police
മോഷ്ടാക്കളാണെന്നു കരുതി പോലീസ് പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ദമ്പതികള്‍ നിരപരാധികളെന്ന് സ്ഥിരീകരണം. ഞായറാഴ്ച വെസ്റ്റ് ലണ്ടനിലെ ഈസ്റ്റ് ആക്ടണില്‍ എ 40 പാതയിലുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. പാട്രിക് മക്‌ഡോണാ (19), ഭാര്യ ഷോണ (18) എന്നിവരാണ് അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന ഷോണ വാലന്റൈന്‍സ് ദിനത്തില്‍ കുഞ്ഞിന് ജന്മം നല്‍കാനിരുന്നതാണ്. പിറക്കാനിരുന്ന പെണ്‍കുഞ്ഞിന് സിയെന്ന മാരി എന്ന പേരു പോലും ഇവര്‍ കണ്ടുവെച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. അടുത്തിടെയാണ് ഇവര്‍ വിവാഹിതരായത്. പോലീസ് അതിവേഗത്തില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് റോഡില്‍ തെറ്റായ ദിശയിലേക്ക് കയറിയ ഇവരുടെ റെനോ മെഗാന്‍ കാര്‍ ഒരു കോച്ചുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് 11 മൈല്‍ അകലെ ഹാരോയ്ക്ക് സമീപം പിന്നറില്‍ നാലംഗ അക്രമി സംഘം മൂന്നു പേരെ ഹണ്ടിംഗ് നൈഫും സ്‌ക്രൂഡ്രൈവറും കാട്ടി ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്ന സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സംഘത്തിന്റെ പത്തു പോലീസ് കാറുകളും ഒരു ഹെലികോപ്ടറുമാണ് ദമ്പതികളെ പിന്തുടര്‍ന്നത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പോലീസ് ഇവരെ അതിവേഗത്തില്‍ പിന്തുടര്‍ന്നതെന്നാണ് വിശദീകരണം. പാട്രിക്കും ഷോണയും കാറിലുണ്ടായിരുന്ന പേരുവിവരങ്ങള്‍ ലഭ്യമല്ലാത്ത മറ്റൊരാളും കൊള്ള നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് മെട്രോപോളിറ്റന്‍ പോലീസ് നടത്തിയ ക്രാഷ് ഇന്‍വെസ്റ്റിഗേഷനില്‍ വ്യക്തമായി. ഇതിന്റെ റിപ്പോര്‍ട്ട് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ടില്‍ സമര്‍പ്പിച്ചു. ദമ്പതികള്‍ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസ് വാഹനങ്ങള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന റെനോ കാറിനെ പത്തു മിനിറ്റോളം പിന്തുടര്‍ന്നുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് പ്രസ്താവനയില്‍ അറിയിച്ചു. പക്ഷേ അതിനു ശേഷം പോലീസ് ഉദ്യമം ഉപേക്ഷിച്ചുവെന്നും നാഷണല്‍ പോലീസ് എയര്‍ സര്‍വീസ് ഹെലികോപ്ടര്‍ കാറിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. കാറിലുണ്ടായിരുന്നവര്‍ക്ക് കൊള്ളയടിയില്‍ യാതൊരു പങ്കുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായ സ്ഥിതിക്ക് പോലീസ് നടപടിയില്‍ അന്വേഷണമുണ്ടാകുമെന്നും ഐഒപിസി അറിയിച്ചു. കാറിലുണ്ടായിരുന്ന മൂന്നാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഈ കോഴ്‌സുകളില്‍ ചേരുന്നവരുടെ എണ്ണം മൂന്നിരട്ടിയായിട്ടുണ്ട്. ഇത് പോലീസിന് ഒരു