കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആയിരങ്ങളാണ് വിശ്വവിഖ്യാത പ്രതിഭയ്ക്ക് ആദരം അര്‍പ്പിക്കാന്‍ എത്തിചേര്‍ന്നത്. "എല്ലാറ്റിനും അതിന്റെതായ സമയമുണ്ട്.. എന്തിനും അതിന്റെതായ കാലമുണ്ട്.. സ്വർഗത്തിനു കീഴിലുള്ള ഏതു ദ്രവ്യത്തിനും ഒരു സമയം വരും.. ജനിക്കാനും സമയം, അതുപോലെ മരണത്തെ പുല്കാനും.. വിതയ്ക്കുവാനും കൊയ്യുവാനും.. ജീവനെ ഇല്ലാതാക്കാനും സുഖപ്പെടുത്താനും.. തകർന്നടിയാനും സൃഷ്ടിക്കപ്പെടാനും.. കരയാനും സന്തോഷിക്കാനും.. വിലപിക്കാനും നൃത്തം ചെയ്യുവാനും.. സ്നേഹിക്കപ്പെടാനും വെറുക്കപ്പെടാനും.. യുദ്ധത്തിനും പിന്നെ സമാധാനത്തിനും".. ദി തിയറി ഓഫ് എവരിതിംഗ് എന്ന ഹോളിവുഡ് ഡോക്യൂമെന്ററിയിൽ സ്റ്റീഫൻ ഹോക്കിംഗിനെ അവതരിപ്പിച്ച എഡ്ഡി റെഡ് മെയ്നാണ് ആദ്യ ബൈബിൾ വായന നടത്തിയത്.
സ്റ്റീഫൻ ഹോക്കിംഗ് തന്റെ 52 വർഷങ്ങൾ ചിലവഴിച്ച ഗോൺവിൽ ആൻഡ് കെയ്സ് കോളജിനു തൊട്ടടുത്തുള്ള കേംബ്രിഡ്ജിലെ യൂണിവേഴ്സിറ്റി ചർച്ച് ഓഫ് സെൻറ് മേരി ദി ഗ്രേറ്റിൽ ആണ് സംസ്കാര ശുശ്രൂഷ നടന്നത്. മാർച്ച് 14 നാണ് സ്റ്റീഫൻ ഹോക്കിംഗ് മരണമടഞ്ഞത്. അദ്ദേഹത്തിന് 76 വയസായിരുന്നു. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച ഹോക്കിംഗ് ആധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങളിലൂടെയാണ് ആശയ വിനിമയം നടത്തിയിരുന്നത്. ശാസ്ത്ര സംബന്ധമായ നിരവധി പ്രബന്ധങ്ങളും ബുക്കുകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രകുതുകികൾക്ക് പ്രചോദനവും ആവേശവുമായിരുന്നു ഹോക്കിംഗ്.
സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രവർത്തന വേദിയായിരുന്ന കോളജിലെ ആറ് സഹപ്രവർത്തകർ പുഷ്പാലംകൃതമായ ശവമഞ്ചം കരങ്ങളിലേറ്റിയപ്പോൾ ആയിരങ്ങളുടെ കരഘോഷത്താൽ അന്തരീക്ഷം മുഖരിതമായി. സ്റ്റീഫൻ ഹോക്കിംഗ് ജീവിച്ചിരുന്ന ഓരോ വർഷത്തെയും അനുസ്മരിച്ച് മണിനാദം 76 തവണ മുഴങ്ങി. റെഡ് മെയ്നെ കൂടാതെ മാർട്ടിൻ റീസും ബൈബിൾ റീഡിംഗ് നടത്തി. ഹോക്കിംഗിന്റെ മൂത്ത പുത്രൻ റോബർട്ട് ഹോക്കിംഗ്, ഹോക്കിംഗിന്റെ ശിഷ്യനായ പ്രഫ. ഫേ ഡോക്കർ എന്നിവർ ഹോക്കിംഗിനെ അനുസ്മരിച്ചു സംസാരിച്ചു. 1882 ൽ സർ ഐസക് ന്യൂട്ടന്റെയും 1727 ൽ ചാൾസ് ഡാർവിന്റെയും ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന വെസ്റ്റ് മിൻസ്റ്റർ ആബേയിൽ സ്റ്റീഫൻ ഹോക്കിംഗിന്റെയും ചിതാഭസ്മം വിതറും.
