Selfie
സെല്‍ഫി ഇമേജുകളില്‍ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് മുന്നറിയിപ്പ്. നാലു വയസു വരെ പ്രായമുള്ള കുട്ടികളെ പോലും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാന്‍ നാം ശീലിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ആപ്പുകളും ഗെയിമുകളും കുട്ടികള്‍ക്ക് യോജിച്ചതല്ലെന്ന് വെസ്റ്റ് ഇംഗ്ലണ്ട് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്പിയറന്‍സ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമായി. ആപ്പിള്‍ സ്റ്റോറില്‍ ടോപ്പ് റാങ്കിങ്ങില്‍ എത്തിയവയില്‍ ഫെയിസ് ട്യൂണ്‍ ആപ്പുകളായിരുന്നു മുന്‍പന്തിയില്‍. ഇവയില്‍ മിക്കവയും നാലു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമായവയെന്നാണ് പരസ്യങ്ങളില്‍ പറയുന്നത്. ഇത്തരം ആപ്പുകളില്‍ കണ്ണുകള്‍, മൂക്ക്, ചുണ്ട് എന്നിവയുടെ വലിപ്പം മാറ്റാവുന്ന വിധത്തിലുള്ള എഡിറ്റിംഗ് സംവിധാനങ്ങളാണ് ഉള്ളത്. തങ്ങളുടെ ചിത്രങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ നിര്‍ദേശിക്കുന്ന ഗെയിമുകള്‍ കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കും. ഒരു ഡ്രീം ഡേറ്റിനായി മനോഹരമായി ഡ്രസ് ചെയ്യാനുള്ള ഗെയിമില്‍ ഏര്‍പ്പെടുന്ന എട്ടു മുതല്‍ ഒമ്പത് വയസു വരെയുള്ള കുട്ടികളില്‍ 10 മിനിറ്റിനുള്ളില്‍ത്തന്നെ തങ്ങളുടെ ശരീരത്തിന്‍മേലുള്ള ആത്മവിശ്വാസം നഷ്ടമാകുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. സുന്ദരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലേക്ക് തങ്ങളുടെ ശരീരം എത്തില്ലെന്ന ആത്മവിശ്വാസമില്ലായ്മ കുട്ടികളില്‍ ഈ ആപ്പുകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ആമി സ്ലേറ്റര്‍ പറഞ്ഞു. അരക്ഷിതബോധം വളര്‍ത്തുകയും കുട്ടികളില്‍ പോലും തങ്ങളുടെ രൂപത്തെക്കുറിച്ച് അനാവശ്യ ബോധം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ ആപ്പുകള്‍ പുറത്തിറക്കുന്ന കമ്പനികള്‍ പണം വാരുകയാണെന്നും അവര്‍ വിശദീകരിച്ചു. സ്വന്തം രൂപത്തെക്കുറിച്ച് അനാവശ്യമായ ആകാംക്ഷ കുട്ടികളില്‍ വളര്‍ത്തുകയാണ് ഈ ആപ്പുകള്‍ ചെയ്യുന്നതെന്ന് റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സിലെ ഡോ.ജോണ്‍ ഗോള്‍ഡിന്‍ പറയുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് : പ്രശസ്തര്‍ക്കൊപ്പം അവരുടെ അനുവാദം ഇല്ലാതെ സെല്‍ഫി എടുക്കുക എന്നത് യുവത്വത്തിന്റെ ശീലമാണ്. അതില്‍ അവര്‍ ആനന്ദം കൊള്ളുന്നു. എന്നാല്‍, ഉത്തര്‍ പ്രദേശില്‍ സെല്‍ഫി എടുത്ത യുവാവിന് കിട്ടിയത് ജയില്‍ വാസം. ബുലന്ദ്ഷാഹിര്‍ വനിതാ ജില്ലാ കളക്ടര്‍ ബി. ചന്ദ്രകലക്കൊപ്പം അനുമതിയില്ലാതെ സെല്‍ഫി എടുത്ത 18 വയസ്സുകാരനാണ് അറസ്റ്റിലായത്. ഒരു പ്രദേശിക പരിപാടിയില്‍ സംസാരിക്കവേ പ്രദേശവാസിയായ ഫറാദ് അഹമ്മദ് സെല്‍ഫി എടുക്കുകയായിരുന്നു. ഫോട്ടോ എടുക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂടുതല്‍ അടുത്തുനിന്ന് കുറച്ചുകൂടി നല്ല ഫോട്ടോ എടുക്കാനാണ് ശ്രമിച്ചതെന്ന് ചന്ദ്രകല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആരുടെയായാലും ഫോട്ടോയെടുക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ക്യാമറ നിങ്ങളുടേതാകാം എന്നാല്‍ ഫോട്ടോ എടുക്കുന്ന ആളിനെ കൂടി പരിഗണിക്കണമെന്ന് പറഞ്ഞെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. യുവാവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം 14 ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റോഡ് നിര്‍മ്മാണത്തില്‍ ഗുണനിലവാരമില്ലാത്ത വസ്തുകള്‍ ഉപയോഗിത്തചിന്‍െ പേരില്‍ ഉദ്യോസ്ഥരെ പരസ്യമായി ശാസിച്ചതിന് സോഷ്യല്‍ മൂഡിയയില്‍ താരമായി മാറിയ കളക്ടര്‍ ബി. ചന്ദ്രകലയാണ് 18 കാരനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്.
ചെന്നൈ: സാഹസിക സെല്‍ഫികള്‍ വീണ്ടും ദുരന്തമുഖമാകുന്നു. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീന സുകുമാര്‍(17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചെന്നൈയിലെ പൂനാമലൈയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വാണ്ടല്ലൂര്‍ മൃഗശാലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. മൃഗശാലയില്‍ നിന്ന് മടങ്ങിയ സംഘം റെയില്‍വേ ട്രാക്കിനടുത്ത് സംസാരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.ഇതിനിടെ വണ്ടല്ലൂരിനും ഊരാപക്കത്തിനും ഇടയില്‍ വച്ച് ചെങ്കല്‍പേട്ടിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനാണ് കുട്ടികള്‍ ശ്രമിച്ചത്. പിറകില്‍ പാഞ്ഞുവരുന്ന ട്രെയിനിനു മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. മറ്റ് കുട്ടികള്‍ പെട്ടെന്നു തന്നെ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെങ്കിലും ദീന ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ജീവന്‍ പണയം വച്ചുള്ള സെല്‍ഫി എടുക്കലില്‍ നിന്നും പിന്തിരിയണമെന്നുള്ള മുന്നറിയിപ്പായി ഈ സംഭവവും മാറുന്നു. ഒറ്റയാന്‍റെ മുന്‍പില്‍ നിന്ന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ട് ഒരാഴ്ച കഴിയും മുന്‍പാണ് ഈ ദുരന്തം.
RECENT POSTS
Copyright © . All rights reserved