murder
ലണ്ടന്‍: മക്കളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവരുന്ന വഴിക്ക് യുവതിയെ അജ്ഞാതന്‍ കുത്തിക്കൊന്നു. 39കാരിയായ അലിനി മെന്‍ഡസാണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്ന് മക്കളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മെന്‍ഡസിന്റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണ അക്രമി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവ സ്ഥലത്ത് ഉടന്‍ പാരമെഡിക് എത്തിയെങ്കിലും മെന്‍ഡസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിലേറ്റ ആഴമേറിയ മുറിവാണ് മരണ കാരണമെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. മെന്‍ഡസിനെ നേരത്തെ അറിയാവുന്ന വ്യക്തികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അറസ്റ്റ് ചെയ്തവരുടെ പേര് വിവരങ്ങളൊന്നും പുറത്തുവിടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നെന്നത് സംബന്ധിച്ച സൂചനകളും പോലീസിന് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു മാസം മുന്‍പാണ് മിസ് മെന്‍ഡസ് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തി മക്കളുമായി ഒന്നിച്ച് താമസിക്കാന്‍ ആരംഭിച്ചത്. ബന്ധം വേര്‍പെടുത്തിയതിന് ശേഷം സൗത്ത് ലണ്ടനിലേക്ക് മെന്‍ഡസ് താമസം മാറുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസ് സ്പീക്കിംഗ് കമ്യൂണിറ്റി അംഗങ്ങള്‍ മെന്‍ഡസിനോടുള്ള ആദരസൂചകമായി സംഭവം നടന്ന സ്ഥലത്ത് പൂക്കളുമായി എത്തിയിരുന്നു. മതപരമായ കാര്യങ്ങള്‍ അതീവ തല്‍പ്പരയായിരുന്നു മെന്‍ഡസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് മെന്‍ഡസ്. മെന്‍ഡസ് പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന സെന്റ് ജോര്‍ജ് ചര്‍ച്ച് അധികൃതര്‍ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മെന്‍ഡസിന്റെ മക്കളെയും കുടുംബത്തെയും സഹായിക്കുന്നതിനാണ് ഈ പണം ഉപയോഗിക്കുക.
ഓടുന്ന ട്രെയിനില്‍ വെച്ച് 51 കാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട അക്രമിക്കായി തെരച്ചില്‍. 14 വയസുള്ള മകന്റെ മുന്നില്‍ വെച്ചാണ് പിതാവ് കുത്തേറ്റു മരിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള 12.58 സര്‍വീസില്‍ വെച്ചായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസ് പുറത്തു വിട്ടു. 20നും 30നും ഇടയില്‍ പ്രായമുള്ള കറുത്ത വര്‍ഗ്ഗക്കാരനായ മെലിഞ്ഞ യുവാവാണ് പ്രതി. കറുത്ത വസ്ത്രം ധരിച്ച ഇയാള്‍ക്ക് ആറടി ഉയരവും താടിയുമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കി. ഇയാളില്‍ നിന്ന് അകലം പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്ക് ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍ ഏറ്റിട്ടുണ്ട്. പ്രതിയുമായി ഇയാള്‍ക്ക് മുന്‍പരിചയമില്ല എന്ന നിഗമനത്തിലാണ് പോലീസ്. കൊലയ്ക്ക് ശേഷം ക്ലാന്‍ഡനില്‍ ഇയാള്‍ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എത്രയും വേഗം എമര്‍ജന്‍സി സര്‍വീസില്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മറ്റൊരു യാത്രക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ട്രെയിനിനുള്ളില്‍ വെച്ചുതന്നെ പരിക്കേറ്റയാള്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സൂപ്പറിന്റന്‍ഡെന്റ് പോള്‍ ലാംഗ്ലി പറഞ്ഞു. പോലീസും അതിനു മുമ്പ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ഡ്രൈവറും ചേര്‍ന്ന് കുത്തേറ്റയാള്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഇയാള്‍ക്ക് ഏറ്റിരുന്നു. കഴുത്തിലും കുത്തേറ്റതായാണ് വിവരം. ഉച്ചക്ക് 1.00 മണിക്കാണ് കൊല്ലപ്പെട്ടയാള്‍ തന്റെ മകനുമായി ട്രെയിനില്‍ കയറിയത്. ഗില്‍ഫോര്‍ഡിലെ ലണ്ടന്‍ റോഡ് സ്‌റ്റേഷനില്‍ നിന്നായിരുന്നു ഇയാള്‍ കയറിയത്. പ്രതി രക്ഷപ്പെട്ട ക്ലാന്‍ഡനിലെ വയലില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. രക്തത്തില്‍ കുതിര്‍ന്ന ഒരു ഹാറ്റും വിയര്‍ത്തു കുളിച്ച ഒരാളെയും പ്രദേശ വാസിയായ സ്ത്രീ കണ്ടുവെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാക്കര്‍ ഡോഗുകളെയും വിന്യസിച്ചിട്ടുണ്ട്.