"ഞങ്ങളുടെ പിതാവ് ജീവിതത്തിന്റെ ഏകദേശം 50 വർഷങ്ങൾ ചിലവഴിച്ചത് കേംബ്രിഡ്ജിലായിരുന്നു. അദ്ദേഹം ഈ നഗരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹം സ്നേഹിച്ചതും അദ്ദേഹത്തെ സ്നേഹിച്ചതുമായ പ്രിയ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തുക എന്നത് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു. സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളവർക്കും മതവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അവസരം നല്‍കുന്നതിനായാണ് ചടങ്ങുകൾ ഇപ്രകാരം നടത്തിയത്." സ്റ്റീഫൻ ഹോക്കിംഗിന്റെ മക്കളായ ലൂസിയും റോബർട്ടും ടിംമ്മും പറഞ്ഞു.
1942 ജനുവരി 8 ന് ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിംഗ് പ്രഫസറായും റിസർച്ച് ഡയറക്ടറായും കേംബ്രിഡ്ജ് യുണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ 1977 മുതൽ 2018 വരെ സേവനം അനുഷ്ഠിച്ചിരുന്നു. ഇരുപത്തിയൊന്നാം വയസിൽ അമിട്രോപ്പിക് ലാറ്ററൽ സ്ക്ളീറോസിസ് ബാധിച്ച ഹോക്കിംഗ് അര നൂറ്റാണ്ടിലേറെ ശാരീരിക അവശതകളെ തരണം ചെയ്ത് കർമ്മപഥത്തിൽ ചരിത്രം രചിച്ചു. ഇലക്ട്രോണിക് വോയ്സ് സിംതസൈസർ ഉപയോഗിച്ചാണ് അദ്ദേഹം തന്റെ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. തിയറി ഓഫ് എവരിതിംഗ് പ്രാവർത്തികമാക്കാനായാൽ സൃഷ്ടാവിന്റെ മനസറിയാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഐൻസ്റ്റീന്റെ റിലേറ്റിവിറ്റി തിയറിയും ക്വാണ്ടം മെക്കാനിക്സും സബ് അറ്റോമിക് പാർട്ടിക്കിളുകളും സ്റ്റീഫൻ ഹോക്കിംഗിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ബഹിരാകാശ രഹസ്യങ്ങളും സമയവും ബ്ലാക്ക് ഹോളും വിശദീകരിക്കുന്ന ബുക്കായ ഇൻറർനാഷണൽ ബെസ്റ്റ് സെല്ലർ "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" ഹോക്കിംഗിനെ ആൽബർട്ട് ഐൻസ്റ്റീൻ കഴിഞ്ഞാലുള്ള ഏറ്റവും പ്രശസ്തനായ സെലബ്രിറ്റി ആക്കിയിരുന്നു.


മാര്‍ച്ച് 14നാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്. അദ്ദേഹത്തിന് 76 വയസായിരുന്നു. സംസ്കാരം സ്വകാര്യ ചടങ്ങായി നടത്തുമെന്നാണ് വിവരം. ഗ്രേറ്റ് സെന്റ് മേരീസ്, യൂണിവേഴ്സിറ്റി ചര്‍ച്ചിലായിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് ട്രിനിറ്റി കോളേജില്‍ അനുശോചന യോഗം ചേരും. തങ്ങളുടെ പിതാവിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളും സന്ദേശങ്ങളും അയച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ഹോക്കിംഗിന്റെ മക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. 50 വര്‍ഷത്തേളം കേംബ്രിഡ്ജിലാണ് അദ്ദേഹം ജീവിച്ചത്.