വരുമാന മാര്‍ഗ്ഗം കൂടിയായി മാറിയിട്ടുണ്ടെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കോഴ്‌സുകളിലൂടെ രാജ്യത്തെ പോലീസ് സേനകള്‍ പ്രതിവര്‍ഷം 50 മില്യന്‍ പൗണ്ടാണ് വരുമാനമായി നേടുന്നത്. പിഴയടക്കുകയോ ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകള്‍ രേഖപ്പെടുത്തുന്നതോ ഒഴിവാക്കാനാണ് ഡ്രൈവര്‍മാര്‍ ശ്രമിക്കുന്നത്. ഇവയ്ക്ക് പകരം കോഴ്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.2 മില്യന്‍ ഡ്രൈവര്‍മാര്‍ തയ്യാറായിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് 280,000 പേര്‍ മാത്രമായിരുന്നു ഈ കോഴ്‌സുകളില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ബ്രിട്ടനില്‍ വാഹനമോടിക്കുന്നവരില്‍ 25 ശതമാനം പേര്‍ ഒരിക്കലെങ്കിലും സ്പീഡ് അവയര്‍നെസ് കോഴ്‌സുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ്. 75 പൗണ്ട് മുതല്‍ 99 പൗണ്ട് വരെയാണ് 4 മണിക്കൂര്‍ നീളുന്ന ക്ലാസിന് നല്‍കേണ്ടി വരാറുള്ളത്. രാജ്യത്തിന്റെ ഏതു ഭാഗത്താണ് നിങ്ങളുള്ളത് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ ഫീസ് നിര്‍ണ്ണയിക്കപ്പെടുക. അഡ്മിനിസ്‌ട്രേഷന്‍ ചെലവുകള്‍ക്ക് ഉള്‍പ്പെടെ 45 പൗണ്ട് വരെ മാത്രമേ ഈടാക്കാന്‍ പോലീസിന് അനുവാദമുണ്ടായിരുന്നുള്ളു. പോലീസ് സേനകളുടെ ബജറ്റ് വളരെ കുറവായിരുന്നതിനാല്‍ 2017 ഒക്ടോബറില്‍ ഈ നിരക്ക് ഉയര്‍ത്തി. 2011ല്‍ 1.5 മില്യന്‍ ഡ്രൈവര്‍മാരെയാണ് അമിതവേഗത്തിന് പിടികൂടിയത്. അവരില്‍ 19 ശതമാനം മാത്രമേ കോഴ്‌സില്‍ പങ്കെടുക്കാന്‍ തയ്യാറായുള്ളു. 2017ല്‍ അമിതവേഗതയ്ക്ക് പിടികൂടിയവരുടെ എണ്ണം 2 മില്യനായി ഉയര്‍ന്നു. എന്നാല്‍ അവരില്‍ 50 ശതമാനത്തോളം പേര്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചു. ഈ വിവരമനുസരിച്ച് കഴിഞ്ഞ വര്‍ഷം പോലീസ് സേനകള്‍ക്ക് 54 മില്യന്‍ പൗണ്ട് ലഭിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ നിന്ന് ലാഭമുണ്ടാക്കലല്ല സേനകളുടെ ദൗത്യമെങ്കിലും കൂടുതലാളുകള്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നതിനാല്‍ അമിതവേഗക്കാരെ തേടിപ്പിടിക്കാന്‍ പോലീസിന് ഇത് പ്രോത്സാഹനമാകുമെന്ന് ക്യാംപെയിനര്‍മാര്‍ പറയുന്നു. അതേസമയം വളരെ കുറഞ്ഞ തോതിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കു വേണ്ടിയാണ് ഈ കോഴ്‌സുകള്‍ നടത്തുന്നതെന്നും അപകട മരണങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനായുള്ള അവബോധന ക്ലാസുകള്‍ മാത്രമാണ് ഇവയെന്നും നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വക്താവ് പറഞ്ഞു. ഇതിലൂടെ പോലീസിന് യാതൊരു സാമ്പത്തികലാഭവും ഉണ്ടാകുന്നില്ല. ക്ലാസുകള്‍ക്ക് ചെലവാകുന്ന പണം മാത്രമാണ് ഈടാക്കുന്നതെന്നും വക്താവ് പറഞ്ഞു.
ലണ്ടന്‍: വീടുകള്‍ കുത്തിതുറക്കാന്‍ പുതിയ വഴി കണ്ടുപിടിച്ച് മോഷ്ടാക്കള്‍. യു.കെയില്‍ സമീപകാലത്ത് നടക്കുന്ന മോഷണങ്ങള്‍ക്ക് ഒരേ സ്വഭാവമെന്നും വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള വീടുകളില്‍ പോലും യഥേഷ്ടം കയറി മോഷണം നടത്താന്‍ സഹായിക്കുന്നതാണ് പുതിയ മോഷണ രീതി. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലാണ് സമീപകാലത്തെ ഏറ്റവും കൂടുതല്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലോടോര്‍ച്ച് ഉപയോഗിച്ച് ലോക്കുകള്‍ ഇളക്കി മാറ്റുന്നതാണ് മോഷ്ടാക്കളുടെ പുതിയ രീതി. ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ വിപണികളില്‍ സുലഭമായി ലഭിക്കുന്ന ബ്ലോടോര്‍ച്ചുകള്‍ ഉപയോഗിച്ച് ലോക്ക് ഉരുക്കിയ ശേഷം ഇളക്കിയെടുക്കുകയാണ് രീതി. ബ്രാഡ്‌ഫോര്‍ഡിലെ വീട്ടില്‍ രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ മോഷണം സമാനരീതിയിലായിരുന്നു. ബ്ലോടോര്‍ച്ച് ഉപയോഗിച്ച് വാതിലിന്റെ ലോക്ക് തകര്‍ത്ത ശേഷം വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ ഇവര്‍ കൈക്കലാക്കി. ഏതാണ്ട് 30,000 പൗണ്ട് വില വരുന്ന ഓഡി എസ്-3 മോഡല്‍ കാറാണ് വീട്ടുകാര്‍ക്ക് നഷ്ടമായത്. സമാന രീതിയിലുള്ള കുറ്റകൃത്യം നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പി.വി.സി ഡോറുകളെയാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വാഹനങ്ങള്‍ വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയെല്ലാം മോഷ്ടാക്കള്‍ കൈക്കലാക്കുന്നു. മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആദ്യം തോന്നിയത് ദേഷ്യമാണ്, പിന്നീടത് അവിശ്വസിനീയമായി തോന്നുകയും ചെയ്തുവെന്ന് മോഷണത്തിനിരയായ തൈ്വറ അബ്ദുല്‍ ഖാലിദ് പ്രതികരിച്ചു. ലോക്ക് കത്തിയമര്‍ന്നതിനാല്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനും തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും തൈ്വറ പറഞ്ഞു. സെഡ്ജ്ഫീല്‍ഡ്, നോര്‍ത്തേണ്‍ യോര്‍ക്ക്‌ഷെയര്‍, വെസ്റ്റ് യോര്‍ക്ക്‌സ് തുടങ്ങിയ സ്ഥലങ്ങളിലും സമാന മോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് വഴി മാത്രമാണ് ഇത്തരം മോഷണങ്ങള്‍ക്ക് തടയിടാന്‍ കഴിയൂവെന്ന് പോലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അലാറം വീടുകളില്‍ സ്ഥാപിക്കുന്നത് വഴിയും ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ സാധിക്കും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 101 അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ലണ്ടന്‍: യു.കെയിലെ നോണ്‍-എമര്‍ജന്‍സി പോലീസ് ലൈനായ '101' രാത്രികാല സര്‍വീസുകള്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വീസ് ലൈനിലെ തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ നീക്കം. സമീപകാലത്ത് '101' സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമാനമാണ് എമര്‍ജന്‍സി ലൈനായ '999' ഉപയോഗിക്കുന്നവരുടെയും കാര്യത്തിലുണ്ടായിരിക്കുന്നത്. തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ തെരുവില്‍ നിന്നോ ഉള്ള അമിത ശബ്ദം, എന്‍.എച്ച്.