orma cheppu thurannappol
ഡോ. ഐഷ വി ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ.... എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ അതിനടുത്തേയ്ക്ക് ചെന്നു. വെള്ളയും തവിട്ടും കറുപ്പും ഇടകലർന്ന രോമങ്ങൾ . ഞാൻ അടുത്തെത്തിയപ്പോൾ എന്റെ വസ്ത്രത്തിൽ അവൾ ഒന്നുരുമ്മി. അവളെ എനിക്ക് ഇഷ്ടമായി. അടുക്കളയിൽ ചെന്ന് അമ്മയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണത് അമ്മയുടെ അമ്മ ചിരവാത്തോട്ടത്തു നിന്നും ശ്രീമാൻ ജനാർദ്ധനൻ പിള്ളയുടെ കൈയ്യിൽ ഞങ്ങൾക്കായി കൊടുത്തയച്ച സമ്മാനമാണിതെന്ന്. ഞങ്ങൾക്ക് സന്തോഷമായി. അവൾക്ക് ഒരു നല്ല പേര് കണ്ട് പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം." അ" യിൽ തുടങ്ങുന്ന പേര് വേണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അതിന് " അമ്മിണി" എന്ന് പേരിട്ടു. അത് ഞങ്ങളുടെ മാമിയുടെ പേരായിരുന്നു. അമ്മ മുന്നറിയിപ്പ് നൽകി. മാമിയുടെ പേരിട്ടിട്ട് മാമി കേൾക്കേ അങ്ങനെ വിളിക്കരുതെന്ന്. ഞങ്ങൾ പശുക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. ഞങ്ങൾ അവളുടെ പേർ ഉറക്കെ വിളിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏത് കോണിൽ നിന്ന് വിളിച്ചാലും അത് അവളെയാണ് വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിത്തുടങ്ങി. മ്മ്ബേ... എന്ന മറുവിളിയിലൂടെ അവൾ പ്രതികരിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷം ഇരട്ടിക്കും. പതിയെ പതിയെ അമ്മിണി വളർന്ന് കൊണ്ടേയിരുന്നു. പഴയ രോമങ്ങൾ പൊഴിഞ്ഞ് പോയ ശേഷം നല്ല കറുത്ത രോമങ്ങൾ വരാൻ തുടങ്ങി. അമ്മിണിയുടെ കരുത്ത് കൂടി വന്നപ്പോൾ അവളെ കെട്ടുന്ന ഇലച്ചെടിയുടെ തോൽ പൊളിയാൻ തുടങ്ങി. ഏതാനും വർഷം കൂടി നിന്നെങ്കിലും പിന്നീട് ആ ചെടി നാമാവശേഷമായി. ഇതിനിടയ്ക്ക് അച്ചൻ നാട്ടിലെത്തിയപ്പോൾ അവൾക്ക് ഓല മേഞ്ഞ ഒരു എരിത്തിൽ ( തൊഴുത്ത്) ഉണ്ടാക്കി കൊടുത്തു . കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിന്റെ തറ സിമന്റിട്ടു. അവൾക്ക് കാടി , വെള്ളം വാഴയില എന്നിവ കൊടുക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ദിവസം അനുജത്തി അമ്മിണിയുടെ വായിൽ ഭക്ഷണസാധനങ്ങൾ വച്ചു കൊടുത്തപ്പോൾ അവൾക്ക് നല്ല കടി കിട്ടി. പുല്ല് ചവയ്ക്കുന്ന പരന്ന പല്ലായതിനാൽ കൈയ്യിത്തിരി ചതഞ്ഞു പോയി. അമ്മിണിയെ കുളിപ്പിക്കുന്ന ജോലി ഞാനും അനുജനും ഏറ്റെടുത്തു. 1979 മുതൽ 1984- ൽ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നത് വരെ, ഒന്നുകിൽ തോട്ടിൽ കൊണ്ടുപോയി കുളിപ്പിയ്ക്കും. ഇല്ലെങ്കിൽ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിപ്പിയ്ക്കും. അപ്പോൾ ഞങ്ങൾ അവളെ ഓരോ തെങ്ങിന്റെ മൂട്ടിൽ ഓരോ ദിവസം എന്ന മട്ടിൽ മാറിമാറി കെട്ടും. തെങ്ങിന്റെ ചുറ്റുമുള്ള , പുല്ല് അവൾ തിന്ന് തീർക്കും. ഓരോ തെങ്ങിനും വെള്ളവും ലഭിക്കാൻ തുടങ്ങി. നന്നായി സോപ്പൊക്കെയിട്ട് മണക്കുന്നതു വരെ തേച്ച് കുളിപ്പിച്ചാലേ എനിക്കും അനുജനും തൃപ്തിയാകുമായിരുന്നുള്ളൂ. പുളിയരിപ്പൊടി പിണ്ണാക്ക് എന്നിവ പുഴുങ്ങി കൊടുക്കുന്ന ജോലി അമ്മയ്ക്കായിരുന്നു. പശുവിന് വേണ്ട പുല്ല് വയലിൽ നിന്നും വല്ലം നിറച്ച് പറിച്ച് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒരു വല്ലം പുല്ലിന് 50 പൈസയേ വിലയുണ്ടായിരുന്നുള്ളു. കെട്ടിവച്ചിരിയ്ക്കുന്ന പുല്ല് പശുവിന് കൊടുക്കാൻ എടുത്തപ്പോഴാണ് പച്ച പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂടുകൂടുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്, അവധിയ്ക്ക് നാട്ടിലെത്തുന്ന അച്ഛൻ കുശലങ്ങൾ പറഞ്ഞ് അമ്മിണിയെ നന്നായി സ്നേഹിച്ചു. എല്ലാറ്റിനോടും അവൾ നന്നായി പ്രതികരിച്ചു. (തുടരും.)   ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി ചിറക്കര ത്താഴത്ത് താമസമായപ്പോൾ ആദ്യ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ മര്യാദ രാമന്മാരായിരുന്നു. യാതൊരു കുരുത്തക്കേടുകളും ഇല്ല. വല്ല കുരുത്തക്കേടും കാണിച്ച് അച്ഛനമ്മമാരിൽ നിന്നും അടി വാങ്ങുന്നത് അപ്പുറത്തെ കുട്ടികൾ കണ്ടാൽ നാണക്കേടല്ലേ എന്ന ചിന്തയായിരുന്നു ഈ മര്യാദ രാമത്വത്തിന് പിന്നിൽ. അതൊക്കെ കാറ്റിൽ പറന്നത് വളരെ വേഗത്തിലായിരുന്നു. ശ്രീദേവി അപ്പച്ചിയുടെ 'മകൾ ബേബി അപ്പച്ചിയുടെ കൈയ്യിൽ നിന്നും ഞങ്ങൾ കാൺകെ അടി മേടിച്ചപ്പോൾ. അന്ന് വൈകിട്ട് കിളിമരചോട്ടിലെ പൂജയുടെ വട്ടം കൂട്ടുകയായിരുന്നു ശ്രീദേവി അപ്പച്ചി . അതിനിടയിൽ ബേബി എന്തോ കുരുത്തക്കേട് കാണിച്ചതിനാണ് അടി കൊണ്ടത്. ലക്ഷ്മി അച്ഛാമ്മയുടെ അകാലത്തിൽ ചരമമടഞ്ഞ മകളുടെ ശ്രാദ്ധ ദിവസമായിരുന്നു അന്ന്. കിളിമരചോട്ടിലായിരുന്നു അവരെ അടക്കിയിരുന്നത്. അവിടെ ശ്രാദ്ധദിവസം എല്ലാ വർഷവും ലക്ഷ്മി അച്ഛാമ്മ പൂജ നടത്തിയിരുന്നു. അരിയട, അവൽ, കരിക്ക്, ശർക്കര, കൽക്കണ്ടം, തേങ്ങ എന്നിവയുണ്ടായിരുന്നു. പൂജ കഴിയുമ്പോൾ ഇതെല്ലാം എല്ലാവർക്കുമായി വീതിച്ച് നൽകും. ലക്ഷ്മി അച്ഛാമ്മയ്ക്ക് എന്റെ അനുജനോട് അല്പം സ്നേഹം .കൂടുതലായിരുന്നോ എന്നെനിയ്ക്ക് തോന്നീട്ടുണ്ട്. ഇത്രയും പെൺകുട്ടികൾക്കിടയിലെ രണ്ടാൺ തരികളിൽ ഒരാളല്ലേ എന്ന പരിഗണനയാവാം. രണ്ട് വീട്ടിലും കൂടി മൊത്തം 16 കുട്ടികൾ. പതിനാല് പെൺകുട്ടികൾക്ക് തലനിറയെ മുല്ലപ്പൂ ചൂടാനായി മുറ്റത്തിനരികിലെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിളിമരത്തെ ഇപ്പുറത്തെ പറമ്പിലേയ്ക്ക് ചായ്ച്ച് നിർത്തിയിരുന്ന നിത്യ ഹരിതയായ ഒരു മുല്ല . ഈ മുല്ലയുടെ പ്രത്യേകത അരിമുല്ലയേക്കാൾ വല്യ നീണ്ട കുടുമുല്ലയേക്കാൾ നീളം കൂടി വണ്ണം കുറഞ്ഞ പൂക്കളായിരുന്നു. . കുട്ടികളുടെ കൂട്ടത്തിൽ പ്രായോഗിക ബുദ്ധി കൂടിയ കതിയാമ്മചേച്ചി കിളിമരച്ചുവട്ടിൽ ഒരു കമഴ്ത്തിയോട് വച്ച് മഴ നനയാതെ വിളക്ക് കത്തിയ്ക്കാനുള്ള സംവിധാനം കമനീയമാക്കി. ഫെബ്രുവരി പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് മുല്ലപൂക്കുന്ന കാലം. മാർച്ച് പകുതി കഴിയുമ്പോൾ പൂക്കളുടെ അളവ് വളരെ കൂടും. ഉയരങ്ങളിൽ നിൽക്കുന്ന മുല്ലപ്പൂ കേടുപാടില്ലാതെ പറിച്ചെടുക്കാനുമുണ്ട് കതിയാമ്മ ചേച്ചിയുടെ പ്രായോഗിക ബുദ്ധി. ഓലമെടയുന്നവർ ചീകിയിടുന്ന മടൽ പ്പൊളികൾ പുള്ളിക്കാരി സംഘടിപ്പിയ്ക്കും. അതിൽ പച്ച ഈർക്കിൽ വച്ച് കെട്ടി തൈപ്പുണ്ടാക്കും. ആദ്യം പാകമാകുന്നത് മൂന്ന് മുല്ലപ്പൂ മൊട്ടുകൾ ഉള്ള ഒരു ഞെട്ടിലെ നടുക്കു നിൽക്കുന്നത് ആയിരിയ്ക്കും. വളരെ സൂക്ഷ്മതയോടെ പിഞ്ചു മൊട്ടുകൾക്ക് കേട് പാട് പറ്റാതെ പറിച്ചെടുക്കാനും കതിയാമ്മ ചേച്ചിയ്ക്ക് പ്രത്യേക വൈദഗ്ദ്യമുണ്ട്. കൊച്ചു കുട്ടികൾ പിച്ചിയെടുത്ത മുല്ലമൊട്ടുകൾ തിണ്ണയിൽ വച്ചിരിയ്ക്കുന്ന തൂശനിലയിൽ ഇടും. മുല്ലമൊട്ടുകൾ കെട്ടാനുള്ള വാഴവള്ളികൾ നേരത്തേ തന്നെ മുറിച്ചെടുത്ത് ഒരു ബക്കറ്റിലെ വെള്ളത്തിൽ കുതിർക്കാൻ വച്ചിട്ടുണ്ടാകും. അതിൽ നിന്ന് കെട്ടാൻ പാകത്തിലുള്ള നാരുകൾ വേർപെടുത്തി മുതിർന്ന കുട്ടികൾ മുല്ലമൊട്ടുകൾ ചന്തത്തിൽ കെട്ടി വാഴയിലയിൽ പൊതിഞ്ഞ് വീടിന്പുറത്ത് വച്ച് മഞ്ഞ് കൊള്ളിച്ചാൽ രാവിലെ നല്ല മുല്ലപ്പൂ മാല തയ്യാർ. രാവിലെ കതിയാമ്മ ചേച്ചി കത്രിക വച്ച് മാല നിശ്ചിത നീളത്തിൽ മുറിച്ച് നൽകും. കുട്ടികൾ അതും ചൂടിയാകും സ്കൂളിൽ പോവുക. ഒരിക്കൽ ധാരാളം മുല്ലപൂക്കൾ ചൂടി സ്കൂളിൽ പോയ എന്നെ ചില പൂവാലന്മാർ കല്യാണപ്പെണ്ണെന്ന് വിളിച്ച് കളിയാക്കിയിരുന്നു. മുല്ലയുടെ ഉണങ്ങിയ ചെറു ചില്ലകൾ കൊണ്ട് കുട്ടികളുടെ കണ്ണും ദേഹവുമൊക്കെ മുറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അച്ഛന്റെ കരുതലും സ്നേഹവും ഞങ്ങൾ മനസ്സിലാക്കിയ ഒരു സന്ദർഭം അനുജത്തിയുടെ കണ്ണ് ഇതു പോലെ മുറിഞ്ഞ വേളയിലാണ്.   ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി ചാത്തന്നൂരിൽ ബസ്സ് കാത്തു നിൽക്കുമ്പോൾ കൊല്ലം ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സിനെ കണ്ടു. പതിവു പോലെ കുശലാന്വേഷണങ്ങൾ നടത്തി. വിഷയം എങ്ങനെയോ കായംകുളം കെ വി കെ യും ഐസ്റ്റഡും സംയുക്തമായി നടത്തിയ ടെയിനിംഗിൽ എത്തി. പപ്പായയാണ് താരം. പപ്പായയുടെ ഗുണഗണങ്ങളെപ്പറ്റി സിസ്റ്റർ നന്നായി സംസാരിച്ചു. കൂട്ടത്തിൽ സിസ്റ്റർക്ക് ഗവ. ജോലി കിട്ടുന്നതിന് മുമ്പ് ബെൻസിഗർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ പ്രമേഹ ബാധിതർ ഉണങ്ങാ വ്രണവുമായി വന്നാൽ മാഗ്സൾഫും ഗ്ലിസറിനും മുറിവിൽ വച്ചുകെട്ടാൻ ഉപയോഗിക്കുകയേ ഇല്ല. പകരം മാസങ്ങളായി ഉണങ്ങാതെ നിൽക്കുന്ന