പാലക്കാട്: ഒമ്പതു വയസുകാരന്‍ സഹോദരന്റെ കുത്തേറ്റ് മരിച്ചു. പാലക്കാട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ കൊപ്പത്താണ് സംഭവം. നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. സഹോദരനായ നബീല്‍ ഇബ്രാഹീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്ച ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഇബ്രാഹിമിനെ നബീല്‍ കുത്തുകയായിരുന്നു. ഇളയ സഹോദരന്‍, ഏഴു വയസുകാരനായ അഹമ്മദിനും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മാതാപിതാക്കളുമായി വഴക്കിടുന്നതിനിടയില്‍ നബീല്‍ കുട്ടികളെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ നബീല്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. മുഹമ്മദിന്റെ നെഞ്ചിലാണ് കുത്തേറ്റത്. കുത്തേറ്റ കുട്ടിയെ രാത്രി പന്ത്രണ്ടരയോടെ നടക്കാവ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടി വീട്ടില്‍ വച്ചു തന്നെ മരണപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മിഡില്‍സ്ബറോയില്‍ യുവാവ് ഭാര്യയെ പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ വാദം തുടങ്ങി. മിഡില്‍സ്ബറോയില്‍ ഫാര്‍മസി സ്ഥാപനം നടത്തിയിരുന്ന മിതേഷ് പട്ടേലാണ് ഭാര്യ ജെസിക്ക പട്ടേലിന്റെ കൊലപാതകം നേരിട്ട് ആസൂത്രണം ചെയ്തത് നടത്തിയതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മാസങ്ങളും വര്‍ഷങ്ങളും നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലായിരുന്നു കൊലപാതകം നടന്നത്. ഭാര്യയെ കൊലപ്പെടുത്താനായി നിരവധി തയ്യാറെടുപ്പുകള്‍ ഇയാള്‍ നടത്തിയതായി പ്രൊസിക്യൂഷന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊലപാതകത്തിനായി എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നു. ഡയബെറ്റിക് രോഗിയല്ലാത്ത ഒരാള്‍ മരിക്കാന്‍ എത്ര അളവില്‍ ഇന്‍സുലിന്‍ കുത്തിവെക്കണമെന്ന് പട്ടേല്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഡാര്‍ക്ക് വെബ്ബില്‍ ഇയാള്‍ അന്വേഷിച്ച കാര്യങ്ങളുടെ ഡിജിറ്റല്‍ രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വാടകക്കൊലയാളിക്കായി പട്ടേല്‍ അന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഭാര്യയില്ലാത്ത ജീവിതത്തെക്കുറിച്ചുള്ള അന്വേഷണവും ഇന്റര്‍നെറ്റില്‍ നടത്തി. ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തിയ മിക്ക അന്വേഷണങ്ങളും മരണത്തെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വീട്ടില്‍ ആരോ അതിക്രമിച്ചു കയറിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പട്ടേല്‍ ശ്രമിച്ചതായും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജെസിക്കയെ ടെസ്‌കോയില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പാക്കാനും പട്ടേല്‍ ശ്രമിച്ചതായും വ്യക്തമായിട്ടുണ്ട്. തന്റെ വീട് ആക്രമിക്കപ്പെട്ട കാര്യം പോലീസിനെ വിളിച്ചറിയിക്കുന്നതിന് മുന്‍പ് പട്ടേല്‍ പരിഭ്രാന്തനായിരുന്നു. ഭാര്യയുമൊന്നിച്ച് ഹോളി ഡേ ആഘോഷിക്കാന്‍ പോയ സമയത്ത് ഇന്റര്‍നെറ്റില്‍ സെക്‌സിന് പട്ടേല്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇയാള്‍ക്ക് പുരുഷന്മാരോടും ലൈംഗിക താല്‍പര്യമുണ്ടായിരുന്നതായി പ്രൊസിക്യൂഷന്‍ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായിട്ടാണ് സൂചന. തന്റെ കൂട്ടുകാരനുമൊന്നിച്ച് ആസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കാനായിരുന്നു പട്ടേലിന്റെ പദ്ധതിയെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിക്കടുത്ത് കാരാടിയില്‍ 7 മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍. കാരാടി പറച്ചിക്കോത്ത് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീല(26)യാണ് പോലീസ് പിടിയിലായത്. വീട്ടിലെ അവഗണനയെ തുടര്‍ന്ന് വീട്ടുകാരോടും ഭര്‍ത്താവിനോടും ഉള്‍പ്പെടെ ജസീലയ്ക്ക് വൈരാഗ്യമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അവഗണനയ്ക്ക് പ്രതികാരമായി ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ മാതാവ് ഷമീനയോടും വീട്ടുകാരോടും പ്രതിക്ക് കടുത്ത ദേഷ്യം നിലനിന്നിരുന്നു. കുഞ്ഞിനു പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാന്‍ പോയപ്പോഴാണ് ജസീല തൊട്ടിലില്‍ കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഷമീന കരഞ്ഞ് ബഹളം വെച്ചു. തുടര്‍ന്ന് ജസീല തന്നെ കുഞ്ഞ് കിണറ്റിലുള്ളതായി കണ്ടെത്തുകയും ചെയ്തു. ജസീല പോലീസിന് നല്‍കിയ മൊഴിയില്‍ സംശയങ്ങള്‍ തോന്നിയിരുന്നു. കുഞ്ഞിനെ അപായപ്പെടുത്താന്‍ പുറത്തു നിന്ന് ആരും വന്നിട്ടില്ലെന്ന് പോലീസിന് ബോധ്യമായതോടെയാണ് ജസീലയുടെ നേരെ അന്വേഷണം മാറിയത്. ജസീലയെ വിശദമായി വീണ്ടും ചോദ്യം ചെയ്തു. കുഞ്ഞിനെ കണ്ടെത്തുന്നതിന് മുന്‍പ് അപരിചിതന്‍ വെള്ളം ചോദിച്ച് എത്തിയതായി ജസീല മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നും വീണ്ടും വ്യത്യസ്തമായി കാര്യങ്ങള്‍ പറഞ്ഞതോടെ പോലീസിന് കൂടുതല്‍ സംശയങ്ങളുണ്ടാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ പ്രതി കുറ്റം സമ്മതിച്ചു. ജസീലയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
RECENT POSTS
Copyright © . All rights reserved