ് നീക്കം നടക്കുന്നത്. അനധികൃത ബോട്ടുകളിലും ഡിങ്കികളിലുമാണ് ഫ്രാന്‍സില്‍ നിന്ന് അഭയാര്‍ത്ഥികള്‍ യുകെയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതം. ചെറിയ ബോട്ടുകളിലായി നൂറുകണക്കിനാളുകളാണ് യുകെ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ക്രിസ്മസ് ഈവിന് നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നവംബറിനു ശേഷം നൂറോളം പേര്‍ ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശരാശരി വിന്റര്‍ താപനിലയും ശാന്തമായ സമുദ്രവുമാണ് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ ചാനല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമായി കടല്‍ കടക്കാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്രിസ്മസ് വൈകുന്നേരം നൂറോളം പേര്‍ ചാനല്‍ കടക്കാന്‍ എത്തിയത് മേജര്‍ ഇന്‍സിഡന്റായാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് ഒരു ഗോള്‍ഡ് കമാന്‍ഡറെ നിയോഗിച്ചു. ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ബോര്‍ഡര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ്, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ് സാജിദ് ജാവീദ്. അഭയാര്‍ത്ഥികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് നടപടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി ഫ്രഞ്ച് ഹോം സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ചയ്ക്കും സാജിദ് ജാവീദ് സന്നദ്ധത അറിയിച്ചു. പ്രശ്‌നം ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബോര്‍ഡര്‍ ഫോഴ്‌സിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുന്ന കാര്യവും ഹോം സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് ഹോം ഓഫീസ് അറിയിക്കുന്നു. ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനറുമായി ഈ വാരാന്ത്യത്തില്‍ ജാവീദ് ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയില്‍ നിന്നു ഇറാനില്‍ നിന്നുമുള്ള 12 പേരടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം പട്രോള്‍ ഫോഴ്‌സുകള്‍ തടഞ്ഞിരുന്നു. ഫ്രാന്‍സ് തീരത്തു നിന്നാണ് ഇവര്‍ ചാനല്‍ കടക്കാന്‍ പുറപ്പെട്ടത്.
RECENT POSTS
Copyright © . All rights reserved