എസുമായി ബന്ധപ്പെട്ട പരാതികള്‍, ഷോപ്പ്‌ലിഫ്റ്റിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ഇത്തരം സര്‍വീസുകള്‍ ഉപയോഗിക്കുന്നത്. രാത്രികാലങ്ങളില്‍ '101' സര്‍വീസ് നിര്‍ത്തലാക്കിയാല്‍ '999' സര്‍വീസിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്. നാഷണല്‍ പോലീസ് ചീഫ് കൗണ്‍സിലിന് പോലീസിംഗ് മിനിസ്റ്റര്‍ നിക്ക് ഹുഡ് ഇക്കാര്യം സൂചിപ്പിച്ച് കത്തെഴുതിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 32 മില്യണ്‍ കോളുകളാണ് '101' സര്‍വീസിലേക്ക് എത്തിയിരിക്കുന്നത്. '999' കോളുകള്‍ക്ക് ശേഷം മാത്രമെ '101' പ്രാമുഖ്യം നല്‍കാന്‍ കഴിയൂ എന്നുള്ളതിനാല്‍ സമീപകാലത്ത് കോള്‍ കണക്ട് ആവാനുള്ള ദൈര്‍ഘ്യവും വര്‍ധിച്ചിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ 5 മുതല്‍ 10 സെക്കന്റ് വരെയായിരുന്നു വെയിറ്റിംഗ് ടൈമെങ്കില്‍ ഇപ്പോള്‍ അത് 5 മിനിറ്റ് വരെ ഉയര്‍ന്നിട്ടുണ്ട്. നോണ്‍ എമര്‍ജന്‍സി ലൈനുകള്‍ നിരവധി തവണ മുന്‍ഗണനാ ക്രമത്തില്‍ ഒഴിവാക്കേണ്ടി വന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. '999' കോളുകള്‍ വരുന്ന സമയത്ത് '101' കോളുകള്‍ ഡിസ്‌കണക്ട് ചെയ്യേണ്ടിവരുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. '999' കോളുകളുടെ എണ്ണത്തില്‍ സമീപകാലത്തുണ്ടായിരിക്കുന്ന വര്‍ധനവാണ് പ്രധാനമായും നോണ്‍ എമര്‍ജന്‍സി ലൈനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. '999' സിസ്റ്റം ശക്തിപ്പെടുത്താന്‍ പുതിയ നീക്കം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കാണാതായ ലിബി സ്‌ക്വയര്‍ എന്ന പെണ്‍കുട്ടിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. സംഭവത്തോട് അനുബന്ധിച്ച് പോളിഷ് വംശജനായ ഒരു 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുച്ചറായി ജോലി ചെയ്യുന്ന പാവേല്‍ റെലോവിച്ച് ഈ 24 കാരന്റെ വീട്ടില്‍ പോലീസ് പരിശോധനകള്‍ നടത്തുകയും കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥലത്തും നദിക്കരയിലും കുളത്തിലും തെരച്ചില്‍ നടത്തി. ഓക്ക് റോഡ് പ്ലേയിംഗ് ഫീല്‍ഡില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടാണ് ഇതിനുള്ളിലുള്ള കുളത്തില്‍ പരിശോധന നടത്തിയത്. ലിബിയുടെ താമസ സ്ഥലത്തു നിന്ന് അര മൈല്‍ ദൂരെയുള്ള ഈ പ്രദേശത്തെ ബിന്നുകളും ഡ്രെയിനുകളും പോലീസ് വിശദമായി പരിശോധിച്ചു. നദിക്കരയിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും തെരച്ചില്‍ നടത്തി. ഫോറന്‍സിക് വിദഗ്ദ്ധരും തെരച്ചിലിനായി എത്തിയിരുന്നു. ലിബിക്കു വേണ്ടിയുള്ള തെരച്ചില്‍ ഒരാഴ്ച പിന്നിട്ടിട്ടും പെണ്‍കുട്ടിയെക്കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. അറസ്റ്റിലായ റെലോവിച്ച് ഒരു വര്‍ഷം മുമ്പാണ് ഭാര്യയും രണ്ട് ആണ്‍കുട്ടികളുമായി ഇവിടെ താമസിക്കാനെത്തിയത്. ബേക്കണ്‍ ഫാക്ടറിയിലാണ് ഇയാള്‍ക്ക് ജോലി. ഈ വീടിന് സമീപത്താണ് ലിബിയെ ഏറ്റവും ഒടുവില്‍ കണ്ടത്. ഇതേത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ അന്വേഷണം നടത്തുന്നത്. റെലോവിച്ചിന്റെ ടാബ്ലറ്റും പിസിയും പോലീസ് പരിശോധനകള്‍ക്കായി പിടിച്ചെടുത്തു. ലിബിയെ കാണാതായിട്ട് ഇപ്പോള്‍ ഏവു ദിവസം പിന്നിട്ടു. ഇപ്പോഴും കാണാതായ വ്യക്തിക്കു വേണ്ടിയുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
RECENT POSTS
Copyright © . All rights reserved