ലോകത്തിന് അദ്ഭുതമായി തോന്നുന്ന ഒരു മനുഷ്യ പ്രതിഭാസമായിരുന്നു വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്. മനുഷ്യന്റെ സങ്കീര്‍ണമായ വിശ്വാസങ്ങളെക്കുറിച്ച് കൃത്യമായ ഫിലോസഫിക്കല്‍ ഉത്തരങ്ങളും അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വിധി തളര്‍ത്തിയിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗത്തോട് പടവെട്ടി കോടിക്കണക്കിന് ആളുകളെ വിസ്മയിപ്പിച്ച ജീവിതത്തിനുടമ. ദൈവത്തോടും മരണത്തോടും പലപ്പോഴും കലഹിച്ച തത്വങ്ങളാണ് അദ്ദേഹത്തിന്റേത്. ലോകത്തിന് അമൂല്യങ്ങളായി സൂക്ഷിക്കാവുന്ന നിരവധി ആശയങ്ങളും ചിന്തകളും സംഭാവന ചെയ്തതിനു ശേഷമാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.

സ്‌പേസിനെക്കുറിച്ചും ബ്ലാക്ക് ഹോളുകളെക്കുറിച്ചും മനുഷ്യനുണ്ടായിരുന്ന എല്ലാ ചിന്തകളെയും മാറ്റി മറിച്ച വിഖ്യാതനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നല്ലതാണ് വര്‍ത്തമാന കാലത്ത് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.സ്വര്‍ഗമോ അതല്ലെങ്കില്‍ മരണാനന്തര ജീവിതമോ ഇല്ല! അതെല്ലാം മുത്തശ്ശിക്കഥകള്‍ മാത്രമാണെന്ന് അദ്ദേഹം പറയുമായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ അട്ടിമറിക്കുന്ന അദ്ദേഹത്തിന്റെ കഴ്ച്ചപ്പാടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ശിച്ച വാക്കുകളിലൊന്നാണ്.

കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് അപൂര്‍വ്വ രോഗം പിടിപെടുന്നത്. 1963ല്‍ രോഗം കണ്ടെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്ന ആയൂര്‍ദൈര്‍ഘ്യം വെറും രണ്ട് വര്‍ഷമായിരുന്നു. അസുഖത്തോട് തോല്‍ക്കാന്‍ മനസ്സുകാണിക്കാതിരുന്ന അദ്ദേഹം പിന്നീടുള്ള ഒരുപാട് വര്‍ഷങ്ങള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ചിന്തകള്‍ പങ്കുവെച്ചു. പെട്ടന്ന് മരണം സംഭവിക്കുമെന്ന മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി ഞാന്‍ കഴിഞ്ഞ 49 കൊല്ലമായി ഇവിടെ ജീവിക്കുന്നു ഹോക്കിംഗ് 2011ല്‍ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദൈവം ലോകം സൃഷ്ടിച്ചുവെന്ന് പറയുന്നവരുടെ ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ് എന്നാണ് ഹോക്കിംഗ് പ്രതികരിച്ചിരുന്നത്. ബിഗ് ബാങിന് മുന്‍പ് ടൈം കണ്ടുപിടിക്കപ്പെട്ടിട്ടില്ല, അതുകൊണ്ടു തന്നെ പ്രപഞ്ചം നിര്‍മ്മിക്കാനുള്ള സമയവും ദൈവത്തിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.

എനിക്ക് മരണത്തെക്കുറിച്ച ഭയമില്ല, പക്ഷെ പെട്ടന്ന് മരിക്കാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശാസ്ത്രം നിര്‍ണയിച്ചിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷേ ദൈവ കല്‍പ്പനയിലൂടെയായിരിക്കും ഈ നിയമങ്ങള്‍ ഉണ്ടായത്. പക്ഷേ ഈ നിയമങ്ങള്‍ തെറ്റിക്കാന്‍ ദൈവം ശ്രമിക്കുകയില്ലെന്നതാണ് വാസ്തവം 2007ല്‍ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഈ പ്രപഞ്ചം എത്ര വൈവിധ്യമാണെന്ന് നിങ്ങള്‍ നോക്കുക. അതില്‍ വളരെ നിസ്സാരമായൊരു ജീവിതം മാത്രമെ മനുഷ്യനുള്ളുവെന്നാണ് തോന്നുന്നത്. പ്രപഞ്ചം തന്നെ അപ്രാപ്യമായ ഒന്നായിട്ടാണ് പ്രതിഫലിക്കുന്നത് അദ്ദേഹം പറയുന്നു. മതം അതോറിറ്റിയെ അടിസ്ഥാനമാക്കി ഉണ്ടാകുന്നു. ശാസ്ത്രം നിരീക്ഷണങ്ങളും കാരണങ്ങളും നോക്കി രചിക്കപ്പെടുന്നുവെന്നതാണ് എന്നതാണ് തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രപഞ്ചത്തിലെ ദൈവത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത വീക്ഷണങ്ങളായിരുന്നു ഹോക്കിംഗ് ലോകത്തോട് പങ്കുവെച്ചത്.