വ്രണത്തിലേയ്ക്ക് പച്ച പപ്പായയുടെ കറ നീക്കിയിറക്കി വ്രണത്തിൽ വച്ച് കെട്ടും രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ വ്രണത്തിലെ പഴുപ്പ് നിറം മാറി ചുവപ്പുനിറം വച്ച് തുടങ്ങും. പിന്നെ വ്രണമുണങ്ങാൻ അധികം താമസമില്ല. ഇതേ പോലെ കായംകുളം കെ വി കെ യിലെ ജിസി മാഡം ട്രെയിനിംഗിനു വന്ന ഒരു സ്ത്രീയുടെ ഭർത്താവിന്റെ അനുഭവം ഞങ്ങളോട് പങ്ക് വച്ചിരുന്നു. മറ്റു ട്രെയിനേഴ്സ് എല്ലാം ശാന്തമായി ക്ലാസ്സ് കേൾക്കുമ്പോൾ ഒരു സ്ത്രീയ്ക്കുമാത്രം ആകെ അസ്വസ്തത, ട്രെയിനിംഗിൽ പങ്കെടുത്തില്ലെങ്കിലും വേണ്ടില്ല വേഗം വീട്ടിലെത്തിയാൽ മതിയെന്ന ചിന്ത. ആകെ അസ്വസ്തയായിരുന്ന അവരോട് മാഡം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി . വിഷമ ഹേതു ആ സ്ത്രീയുടെ ഭർത്താവിന്റെ കാലിലെ ഉണങ്ങാത്ത പ്രമേഹ വ്രണമാണ്. കാര്യങ്ങൾ കേട്ട ശേഷം മാഡം അവരോട് പറഞ്ഞു. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കി തുടച്ച വ്രണത്തിൽ പച്ച പപ്പായക്കറ ഇറ്റിക്കാൻ. അവർ അതുപോലെ ചെയ്തു. രോഗിയ്ക്ക് നീറ്റൽ സഹിക്കാൻ വയ്യാതായപ്പോൾ മാഡത്തെ വിളിച്ചു. തത്ക്കാലം വേദാനാസംഹാരി കഴിച്ച് കടിച്ച് പിടിച്ച് കിടന്നോളാൻ നിർദ്ദേശിച്ചു. അവർ അനുസരിച്ചു. മൂന്ന് ദിവസം ഇത് ആവർത്തിച്ചു. നാലാം ദിവസം മുതൽ വ്രണത്തിന്റെ കുഴിയിൽ ഉരുക്കു വെളിച്ചെണ്ണ നിറക്കാൻ നിർദ്ദേശിച്ചു . 21 ദിവസം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഉണങ്ങി. പല ചികിത്സ മൂന്ന് മാസത്തിലധികം പരീക്ഷിച്ചിട്ടും ഉണങ്ങാത്ത വ്രണമാണ് കേവലം പപ്പായക്കറ ഉരുക്ക് വെളിച്ചെണ്ണ ചികിത്സയിലൂടെ മൂനാഴ്ച കൊണ്ട് ഉണങ്ങിക്കിട്ടിയത്. അപ്പോഴേയ്ക്കും ഒരു എറണാകുളം ബസ്സെത്തി . ഞങ്ങൾ അതിൽ കയറി യാത്രയായി.   ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഡോ. ഐഷ വി കഴിഞ്ഞ ഒക്ടോബറിൽ കൊല്ലം ജില്ലയിലെ പവിത്രേശ്വരത്ത് ഒരു പപ്പായത്തോട്ടം കാണാനും ഐ സ്റ്റെഡിന്റെ ഓഫീസിൽ പോകുവാനുമായി എന്റെ ബന്ധുക്കളുമായി പോകുമ്പോൾ വളരെ സന്തോഷമായിരുന്നു. മനസ്സ് ഒരു നാൽപത് കൊല്ലം പുറകിലേയ്ക്ക് കുതിച്ചു. അന്ന് അച്ഛനാണ് ആദ്യമായി എനിക്ക് പറഞ്ഞു തരുന്നത് ഔഷധാവശ്യത്തിനായി പപ്പായയിൽ നിന്നും കറയെടുക്കാമെന്നും അമേരിക്ക ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ തോട്ടങ്ങളായി പപ്പായ കൃഷി ചെയ്ത് കറയെടുത്ത് കോളൻ ക്യാൻസറിനെ ചെറുക്കാൻ ഉപയോഗിക്കാറുണ്ടെന്ന്. ഒരു ആറാം ക്ലാസ്സുകാരിക്ക് അതൊരു അത്ഭുതവും കൗതുകവുമായിരുന്നു. കാസർഗോഡ് ഞങ്ങൾ താമസിച്ചിരുന്ന സമയത്തു തന്നെ അച്ഛനമ്മമാർ വീട്ടിൽ പപ്പായ വളർത്തിയിരുന്നു. ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കരയിൽ താമസിച്ചിരുന്നപ്പോഴും ആ പതിവ് തുടർന്നു. എന്നും വീട്ടുവളപ്പിൽ ഒരു പപ്പായയെങ്കിലും കാണും. ചിറക്കര താഴത്തെ വീട്ടിൽ ഞങ്ങൾ താമസത്തിനെത്തിയപ്പോൾ അവിടെ ഒരു വലിയ പപ്പായ മരം ഉണ്ടായിരുന്നു. വലിയ കായ പിടിയ്ക്കുന്ന പഴുത്താൽ അകം മഞ്ഞ നിറമാകുന്നയിനം. ആ പപ്പായയുടെ അകക്കാമ്പ് പഴുക്കുമ്പോൾ വളരെ മൃദുവായിരുന്നു. തൈ പപ്പായകളിൽ എനിക്ക് കൈയ്യെത്താവുന്ന ഉയരത്തിലുള്ള കായകളിൽ (കറയെടുത്ത് മരുന്നിന് ഉപയോഗിക്കാം എന്ന വിവരം കിട്ടിയ ശേഷം ) തൊട്ടു തലോടുകയും പപ്പായയെ സ്നേഹിക്കുകയും ചെയ്യുക എന്റെ പതിവായിരുന്നു. ചിലപ്പോൾ ഞാൻ കായുടെ പുറത്ത് നഖം കൊണ്ട് ഒന്നു വരഞ്ഞ് നോക്കും. ഊറി വരുന്ന കറ ഒരിലക്കുമ്പിളിൽ ശേഖരിക്കും. പക്ഷേ അത് ഉപയോഗിക്കാനറിയാതെ പ്രയോജനമില്ലല്ലോ? 1979-80 കാലഘട്ടത്തിലായിരുന്നു ഈ പരിപാടി. നിത്യവും പപ്പായ കഴിക്കുന്നത് കൊണ്ട് മലബന്ധമോ പോഷകാഹാരക്കുറവോ അമിത വണ്ണമോ അക്കാലത്ത് ഞങ്ങളെ ബാധിച്ചിരുന്നില്ല. നിത്യവും പപ്പായ കഴിക്കുന്നവർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യതയും കുറവാണ്. ഞാൻ എട്ടാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് കുറച്ച് ദിവസം കിഴക്കേ കല്ലട തോപ്പു വിളയിൽ അച്ഛന്റെ ജ്യേഷ്ഠന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ഒരു വലിയ പപ്പായ മരത്തിൽ ഒരു കായ കാക്ക കൊത്തി നിൽക്കുന്നത് കണ്ടു. നല്ല ചുവന്ന ഉൾക്കാമ്പുള്ള പപ്പായയായിരുന്നു അത്. അവിടെ അവർ പപ്പായയ്ക്ക് "ഓമയ്ക്ക" എന്നായിരുന്നു പറഞ്ഞിരുന്നത്. പപ്പായയ്ക്ക് ഓമയ്ക്ക, കപ്പയ്ക്ക, കപ്ലങ്ങ, കറുമൂസ് തുടങ്ങീ പേരുകളുണ്ടെന്ന് വിവിധ സ്ഥലങ്ങളിൽ ജീവിക്കാൻ ഇടവന്നപ്പോൾ ഞാൻ മനസ്സിലാക്കി. ഞാൻ ആദ്യമായിട്ടായിരുന്നു ചുവന്ന ഉൾക്കാമ്പുള്ള പപ്പായ കാണുന്നത്. പപ്പായയിൽ വർണ്ണവൈവിധ്യമുണ്ടെന്നത് എനിക്ക് ആദ്യ അറിവായിരുന്നു. അതിൽ കാക്ക കൊത്താതെ പാകമായി നിന്ന ഒരു കായ ഞാൻ കുത്തിയിട്ടു. അത് ഖണ്ഡിച്ചു തിന്നതു കൂടാതെ അതിന്റെ വിത്തു മുഴുവൻ ശേഖരിച്ചു. ഞാൻ അവിടെ നിന്നും തിരികെ പോന്നപ്പോൾ ആ വിത്തുകളും കൂടെ കൊണ്ടു പോന്നു. അത് ഞങ്ങളുടെ വീട്ടിൽ നട്ടുവളർത്തി. അതിന്റെ നിറവും മധുരവും മൃദുത്വവും എനിക്ക് ഇഷ്ടപ്പെട്ടതിനാൽ അതിന്റെ വംശം നശിച്ചു പോകാതെ ഞാനിന്നും വളർത്തുന്നു. വീട്ടിൽ കോഴിയിറച്ചി വയ്ക്കുന്ന സമയത്ത് ഇറച്ചി മാർദ്ദവമുള്ളതാക്കാൻ പച്ച പപ്പായ കഷണങ്ങൾ കൂടി ചേർക്കാൻ അച്ഛൻ അമ്മയോട് പറയുമായിരുന്നു. അമ്മ അത് അനുസരിക്കുകയും ചെയ്തിട്ടുണ്ട്. ഇറച്ചിയുടെ മൃദുത്വം മാത്രമല്ല പപ്പായയുടെ എല്ലാ ഗുണങ്ങളും ആ കറിയിലുണ്ടാകും. പപ്പായ എട്ടും പത്തും വർഷം തെങ്ങിൻ തടി പോലെ തായ്ത്തടി വണ്ണം വച്ച് നിറയെ കായോട് കൂടി നിന്ന അനുഭവവും വീട്ടിലുണ്ടായിട്ടുണ്ട്. ഞങ്ങൾ ഭൂതക്കുളം സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ പോകുന്ന വഴിയിൽ ചില വീടുകളിൽ ഇളം പച്ചനിറത്തിലും വയലറ്റ് നിറത്തിലും നീളം കൂടിയതുമായ പപ്പായകൾ കണ്ടിട്ടുണ്ട്. പിന്നീട് ഒരു സഹപാഠി എന്നോട് പറഞ്ഞറിഞ്ഞത് സിങ്കപ്പൂരുനിന്നും വിത്ത് കൊണ്ടുവന്ന് ഇട്ടതാണ് അവയെന്നാണ്. അങ്ങനെ ഞാൻ സിങ്കപ്പൂരിലായിരുന്ന കുഞ്ഞമ്മയ്ക്ക് കത്തെഴുതി. കുഞ്ഞമ്മ നാട്ടിൽ വന്നപ്പോൾ എനിക്ക് കുറേ പപ്പായ വിത്തുകൾ കൊണ്ടു തന്നു. ഞാനത് പാകിയെങ്കിലും മുളച്ചില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത് പപ്പായ നന്നായി മുളയ്ക്കാനുള്ള സാധ്യത വിത്തെടുത്ത് ആദ്യ 7 ദിവസത്തിനുള്ളിലാണെന്ന്. പിൽക്കാലത്ത് പഠനം ജോലി വിവാഹം തുടങ്ങിയ കാര്യങ്ങൾ മൂലം വീട്ടിൽ നിന്നും 20 വർഷത്തിലധികം മാറി നിൽക്കേണ്ടി വന്നപ്പോൾ പപ്പായ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. അത് ശരീരത്തിന്റെ സ്ഥൂലതയിലേയ്ക്കും ദുർമേദസിലേയ്ക്കും നയിച്ചു. ഞാൻ കണ്ണൂരിലെ കോളേജിലേയ്ക്ക് 2009 -ൽ പ്രിൻസിപ്പലായി ട്രാൻസ്ഫറായി പോയപ്പോൾ തളിപ്പറമ്പ് തൃച്ഛംബരത്തുള്ള NSS ഹോസ്റ്റലിലായിരുന്നു താമസിച്ചത്. അക്കാലത്ത് കടയിൽ നിന്നും വാങ്ങിയ ഒരു പപ്പായയുടെ സ്വഭാവം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വിത്തുകൾ കുറവ് നല്ല ദൃഡത ദീർഘനാൾ കേടാകാതെയിരിക്കുക. മധുരം ഞങ്ങളുടെ വീട്ടിലുള്ളവയെക്കാൾ കുറവ് . ആകെ മൂന്ന് വിത്താണ് എനിക്ക് കിട്ടിയത്. ഞാൻ അത് കൊല്ലത്തു കൊണ്ടുവന്ന് പാകി കിളിർപ്പിച്ചു. ഒരെണ്ണം പിടിച്ചു കിട്ടി. 8 വർഷത്തോളം അത് കായ്ഫലം തന്നു. കായുടെ ഞെട്ടിന് മറ്റ് പപ്പായകളെ അപേക്ഷിച്ച് നീളം കൂടുതലായിരുന്നു. കച്ചവടക്കാർക്ക് പ്രിയം കൂടിയ ഷെൽഫ് വാല്യു കൂടിയ റെഡ് ലേഡി എന്നയിനമാണ് അതെന്ന് എനിക്ക് മനസ്സിലായി. കണ്ണൂർ ജില്ലാ കൃഷിത്തോട്ടത്തിൽ നിന്നും വളരെ മൃദുവും മഞ്ഞനിറവും മധുരവുമുള്ള പൊക്കം കുറഞ്ഞയിനം പപ്പായയുടെ വിത്തുകൾ എനിക്ക് ലഭിച്ചു. കാർത്തികപള്ളിയിലേയ്ക്ക് 2014 -ൽ സ്ഥലം മാറി വന്നപ്പോൾ ഞങ്ങളുടെ കോളേജിലെ ജയരാജ് വീയപുരം ഫാമിൽ നിന്നും ഏതാനും പപ്പായ തൈകൾ എനിക്ക് വാങ്ങി തന്നു. കാഴ്ചയിലും ഉൾക്കാമ്പിന്റെ കട്ടിയിലും റെഡ് ലേഡി പോലെ തോന്നിക്കുമെങ്കിലും മഞ്ഞ നിറമുള്ള കാമ്പായിരുന്നു അവയ്ക്ക്. ഒരു പക്ഷേ റെഡ് ലേഡിയിൽ പരപരാഗണം നടന്ന് അങ്ങനെയായതാവാം. അങ്ങനെ കായയുടെ നീളം വണ്ണം ആകൃതി മരത്തിന്റെ പ്രകൃതി മാധുര്യത്തിലെ വ്യത്യസ്തത നിറത്തിലെ വ്യത്യാസം പൊക്കം കുറഞ്ഞ സിന്റ F1 തുടങ്ങിയവയുമായി എന്റെ വീട്ടിലിപ്പോൾ എട്ടിലധികം പപ്പായയിലെ ജൈവ വൈവിധ്യമുണ്ട്. ചാണകം നന്നായി കൊടുക്കുമ്പോൾ അവ തഴച്ച് വളർന്ന് നല്ല കായ്ഫലം തരുന്നു. 2019 ഒക്ടോബറിൽ ഞാൻ ISTED ഡയറക്ടർ ഗോപാലകൃഷ്ണൻ സാറിനെ വിളിച്ചു. പപ്പയിൻ എടുക്കാനായി പപ്പായത്തോട്ടം നിർമ്മിക്കുന്നതിനെ കുറിച്ച് ചോദിക്കാനാണ് വിളിച്ചത്. അദ്ദേഹം കൊല്ലം ജില്ലാ കോ ഓർഡിനേറ്ററായ ഓമന കുട്ടൻ സാറിന്റെ ഫോൺ നമ്പർ തന്നു. 