പുതിയ സബ്മറൈന്‍ പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. അപ്രതീക്ഷിതമായാണ് പ്രതിരോധ ബജറ്റില്‍ ഇത്രയും വര്‍ദ്ധന വരുത്തിയത്. റഷ്യയുമായി ഉടലെടുത്തിരിക്കുന്ന പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതിനു പിന്നാലെയാണ് ലോകം ആശങ്കയോടെ കാണുന്ന സാത്താന്‍ മിസൈലിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത്. മേഖലയില്‍ ശീതയുദ്ധകാലത്തെ ആയുധ മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉടലെടുത്തിരിക്കുന്നത്. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ മറ്റ് രാജ്യങ്ങളുടെ നടപടിക്കും അതേ നാണയത്തില്‍ റഷ്യ തിരിച്ചടി നല്‍കിയിരുന്നു.
മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഈ മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് രണ്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 2021ല്‍ സൈന്യത്തിന് കൈമാറാവുവന്ന വിധത്തിലാണ് മിസൈലിന്റെ പരീക്ഷണം പുരോഗമിക്കുന്നത്. ഈ മിസൈലിനെ പ്രതിരോധിക്കണമെങ്കില്‍ കുറഞ്ഞത് 500 അമേരിക്കന്‍ നിര്‍മിത എബിഎം മിസൈലുകള്‍ വേണ്ടിവരുമെന്നാണ് റഷ്യന്‍ സെനറ്റിന്റെ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ വിക്ടര്‍ ബോന്‍ഡറേവ് അവകാശപ്പെട്ടത്.
60 റഷ്യന്‍ ഡിപ്ലോമാറ്റുകളെയാണ് അമേരിക്ക പുറത്താക്കിയത്. ഇതേത്തുടര്‍ന്ന് റഷ്യയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സമാനെ റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായിരുന്ന സ്‌ക്രിപാല്‍ ബ്രിട്ടീഷ് ചാരസംഘടനയായ എംഐ6നു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്രിപാലിനെ വഞ്ചകനെന്ന് ക്രെംലിന്‍ മുദ്രകുത്തിയിരുന്നതായും ആക്രമണത്തിനു പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്നുമാണ് അമേരിക്ക വിലയിരുത്തുന്നത്. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റഷ്യ ആവര്‍ത്തിച്ചു. ബ്രിട്ടീഷ് ചാരന്‍മാരായിരിക്കാം ഈ ആക്രമണത്തിനു പിന്നിലെന്നാണ് റഷ്യ ആരോപിക്കുന്നത്.
ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സ്‌ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധ പ്രയോഗം റഷ്യയും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ പുതിയ ശീതയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സാലിസ്ബറി ആക്രമണത്തേക്കുറിച്ചുള്ള അന്വേഷണം ആഴ്ചകള്‍ നീളുമെന്നാണ് കരുതുന്നത്. മെറ്റ് പോലീസ്, എംഐ5 എന്നിവരാണ് അന്വേഷണം നടത്തുന്നത്. റഷ്യയുടെ പങ്കിനെക്കുറിച്ച് ബ്രിട്ടന്‍ വ്യക്തമായ തെളിവ് നല്‍കിയില്ലെങ്കില്‍ ആക്രമണം നടത്തിയത് ബ്രിട്ടന്‍ തന്നെയാണെന്ന് കണക്കാക്കുമെന്ന് റഷ്യ
അമേരിക്കക്കുള്ളില്‍ അപകടകരമായ പ്രവൃത്തികള്‍ നടത്താന്‍ റഷ്യ യുഎന്നിനെ മറയാക്കിയിരിക്കുകയായിരുന്നുവെന്ന് അമേരിക്കയുടെ യുഎന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. സാലിസ്ബറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തെ വൈറ്റ്ഹൗസ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താക്കളും നിക്കി ഹാലിയും മോസ്‌കോയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാനും അപലപിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.
ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ നാല് റഷ്യന്‍ ഡിപ്ലോമാറ്റുകളെ വീതം പുറത്താക്കിയിരുന്നു. ലിത്വാനിയ, ലാത്വിയ. ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും 13 ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് യുക്രൈന്‍ ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കാനഡ മൂന്ന് ഡിപ്ലോമാറ്റുകളെയും ഹംഗറി, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഒാരോ ഉദ്യോഗസ്ഥരെയും പുറത്താക്കിയപ്പോള്‍ സ്‌പെയിന്‍ രണ്ടു പേരെയാണ് പുറത്താക്കിയത്.
