Recycle
യുകെയിലെ പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഇന്‍ഡസ്ട്രിക്കെതിരെ അന്വേഷണം. പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് എന്‍വയണ്‍മെന്റ് ഏജന്‍സി ഈ വ്യവസായ മേഖലയില്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. മൂന്ന് റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇഎ നിയോഗിച്ചു. സംഘടിത കുറ്റവാളികളും മാഫിയ സംഘങ്ങളും ഈ വ്യവസായത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്‍ പോലീസ് ഉദ്യോസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിത്ത് ആറ് പ്ലാസ്റ്റിക് വെയിസ്റ്റ് കയറ്റുമതിക്കാരുടെ ലൈസന്‍സ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ 57 കണ്ടെയ്‌നറുകള്‍ മാലിന്യഭീതി മൂലം യുകെ തുറമുഖങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമാണ് ഇതാണ് സ്ഥിതി. പുതുതായി നിയോഗിക്കപ്പെട്ട സമിതിക്കു മുന്നില്‍ ഒട്ടേറെ ആരോപണങ്ങളാണ് അന്വേഷണത്തിനായി എത്തിയിരിക്കുന്നത്. കമ്പനികള്‍ പതിനായിരക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത്രയും മാലിന്യം വാസ്തവത്തില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്ലാസ്റ്റിക് മാലിന്യം വേണ്ട വിധത്തില്‍ സംസ്‌കരിക്കാതെ നദികളിലും സമുദ്രത്തിലും ഉപേക്ഷിക്കുകയാണ് കമ്പനികള്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സ് വഴി കിഴക്കന്‍ നാടുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കയറ്റി അയക്കുന്നു, അണുബാധയുള്ള പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്യുന്നത് അനുസ്യൂതം തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളും കമ്പനികള്‍ക്കെതിരെ ഉയരുന്നുണ്ട്. യുകെയിലെ വീടുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത് 11 മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ഇവയില്‍ 75 ശതമാനം പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യവും കയറ്റുമതി ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
RECENT POSTS
Copyright © . All rights reserved