1000 തൈയ്യിലധികം നട്ടെങ്കിൽ മാത്രമെ പപ്പയിൻ എടുക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് പറഞ്ഞു. ചോലയില്ലാത്ത സ്ഥമായിരിക്കണം. ഒരു സെന്റിൽ പത്ത് തൈകൾ നടാം. കുറഞ്ഞത് ഒരേക്കർ സ്ഥലത്ത് കൃഷിയുണ്ടെങ്കിലേ 1000 തൈകൾ നടാൻ പറ്റുകയുള്ളൂ. അങ്ങനെ ഞങ്ങൾ 3 പേർ ( ഞാൻ, അമ്മയുടെ ചേച്ചിയുടെ മകൾ അനിത( സത്യവതി), കുഞ്ഞമ്മയുടെ മരുമകൾ അരുണ, ) ചേർന്ന് 1000 തൈകൾ നടാൻ തീരുമാനിച്ചു. അങ്ങനെയാണ് കുഞ്ഞമ്മയുടെ മകന്റെ കാറിൽ ഞങ്ങൾ പവിത്രേശ്വരത്തേയ്ക്ക് തിരിച്ചത്. അവിടെ വഴിക്ക് വച്ച് ഓമന കുട്ടൻ സാറും അവിടെ സൊസൈറ്റി രൂപീകരിച്ച് പപ്പായ കൃഷിക്ക് നേതൃത്വം നൽകിയ മോഹനൻ സാറും ഞങ്ങളെ കാത്ത് നിൽപുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്ന് മാസം പ്രായമായ കായ്കൾ പിടിച്ചു തുടങ്ങിയ തൈകളുള്ള കല്ലടയാറിന്റെ തീരത്തുള്ള ഒരു പപ്പായത്തോട്ടത്തിലേയ്ക്ക് ആനയിച്ചു. ജലസേചനം നിർബന്ധമായതിനാൽ അതിന് സൗകര്യമുള്ള കുളങ്ങളും ആ തോട്ടത്തിലുണ്ട്. വരിയായും നിരയായും പൂക്കളും കുഞ്ഞു കായ്കളുമായി വളർന്നു വരുന്ന പപ്പായത്തോട്ടം. മൊസൈക്ക് വൈറസ് രോഗം വേഗം പപ്പായയെ ബാധിക്കും എന്നതിനാൽ മരച്ചനീ( കപ്പ) പപ്പായത്തോട്ടത്തിൽ ഇടവിളയായി നടാൻ പാടില്ല. തോട്ടം നടന്നു കാണുന്നതിനിടയിൽ മോഹനൻ സാർ പറഞ്ഞു. പപ്പായയ്ക്ക് തെങ്ങാണ് ഏറ്റവും നല്ല ഇടവിള. തമിഴ് നാട്ടിൽ 20 വർഷത്തിലധികമായി പപ്പയിൻ ഉത്പാദിപ്പിക്കാനായി പപ്പായ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ ഉണ്ടത്രേ. അവർ കറയുല്പാദനവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും ലാഭകരമായി ചെയ്യുന്നു. ഇതൊക്കെ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് അച്ഛൻ എന്റെ മനസ്സിൽ വിതച്ച ചിന്തയ്ക്ക് ചിറകു വച്ചു തുടങ്ങി. ഐസ്റ്റെസിന്റെ ഓഫീസിലേയ്ക്ക് പോകുന്ന വഴി മോഹനൻ സാറിന്റെ വീട്ടിലും കയറി. തിണ്ണ നിറയെ പപ്പായ തൈകൾ നിരന്നിരിക്കുന്നു. തായ് ലാന്റിൽ നിന്നും വാങ്ങിയ വിത്ത് പാകി മുളപ്പിച്ച തൈകളാണ്. അവിടെ നിന്നും ഞങ്ങൾ മോഹനൻ സാറിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ സ്റ്റെഡ് ഓഫീസിലെത്തി. ഫോം പൂരിപ്പിച്ച് തൈകളുടെ വിലയും ഏൽപ്പിച്ചു. കോയമ്പത്തൂരിലെ സിന്റാൾ കമ്പനിയിലേയ്ക്കാണ് കറ അയയ്ക്കേണ്ടത്. കറ കേടാകാതിരിക്കാനായി പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ് ചേർക്കണം. പവിത്രേശ്വരത്ത് നൂറിലധികം കർഷകർ സൊസൈറ്റി രൂപീകരിച്ച ശേഷമാണ് കൃഷി തുടങ്ങിയത്. 2018 ലെ വെള്ളപൊക്കത്തിൽ പലരുടേയും കൃഷി നശിച്ചു. അവർ പിൻ വാങ്ങി. കുറച്ചുപേർ പ്രതീക്ഷയോടെ മുന്നേറുന്നു. അവർക്കൊരു ബിഗ് സല്യൂട്ട് ഞാൻ മനസ്സിൽ കൊടുത്തു. അവിടെ അടുത്തുള്ള കടയിൽ നിന്നും മോഹനൻ സാർ ചായയും കടിയും വാങ്ങി തന്നു. ചായ കുടി കഴിഞ്ഞ് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. മൂന്നാല് ദിവസത്തിനുള്ളിൽ മോഹനൻ സാറിന്റെ വാഹനത്തിൽ തൈകൾ 1200 എണ്ണം ഞങ്ങളുടെ പറമ്പുകളിൽ എത്തി. തൈകൾ കണ്ടപ്പോൾ അപ്പി മാമനും( രവി) ഓമയ്ക്കാത്തോട്ടമുണ്ടാക്കാൻ ഒരു മോഹം. അങ്ങനെ അപ്പി മാമന്റെ 200 തൈകളും വൈകാതെയെത്തി. 1.5 -2 മീറ്റർ അകലം പാലിച്ച് തൈകൾ നടണം. നട്ടു. വേനലിൽ നനച്ചു. മഴയിൽ പൂത്തു കായ്ച്ചു. കൊറോണയും മൊസൈക് രോഗവും പ്രതീക്ഷകൾ തകിടം മറിച്ചു. വേണ്ട പരിഹാരങ്ങൾ എല്ലാം ചെയ്ത് മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോൾ അങ്ങനെയാണ്. Man proposes God's disposes എന്നാണല്ലോ? ഇതിനിടയിൽ ഐ സ്റ്റെഡ് 2 കെയിനിംഗുകൾ കർഷകർക്കായി കായംകുളം കെ വി കെ യിൽ നടത്തി. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായുള്ള എക്സിബിഷനുകളും ഐ സ്റ്റഡിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കുറച്ചുപേർ വ്യവസായം തുടങ്ങി. കായംകുളത്ത്‌ നടന്ന ട്രെയിനിംഗുകൾ സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ജീസി മാഡത്തിന്റെ നേതൃത്വത്തിലായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ക്ലാസുകളിൽ പങ്കെടുത്തു. എക്സ്പോർട്ട് ലൈസൻസുകൾ ഉള്ളവർ വരെയുണ്ട്. പപ്പായ കൊണ്ട് ടൂട്ടി ഫ്രൂട്ടി ഹൽവ സോപ്പ് ഫേസ്പാക്ക് തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു. തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. [caption id="attachment_242472" align="alignleft" width="850"] ഇഡി ക്ലബ് വിദ്യാർത്ഥികൾ പായ്ക്ക് ചെയ്ത എണ്ണയ്‌ക്കൊപ്പം[/caption] ക്ലാസ്സിനിടയിൽ ഇന്ന് മാർക്കറ്റിൽ ലഭ്യമായ ബേബി ഓയിലുകളെ കുറിച്ച് ജീസി മാഡം സൂചിപ്പിച്ചു. മിനറൽ ഓയിൽ ചേർന്നവ കുഞ്ഞുങ്ങളുടെ കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ലത്രേ. "പുകവലി ആരോഗ്യത്തിന് ഹാനികരം" എന്ന് ചെറിയ അക്ഷരത്തിൽ വല്യ വിപത്തിനെ പറ്റിയുള്ള കാര്യം ഒളിപ്പിച്ചു വച്ചിരിക്കുന്നതുപോലെ തന്നെയാണ് ബേബി ഓയിലിന്റെ കാര്യവും . അതിനാൽ നിങ്ങൾ ബേബി ഓയിലിന് പകരം മറ്റൊരു ഉത്പന്നത്തെ കുറിച്ച് ചിന്തിയ്ക്കണമെന്ന് മാഡം സൂചിപ്പിച്ചത് എന്റെ മനസ്സിൽ കിടന്നു. അങ്ങനെ ഞാൻ ഒരു പപ്പായ - വി സി ഒ ഹോട്ട് പ്രോസസിലൂടെ രൂപപ്പെടുത്തി. ഇത് ഭക്ഷ്യയോഗ്യമായ ചർമ്മ സംരക്ഷണ എണ്ണയാണ്. ശരീരത്തിനകത്തും പുറത്തും ഉപയോഗിക്കാം. ലാക്റ്റസ്സ് അലർജിയുള്ളവർക്കും ഫലപ്രദം. ഞാൻ ഈ എണ്ണ ഒരു വിർട്ടി ലിഗോ പേഷ്യന്റിന് പരീക്ഷിക്കാനായി നൽകി. സാധാരണ ഗതിയിൽ ബീറ്റാ കരോട്ടിൻ ചേർന്നവ വിർട്ടി ലിഗോക്കാർക്ക് ഫലപ്രദമല്ലാത്തതാണ്. എന്നാൽ ഇത് വളരെ ഫലപ്രദമായി തോന്നി-ജീസി മാഡത്തിന് മഞ്ഞ നിറത്തിലുള്ള പപ്പായയിൽ തയ്യാറാക്കിയ എണ്ണയുടെ ഫോട്ടോ അയച്ചു കൊടുത്തപ്പോൾ മാഡം റെഡ് ലേഡി ചേർത്ത് തയ്യാറാക്കാൻ പറഞ്ഞു. അതിന്റെ ഫോട്ടോയിട്ടപ്പോൾ വന്നു മാഡത്തിന്റെ മറുപടി. Both are beautiful. This is an innovation . അങ്ങനെയാണ് പേറ്റന്റിന് അപേക്ഷിച്ചത്. കൂടാതെ തിരുവനന്തപുരത്തു നടന്ന Exhibition -ൽ എന്റെ കോളേജിലെ വിദ്യാർത്ഥികൾ ഈ എണ്ണ ഗ്ലാസ് ബോട്ടിലുകളാക്കി നല്ല ലേബലോടെ മാർക്കറ്റ് ചെയ്യാൻ ഒരു ശ്രമം നടത്തി. ഒരു ഫലമെന്നതിലുപരി ധാരാളം ഉപയോഗങ്ങൾ പപ്പായ വഴിയുണ്ട്. മുട്ട കോഴികൾക്ക് നെയ്യ് വയ്ക്കാതിരിക്കാനും നല്ലൊരു കാലിത്തീറ്റയായും പപ്പായ ഉപയോഗിക്കാവുന്നതാണ്.        ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.      
ഡോ. ഐഷ വി എന്റെ അച്ഛാമ്മയെ കുറിച്ച് കുറച്ചൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ അച്ഛന്റെ അച്ഛനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാകുമല്ലോ? അതിനാൽ അച്ഛന്റെ അച്ഛനെ കുറിച്ചാണ് ഞാൻ പിറ്റേ ദിവസം അച്ഛനോട് ചോദിച്ചത്. അച്ഛാച്ചന്റെ പേര് കറുമ്പൻ എന്നാണെന്നും പേര് പോലെ കരിം കറുപ്പ് നിറമായിരുന്നു അച്ഛന്റെ അച്ഛനെന്ന് അച്ഛൻ എനിയ്ക്ക് പറഞ്ഞു തന്നു. കാവനാട്ട് കുടുംബാംഗമായിരുന്ന അച്ഛാച്ഛന്റെ അച്ഛനമ്മമാർ താമസിച്ചിരുന്നത് കൊല്ലം കിളികൊല്ലൂരിലായിരുന്നു. അച്ഛാച്ഛന്റെ അച്ഛന്റെ പേര് മാതേവൻ (മഹാദേവൻ ലോപിച്ചത്) എന്നായിരുന്നു. അച്ഛാച്ചന്റെ അമ്മ 113 വയസ്സു വരെ ജീവിച്ചിരുന്ന പൂർണ്ണ ആരോഗ്യവതിയായ സ്ത്രീയാണെന്നാണ് അച്ഛൻ പറഞ്ഞത്. അവരുടെ പേര് ഞാൻ ചോദിച്ചപ്പോൾ അച്ഛന് അറിയില്ലായിരുന്നു. അച്ഛാച്ഛന്റെ മറ്റ് മക്കളോടെല്ലാം ഞാൻ അന്വേഷിച്ചെങ്കിലും അവർക്കാർക്കും ആ പൂർവികയുടെ പേര് അറിയില്ലായിരുന്നു. കൊച്ചു മക്കൾക്ക് അവരുടെ അച്ഛാമ്മയുടെ പേര് അറിയാ ത്തതിൽ എനിയ്ക്ക് അതിശയം തോന്നി. ഒരു സ്ത്രീയായതു കൊണ്ടാണോ ആരും അവരുടെ പേര് ഓർത്ത് വയ്ക്കാഞ്ഞതെന്ന് ഞാൻ ചിന്തിച്ചു. ഒരനാഥ ബാലനെ കൂടി എടുത്ത് വളർത്തിയ അവർക്ക് എന്റെ മനസ്സിൽ ഒരു മഹതിയുടെ സ്ഥാനമായിരുന്നു. അവർക്ക് ആകെ രണ്ട് മക്കളായിരുന്നു. ഒരു മകളും ഒരു മകനും (എന്റെ അച്ഛാച്ഛൻ). അച്ഛാച്ഛന്റെ പെങ്ങളുടെ ഭർത്താവ് തിരുവിതാം കൂറിലെ പേഷ്കാർ ആയിരുന്നു. ഇന്നത്തെ ജില്ലാ കളക്ടറുടെ സ്ഥാനം. അച്ഛാച്ഛന്റെ പെങ്ങൾക്ക് ശങ്കരൻ എന്ന ഒരു മകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീമാൻ ശങ്കരനും ഭാര്യയ്ക്കും കുട്ടികൾ ഇല്ലായിരുന്നു. എന്റെ വിവാഹത്തിന് അവർ സന്നിഹിതരായിരുന്നു. എന്റെ അച്ഛാച്ചന്റെ വിദ്യാഭ്യാസം വാരണപ്പള്ളി ഗുരുകുലത്തിലായിരുന്നു. അന്നൊക്കെ ഗുരു കുല വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു തിരുവിതാം കൂറിൽ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിൽ വിദ്യനേടാൻ അവസരം ലഭിച്ചവർ തുലോം തുച്ഛം. കുഞ്ഞായിരുന്ന കറുമ്പന് സഹായത്തിനായി "ചാത്തിനൻ"എന്ന പരിചാരകനെ കൂടി അച്ഛാച്ചന്റെ അച്ഛനമ്മമാർ ഗുരുകുലത്തിൽ താമസിപ്പിച്ചിരുന്നു. ചാത്തിനൻ കുട്ടിയെ നന്നായി നോക്കി. ചാത്തിനനെ ഞാനിവിടെ അനുസ്മരിച്ചില്ലെങ്കിൽ ഒരു പക്ഷേ മറ്റാരും തന്നെ ചാത്തിനന്റെ പേരുപോലും സൂചിപ്പിച്ചില്ലെന്നിരിയ്ക്കും. ഉയരങ്ങളിലെത്തിയ പലരുടേയും പേര് നാലാൾ അറിയുമ്പോഴും അവർക്ക് ഒരു കൈ സഹായം ചെയ്തവരുടെ പേര് ആരും തന്നെ അനുസ്മരിച്ചില്ലെന്നിരിയ്ക്കും. വാരണപ്പള്ളി ഗുരുകുലത്തിൽ അച്ഛാച്ചന്റെ സഹപാഠിയായിരുന്നു ശ്രീ നാരായണ ഗുരു. ശ്രീ ആറാട്ടുപുഴ വേലായുധന്റെ പുത്രനായ ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരും അച്ഛാച്ഛന്റെ സഹപാഠിയായിരുന്നു. ആന സ്ഥാനത്ത് കുഞ്ഞു പണിയ്ക്കരുടെ മകളെ അച്ഛാച്ഛന്റെ മൂത്ത മകൻ പിൽക്കാലത്ത് വിവാഹം കഴിച്ചു. പഠനമൊക്കെ കഴിഞ്ഞ് പ്രായപൂർത്തിയായപ്പോൾ അച്ഛാച്ഛൻ കൃഷിയാണ് ജീവിത മാർഗ്ഗമായി തിരഞ്ഞെടുത്തത്. അക്കാലത്ത് കൃഷിയിൽ മികവ് പുലർത്തുന്നവർക്ക് തിരുവിതാംകൂർ മഹാരാജാവ് കല്പിച്ചു നൽകുന്ന സ്ഥാനപ്പേരായിരുന്നു "ചാന്നാർ" എന്നത്. അങ്ങിനെ കറുമ്പൻ , " കറുമ്പൻ ചാന്നാർ" ആയിത്തീർന്നു. കിളികൊല്ലൂർ , അഞ്ചൽ, കിഴക്കനേല, കിഴക്കേ കല്ലട തുടങ്ങിയ സ്ഥലങ്ങളിൽ സ്വത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം കിഴക്കേ കല്ലട സ്ഥിര വാസസ്ഥലമായി തിരഞ്ഞെടുത്തു. കാവുങ്ങൽ കുടുംബാംഗമായ കൊച്ചു കുഞ്ചേക്കിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ . ആദ്യ ഭാര്യയുടെ മരണശേഷം എന്റെ അച്ഛാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. സംസ്കൃതത്തിൽ അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം മക്കളെ കൊണ്ട് പല പുരാണ ഗ്രന്ഥങ്ങളും വായിപ്പിയ്ക്കുകയും അവ വ്യാഖ്യാനിച്ച് കൊടുക്കുകയും ചെയ്തിരുന്നു. പരാശ്രയ ജീവി ആകാതെ സ്വാശ്രയ ശീലം മക്കളിൽ വളർത്തിയെടുക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വയാർജ്ജിത സ്വത്തിൽ നിന്നും അല്പമെങ്കിലും മിച്ചം വയ്ക്കാൻ അറിയുന്നവനാണ് ധനവാൻ എന്നാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. അതുപോലെ കഴിയുന്നതും കടം വാങ്ങാതിരിയ്ക്കുക. കടം വാങ്ങുന്നെങ്കിൽ അത് എന്ന് തിരിച്ച് കൊടുക്കാൻ പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാവൂ എന്നും വാങ്ങുന്ന കടം കൃത്യമായി തിരിച്ചു കൊടുക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. തോപ്പു വിളയിൽ തറവാട്ടിലെ മറ്റു തായ് വഴികളിൽ പെട്ട പെങ്ങന്മാരുടെ മക്കൾക്കു കൂടി ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു. അനന്തിരവന്മാരെ അദ്ദേഹം ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേയ്ക്ക് അയച്ചിരുന്നു. അന്ന് കേരള സർവകലാശാല പിറവിയെടുത്തിട്ടില്ലാത്ത കാലമാണ്. തിരുവിതാം കൂറിൽ മരുമക്കത്തായ സമ്പ്രദായം മാറ്റി മക്കത്തായ സമ്പ്രദായമാക്കിയപ്പോൾ സ്വാഭാവികമായും സ്വത്തുക്കൾ എല്ലാം മക്കൾക്ക് വന്ന് ചേരേണ്ടതാണ്. എന്നാൽ ധർമ്മിഷ്ഠനായ അദ്ദേഹം സ്വത്ത് ഭാഗം ചെയ്തപ്പോൾ ഒരു പകുതി സ്വത്ത് പല തായ് വഴികളിൽപ്പെട്ട മരുമക്കൾക്കും ഒരു പകുതി മക്കൾക്കും കൊടുത്തു. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനോ പുരുഷനൊപ്പം സ്ത്രീയെ പരിഗണിയ്ക്കുന്നതിനോ അദ്ദേഹം അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് എന്റെ നിരീക്ഷണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീയ്ക്ക് അർഹമായ പരിഗണ നൽകാതിരുന്നതിൽ എനിയ്ക്കദ്ദേഹത്തോട് നീരസവും തോന്നിയിട്ടുണ്ട്. അച്ഛാച്ഛൻ ഇരട്ട കുട്ടികൾക്ക് പേരിടാനായി തന്റെ സഹപാഠിയായിരുന്ന ശ്രീ നാരായണ ഗുരുവിന്റെ അടുത്ത് ( വർക്കല) കൊണ്ടുപോയി. ഇരട്ടകൾ ആയിരുന്നെങ്കിലും ഒരാൾക്ക് മുഖത്തല്പം കറുപ്പ് കൂടുതലും മറ്റേയാൾക്ക് വെളുപ്പ് കൂടുതലുമായിരുന്നു. രണ്ടു കുട്ടികളേയും നന്നായി നിരീക്ഷിച്ച ഗുരു " കാർത്ത്യായനീ ഗൗരീ കാളീ ഹൈമവതീശ്വരീ ..." എന്ന ശ്ലോകം ചൊല്ലി. അയനം കറുത്ത കുട്ടിയ്ക്ക് കാർത്ത്യായനി എന്നും ഗൗരം(വെളുപ്പ്) കൂടിയ കുട്ടിയ്ക്ക് ഗൗരി എന്നും പേരിട്ടു. രണ്ടും