ഓസ്‌ട്രേലിയ രണ്ട് പേരെ പുറത്താക്കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവരുമായി ആലോചിച്ച് ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കുമെന്ന് മാസിഡോണിയ വ്യക്തമാക്കി. മാള്‍ട്ടയും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് റഷ്യന്‍ ഡിപ്ലോമാറ്റുകളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സാലിസ്ബറി ആക്രമണത്തിലൂടെ പാശ്ചാത്യ നാടുകളെ ഭിന്നിപ്പിക്കാനുള്ള റഷ്യന്‍ ശ്രമത്തിന് ഈ നടപടികളിലൂടെ വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡിപ്ലോമാറ്റുകള്‍ പുറത്താക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
തങ്ങളുടെ ഡിപ്ലോമാറ്റുകളെ പുറത്താക്കിയ നടപടിക്ക് ഓരോ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ അറിയിച്ചു. അമേരിക്കയും റഷ്യയുമായുള്ള ബന്ധത്തില്‍ ശേഷിച്ചവയെല്ലാം ഈ നടപടി ഇല്ലാതാക്കിയെന്നായിരുന്നു അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ പറഞ്ഞത്. പ്രത്യാഘാതങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കല്‍വാങ്ങലുകളുടെ തത്വമനുസരിച്ചായിരിക്കും പ്രതികരണമെന്നായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.
പുതിയ ആണവായുധ ഡെലിവറി സിസ്റ്റത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങളും പുടിന്‍ തന്റെ പ്രസംഗത്തിനിടയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശിപ്പിച്ച ഒരു വീഡിയോയില്‍ അമേരിക്കന്‍ പ്രദേശമായ ഫ്‌ളോറിഡയില്‍ മിസൈല്‍ വര്‍ഷിക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. പുതിയ ആയുധം റഡാര്‍ സംവിധാനങ്ങള്‍ക്കും ഇതര പ്രതിരോധ ഉപകരണങ്ങള്‍ക്കും കണ്ടെത്താന്‍ കഴിയില്ലെന്നാണ് റഷ്യയുടെ അവകാശ വാദം. പുറത്തിറക്കിയ ആയുധങ്ങളില്‍ ഒന്ന് താഴ്ന്ന് പറന്ന് ആക്രമണം നടത്താന്‍ കഴിവുള്ള മിസൈലുകളാണ്. ക്രൂയിസ് മിസൈലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും കണ്ടെത്താന്‍ വളരെയേറെ ബുദ്ധിമുട്ടുള്ള ഇവയുടെ സഞ്ചാര പ്രതലം പ്രതിരോധ സംവിധാനങ്ങള്‍ക്ക് കണ്ടുപിടിക്കുക അസാധ്യമാണെന്ന് പുടിന്‍ പറയുന്നു. രണ്ടാമത് പുറത്തിറക്കിയത് ദീര്‍ഘ ദൂര സബ്മറൈന്‍ മിസൈലുകളാണ്. ആണവായുധങ്ങള്‍ വഹിക്കാന്‍ പ്രാപ്തിയുള്ള ഇവ ലോകത്ത് തന്നെ പുതിയതാണ്.
അമേരിക്ക വികസിപ്പിച്ചെടുത്തിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള മറുപടിയാണ് പുതിയ ആയുധങ്ങളെന്ന് പുടിന്‍ വ്യക്തമാക്കി. ഇരു പാര്‍ലമെന്റുകളിലുമായി നടന്ന പ്രസംഗം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരുന്നു. പുതിയ ആയുധങ്ങളുടെ ആനിമേഷന്‍ വീഡിയോയില്‍ അമേരിക്കയെ ആണവായുധം ഉപയോഗിച്ച് ആക്രമിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഉത്തരാവാദിത്വപ്പെട്ട രാജ്യമെന്ന രീതിയിലുള്ള റഷ്യന്‍ പ്രതികരണമല്ല ഇതെന്നും യുഎസ സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. വരുന്ന തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളരെക്കുറച്ച് പ്രചരണ പരിപാടികളിലെ പുടിന്‍ പങ്കെടുത്തിട്ടുള്ളു. അടുത്ത ആറ് വര്‍ഷത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്ലാനുകളെ കുറിച്ച് ചുരുക്കം വാക്കുകള്‍ മാത്രമാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.