ഇക്കാലയളവില്‍ അദ്ദേഹം യൂണിവേഴ്സിറ്റിയുടെയും നഗരത്തിന്റെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സംസ്കാരച്ചടങ്ങുകള്‍ ഇവിടെവെച്ച് നടത്താന്‍ ആഗ്രഹിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഓക്സ്ഫോര്‍ഡ്ഷയറില്‍ ജനിച്ച ഹോക്കിംഗ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷമാണ് കേംബ്രിഡ്ജില്‍ എത്തിയത്. 1964ല്‍ 22-ാമത്തെ വയസിലാണ് ശരീരത്തിന്റെ സ്വാധീനം നഷ്ടമാകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന് അദ്ദേഹം അടിമയായത്. തമോഗര്‍ത്തങ്ങളേക്കുറിച്ചുള്ള സിദ്ധാന്തമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ബിഗ് ബാംഗിലൂടെയുണ്ടായ പ്രപഞ്ചങ്ങളില് ഒന്ന് മാത്രമാണ് നമ്മുടേതെന്നും 'മള്‍ട്ടിവേഴ്സിന്' അഥവാ അനേക പ്രപഞ്ചങ്ങള്‍ക്കുള്ള തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ ഹോക്കിംഗ് വ്യക്തമാക്കുന്നു. മറ്റ് പ്രപഞ്ചങ്ങളെ കണ്ടെത്താന്‍ സ്പേസ്ഷിപ്പുകളില്‍ ഡിറ്റക്ടറുകള്‍ ഘടിപ്പിച്ച് പഠനങ്ങള്‍ നടത്തണമെന്നും ഹോക്കിംഗ് ആവശ്യപ്പെടുന്നു. അദ്ദേഹം ജീവിച്ചിരിക്കെ ഈ സിദ്ധാന്തം തെളിയിക്കപ്പെടുകയായിരുന്നെങ്കില്‍ ഉറപ്പായും നൊബേല്‍ പുരസ്കാരം ഹോക്കിംഗിനെ തേടിയെത്തുമായിരുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പല തവണ നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും ഹോക്കിംഗിന് ഒരിക്കല്‍ പോലും അത് ലഭിച്ചിട്ടില്ലെന്ന് സഹ ഗവേഷകനും എഴുത്തുകാരനുമായ തോമസ് ഹെര്‍ടോഗ് പറയുന്നു.
എ സ്മൂത്ത് എക്സിറ്റ് ഫ്രം എക്സ്റ്റേണര്‍ ഇന്‍ഫ്ളേഷന്‍ എന്ന പേരിലാണ് ഹോക്കിംഗ് തന്റെ ഉപന്യാസം തയ്യാറാക്കിയിരിക്കുന്നത്. പ്രപഞ്ചം ക്രമാനുഗതമായി വികസിക്കുകയും അത് പിന്നീട് സാവധാനത്തിലാകുകയുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഊര്‍ജ്ജ സ്രോതസുകള്‍ ഇല്ലാതായി ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടായിരിക്കും ഭൂമിയുടെ അന്ത്യം തുടങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോസ്മോളജി ശാസ്ത്രജ്ഞര്‍ തയ്യാറായിട്ടില്ല. എങ്ങനെയാണ് ഹോക്കിംഗ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കാനഡയിലെ പെരിമീറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.നീല്‍ ടുറോക്ക് പറയുന്നു.
സ്പേസിനെക്കുറിച്ചും ബ്ലാക്ക് ഹോളുകളെക്കുറിച്ചും മനുഷ്യനുണ്ടായിരുന്ന എല്ലാ ചിന്തകളെയും മാറ്റി മറിച്ച വിഖ്യാതനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നല്ലതാണ് വര്‍ത്തമാന കാലത്ത് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.സ്വര്‍ഗമോ അതല്ലെങ്കില്‍ മരണാനന്തര ജീവിതമോ ഇല്ല! അതെല്ലാം മുത്തശ്ശിക്കഥകള്‍ മാത്രമാണെന്ന് അദ്ദേഹം പറയുമായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ അട്ടിമറിക്കുന്ന അദ്ദേഹത്തിന്റെ കഴ്ച്ചപ്പാടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ശിച്ച വാക്കുകളിലൊന്നാണ്.
കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് അപൂര്‍വ്വ രോഗം പിടിപെടുന്നത്. 1963ല്‍ രോഗം കണ്ടെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്ന ആയൂര്‍ദൈര്‍ഘ്യം വെറും രണ്ട് വര്‍ഷമായിരുന്നു. അസുഖത്തോട് തോല്ക്കാന് മനസ്സുകാണിക്കാതിരുന്ന അദ്ദേഹം പിന്നീടുള്ള ഒരുപാട് വര്‍ഷങ്ങള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ചിന്തകള്‍ പങ്കുവെച്ചു. പെട്ടന്ന് മരണം സംഭവിക്കുമെന്ന മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ഞാന്‍ കഴിഞ്ഞ 49 കൊല്ലമായി ഇവിടെ ജീവിക്കുന്നു ഹോക്കിംഗ് 2011ല്‍ ഗാര്ഡിയന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ദൈവം ലോകം സൃഷ്ടിച്ചുവെന്ന് പറയുന്നവരുടെ ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ് എന്നാണ് ഹോക്കിംഗ് പ്രതികരിച്ചിരുന്നത്. ബിഗ് ബാങിന് മുന്‍പ് ടൈം കണ്ടുപിടിക്കപ്പെട്ടിട്ടില്ല, അതുകൊണ്ടു തന്നെ പ്രപഞ്ചം നിര്‍മ്മിക്കാനുള്ള സമയവും ദൈവത്തിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
എനിക്ക് മരണത്തെക്കുറിച്ച ഭയമില്ല, പക്ഷെ പെട്ടന്ന് മരിക്കാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശാസ്ത്രം നിര്‍ണയിച്ചിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷേ ദൈവ കല്‍പ്പനയിലൂടെയായിരിക്കും ഈ നിയമങ്ങള്‍ ഉണ്ടായത്. പക്ഷേ ഈ നിയമങ്ങള്‍ തെറ്റിക്കാന്‍ ദൈവം ശ്രമിക്കുകയില്ലെന്നതാണ് വാസ്തവം 2007ല്‍ റോയിട്ടേഴ്സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഈ പ്രപഞ്ചം എത്ര വൈവിധ്യമാണെന്ന് നിങ്ങള്‍ നോക്കുക. അതില്‍ വളരെ നിസ്സാരമായൊരു ജീവിതം മാത്രമെ മനുഷ്യനുള്ളുവെന്നാണ് തോന്നുന്നത്. പ്രപഞ്ചം തന്നെ അപ്രാപ്യമായ ഒന്നായിട്ടാണ് പ്രതിഫലിക്കുന്നത് അദ്ദേഹം പറയുന്നു. മതം അതോറിറ്റിയെ അടിസ്ഥാനമാക്കി ഉണ്ടാകുന്നു. ശാസ്ത്രം നിരീക്ഷണങ്ങളും കാരണങ്ങളും നോക്കി രചിക്കപ്പെടുന്നുവെന്നതാണ് എന്നതാണ് തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രപഞ്ചത്തിലെ ദൈവത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത വീക്ഷണങ്ങളായിരുന്നു ഹോക്കിംഗ് ലോകത്തോട് പങ്കുവെച്ചത്.
സംസാരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ സ്ഥാനം വഹിക്കുകയായിരുന്നു. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. ബ്ലാക്ക്ഹോളുകളേക്കുറിച്ച് ഇന്ന് ലഭ്യമായിരിക്കുന്ന വിവരങ്ങളെല്ലാം തിയററ്റിക്കല്‍ ഫിസിക്സില്‍ അഗ്രഗണ്യനായിരുന്ന ഹോക്കിംഗിന്റെ സംഭാവനയാണ്.
ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗിന്റെയും ഇസബെല്‍ ഹോക്കിംഗിന്റെയും മകനായി ഓക്സഫോര്‍ഡില്‍ 1942 ജനുവരി 8നാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്. 17 ാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണത്തിനിടെയാണ് ശരീരം തളര്‍ത്തിയ അസുഖം ഇദ്ദേഹത്തെ പിടികൂടിയത്. സര് ഐസക് ന്യൂട്ടന്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്നിവര്‍ക്ക് ശേഷം ലോകം കണ്ട മഹാനായ ശാസ്ത്രകാരനാണ് വിടവാങ്ങിയത്.