പാർവതീ ദേവിയുടെ പര്യായങ്ങൾ. ഇതിൽ കാർത്ത്യായനി അപ്പച്ചിയുടെ കൊച്ചു മകളെയാണ് എന്റെ അനുജൻ വിവാഹം ചെയ്തത്. കാര്യങ്ങൾ ചെയ്യാനും ചെയ്യിക്കാനും അച്ഛാച്ഛൻ മികവ് പുലർത്തിയിരുന്നു. കാരണവരായിരുന്ന് ഭരിക്കുക മാത്രമല്ല കൃഷിയിടത്തിലേയ്ക്കിറങ്ങി പണി ചെയ്യുകയും അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. അദ്ദേഹത്തിന്റെ കാൽ പാദങ്ങളിൽ തള്ള വിരലുകൾക്ക് താഴെയായി എല്ലുകൾ തള്ളി നിന്നിരുന്നു. അദ്ദേഹത്തിന്റെ മക്കളുടേയും കൊച്ചുമക്കളുടേയും കാര്യമെടുത്താൽ എന്റെ കാൽ പാദങ്ങളിൽ രണ്ടിലും അതുപോലെ എല്ലു തള്ളി നിൽക്കുന്നത് കിട്ടിയിട്ടുള്ളൂ എന്ന് കുടുംബാംഗങ്ങൾ പലരും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു പാദത്തിൽ മാത്രമേ ഈ പ്രത്യേകത ലഭിച്ചിട്ടുള്ളൂ. എന്റെ അച്ഛൻ വിശാലമായ കൃഷിയിടത്തിൽ അച്ഛാച്ഛൻ എവിടെയാണ് നിൽക്കുന്നത് എന്നറിയാൻ ഇളകിയ മണ്ണിൽ പതിഞ്ഞ കാൽപാദം നോക്കി പോകുമായിരുന്നത്രേ. ജനറ്റിക്സ് പഠിച്ചപ്പോൾ എനിയ്ക്ക് തോന്നിയിട്ടുണ്ട് എന്റെ കാലിന്റെ പ്രത്യേകത ഒരു റിസിസീവ് ജീനിന്റേതാണെന്ന് . അതുപോലെ അച്ഛാച്ഛന്റെ കരിം കറുപ്പ് നിറവും റിസിസീവ് ജീനാണെന്ന് . കാരണം മക്കളും കൊച്ചുമക്കളുമെടുത്താൽ ദാമോദരൻ വല്യച്ഛന്റെ മകനായ കൊച്ചു കറുമ്പൻ എന്നു വിളിച്ചിരുന്ന ലാൽ സുരേഷിന് മാത്രമാണ് അച്ഛാച്ചനോടടുത്ത നിറം ലഭിച്ചിട്ടുള്ളത്. ലാൽ സുരേഷിനെ കാണുമ്പോൾ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ അച്ഛാച്ഛനെ ഞാൻ സങ്കല്പിച്ചിരുന്നു. ആ കുടുംബത്തിലെ മറ്റൊരു പ്രത്യേകത പിതാവിൽ നിന്നും പുത്രനിലേയ്ക്ക് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഹൈപ്പർ ട്രൈക്കോസിസ്( ചെവികളിൽ എഴുന്ന്_ നിൽക്കുന്ന രോമങ്ങൾ") എന്ന .ജനിതക സ്വഭാവമായിരുന്നു. ഇതൊക്കെ നിരീക്ഷിയ്ക്കുക എന്റെ പതിവായിരുന്നു. അച്ഛാച്ഛന്റെ കൃഷി രീതികൾ ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു. കൃഷി മാറ്റം അദ്ദേഹം കൃത്യമായി ചെയ്തിരുന്നു. വാഴ നട്ടിടത്ത് അടുത്ത തവണ വാഴയെല്ലാം പിഴുതിട്ട് ചേനയേ നടുകയുള്ളൂ . ചേന നട്ടിടത്ത് വിള മാറ്റം ചെയ്യുമ്പോൾ വാഴ നടും. അതിനാൽ ഒരു സസ്യം വലിച്ചെടുക്കാത്ത പോഷകങ്ങൾ മറ്റ് സസ്യത്തിന് വലിച്ചെടുക്കാനാകും. കിഴക്കേ കല്ലടയിലെ 18 ഏക്കർ വരുന്ന പറമ്പിന്റെ അതിരുകളിൽ അദ്ദേഹം മുരിങ്ങ നട്ടു. മൂന്ന് കാളവണ്ടി നിറയെ മുരിങ്ങയ്ക്ക ഓരോ വിളവെടുപ്പിലും ചന്തയിലെത്തിയ്ക്കാൻ കഴിഞ്ഞിരുന്നു എന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നടീൽ വസ്തുക്കളുടെ എണ്ണം കൂട്ടാൻ അദ്ദേഹം കാച്ചിൽ മുറിച്ച് നട്ടിരുന്നത്രേ. കാച്ചിലിന്റെ ചെത്തിയെടുത്ത തോലിൽ നിന്നും ധാരാളം തൈകൾ ഉത്പാദിപ്പിയ്ക്കാൻ എനിയ്ക്കും കഴിഞ്ഞിട്ടുണ്ട്. ബുൾബുൾ അധികം പിടിയ്ക്കാത്ത വർഷങ്ങളിൽ ഈ രീതി പ്രായോഗികമാണ്. അദ്ദേഹത്തിന് കൃഷിയോടുണ്ടായിരുന്നതു പോലുള്ള ആത്മ ബന്ധം എനിക്കും പിന്നെ ഗൗരി അപ്പച്ചിയുടെ മകൻ ശങ്കരനണ്ണനുമാണ് കിട്ടിയിട്ടുള്ളത്. പറമ്പിലെ കൃഷി കൂടാതെ നെൽകൃഷിയും അദ്ദേഹം ചെയ്തിരുന്നു. കൊയ്ത്ത് കാലം കഴിയുമ്പോൾ ഉമിത്തീയ്യിൽ കോഴിമുട്ട വേവിച്ച് തിന്നുന്ന രീതി എന്റെ അച്ഛൻ കുട്ടിക്കാലത്ത് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. വൈക്കോലിനിടയിലും പശുവിന്റെ പുൽകൂട്ടിലും മറ്റും കോഴികൾ മുട്ടയിട്ട് വയ്ക്കും. ഇത് വീട്ടിലെ സ്ത്രീ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാറില്ല. കുട്ടികൾ മുട്ടയെടുത്ത് അതിന്റെ പുറത്ത് ചാണകം പൊതിഞ്ഞ ശേഷം ഉമിത്തീയിൽ ഇട്ട് ചുടും. പിന്നീട് തീയിൽ നിന്നെടുക്കുമ്പോൾ മുട്ട പുഴുങ്ങിയ പാകത്തിന് ലഭിക്കുമത്രേ. മുട്ടയിൽ പൊതിഞ്ഞ ചാണകം ഭസ്മമാകുകയും ചെയ്യും. അഗ്നിയ്ക്ക് വിശുദ്ധീകരിക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ? ഒരായുഷ്കാലത്തേയ്ക്ക് വേണ്ട നന്മകൾ മക്കൾക്കും അനന്തരവർക്കും പകർന്നു നൽകിയ ശേഷമാണ് വെറും 69 വർഷക്കാലത്തെ ഭൗമ ജീവിതം കഴിഞ്ഞ് അദ്ദേഹം പോയത്. അപ്പോൾ എന്റെ അച്ഛന് 13 വയസ്സ്.        ഡോ.ഐഷ . വി. പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.     വര : അനുജ സജീവ്
RECENT POSTS
Copyright © . All rights reserved