UAE
തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാൻ നോർക്ക റൂട്സിനു കരാർ . എമിറേറ്റ്സ് സ്പെഷ്യൽറ്റി ആശുപത്രിയിലാണു നിയമനം . ബിഎസിസി നഴ്‌സിങ് ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം . ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ളവർക്ക് മുൻഗണന . ബയോഡേറ്റ ,ലൈസൻസിൻെറയും പാസ്പോർട്ടിൻെറയും പകർപ്പ് എന്നിവ സഹിതം 31 നു മുൻപ് [email protected] എന്ന ഇ -മെയ്ൽ വിലാസത്തിൽ അപേക്ഷിക്കണം . വിവരങ്ങൾക്ക് ടോൾ ഫ്രീനമ്പർ 1800 425 3939 00918802012345 .  
ബിനോയി ജോസഫ് ലോകം മുഴുവനും ഉറ്റുനോക്കിയ ആത്മീയതകളുടെ അപൂർവ്വസംഗമം... 1200 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയാചാര്യനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ ഫ്രാൻസിസ് പാപ്പ ഇസ്ളാം പിറന്ന അറേബ്യൻ മണ്ണിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ട നിമിഷങ്ങൾ ചരിത്രത്താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടും. 9.6 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് റോമിന്റെ ബിഷപ്പ് ഇടയ സന്ദർനം നടത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പുതിയ ഏടുകളായിരുന്നു. ഒരു രാജ്യവും അവിടുത്തെ ബഹുമാനിതരായ ഭരണാധികാരികളും ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ഏറ്റുവാങ്ങാൻ സൗഭാഗ്യം ലഭിച്ച ഫ്രാൻസിസ് പാപ്പ എളിമയുടെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും ആധുനിക യുഗത്തിലെ പ്രതീകമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ അതിഥികളെ സഹിഷ്ണുതയോടെ നെഞ്ചൊടു ചേർക്കുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനത്തോളം വിദേശിയരാണ്. വിദേശിയരെ അതിഥികളായി കാത്തു പരിപാലിക്കുന്ന നല്ല ആതിഥേയരായ തദ്ദേശിയരായ എമിരേത്തികളുടെ വിശാലമനസ്കതയാണ് യുഎഇയുടെ വികസനമന്ത്രത്തിന്റെ കാതൽ. ത്രിദിന സന്ദർശനത്തിനായി അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ ഞായറാഴ്ച രാത്രിയാണ് സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ എത്തിയത്. പേപ്പൽ പതാകയുടെ വർണങ്ങൾ മാനത്ത് വിരിച്ച് പൂർണ സൈനിക ബഹുമതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസിസ് പാപ്പയ്ക്ക് രാജകീയ സ്വീകരണം ഒരുക്കി. അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച മാർപ്പാപ്പ മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും ഇന്റർ റിലീജിയസ് കോൺഫറൻസുകളുടെയും സംവാദങ്ങളിൽ തിങ്കളാഴ്ച പങ്കെടുത്തു. മാനവസാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ മാർപാപ്പയും ഗ്രാൻഡ് മോസ്ക് ഇമാമും തുടർന്ന് ഒപ്പുവച്ചു. ചൊവ്വാഴ്ച സയിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഓപ്പൺ എയർ കുർബാനയിൽ 135,000 പേരാണ് പങ്കെടുത്തത്. ആയിരങ്ങൾ വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ തങ്ങളുടെ ആത്മീയ പിതാവിന്റെ വാക്കുകൾക്കായി കാതോർത്തു. നൂറു കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആത്മീയ ഇടയനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തുകയായിരുന്നു. 2000 ബസുകളാണ് യുഎഇ ഭരണകൂടം കുർബാന നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യാനായി സൗജന്യമായി ഒരുക്കിയത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധിയും യുഎഇ നല്കിയിരുന്നു. മരുഭൂമിയിലെ നറുപുഷ്മമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും ഒരിക്കലും നീതീകരിക്കാൻ സാധിക്കുകയില്ലെന്ന് പോപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. സ്വന്തം മതത്തിന്റെ ചര്യകളിൽ ഭാഗഭാക്കാകുന്നതിനപ്പുറം ഇതര മതങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാനും പ്രാപ്തമാക്കുന്ന മതസ്വാതന്ത്ര്യമാണ് നമുക്കാവശ്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.  യുഎഇ ജനതയുടെ ആതിഥ്യ മര്യാദയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പ യുവതലയുടെ വിദ്യാഭ്യാസത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയെ മുക്തകണ്ഠം പ്രശംസിച്ചു. ഇസ്ളാം മതത്തിന്റെ ആചാരങ്ങൾ അടിസ്ഥാന ശിലയാക്കി ഒരു നവലോകം പടുത്തുയർത്തിയ യുഎഇ എന്ന രാജ്യം സർവ്വ മതസ്ഥരേയും ഒരു കുടക്കീഴിൽ സഹിഷ്ണുതയോടെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു തന്നപ്പോൾ അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പയെ കാണാൻ എത്തിയവരിൽ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും മനസിൽ ഒരു ചോദ്യം ഉയർന്നിരിക്കാം "ഇന്ത്യ ഇപ്പോഴും അത്രയും ദൂരത്താണോ പാപ്പാ" എന്ന്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും അധികം വിശ്വാസികളുള്ള മതത്തിന്റെ ആത്മീയാചാര്യനെ ക്ഷണിക്കാൻ മാത്രമുള്ള രാഷ്ട്രീയ പക്വത നമ്മുടെ നേതാക്കൾക്ക് എന്ന് കൈവരും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. യുഎഇ ലോകത്തിന് നല്കിയത്  സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പാഠമാണ്. അതിർത്തികൾ ഭേദിക്കുന്ന മിസൈലുകൾക്കും സർവ്വനാശകാരികളായ ആയുധശേഖരങ്ങൾക്കും ഉയർന്നു നില്ക്കുന്ന സാമ്പത്തിക സൂചികകൾക്കുമപ്പുറം ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ യഥാർത്ഥ്യമാകുന്നതിന് ശരിയായ വിദ്യാഭ്യാസം ലഭിച്ച, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ മത നേതൃത്വങ്ങളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎഇയുടെ ഭരണാധികാരികൾ ലോക ജനതയ്ക്ക് കാണിച്ച് കൊടുത്ത ഐതിഹാസിക മുഹൂർത്തങ്ങൾക്ക് ആഗോള ജനത സാക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നു പോയത്.    
ബിനോയി ജോസഫ് ഇസ്ളാം പിറന്ന മണ്ണിൽ ക്രൈസ്തവ സഭയുടെ തലവന് സ്നേഹാദരങ്ങളോടെ ഊഷ്മള വരവേല്പ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രൗഡഗംഭീരവും രാജകീയവുമായ സ്വീകരണമാണ് വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിന്റെ അധിപന് ഒരുക്കപ്പെട്ടത്. പേപ്പൽ പതാകയുടെ വർണങ്ങൾ വ്യോമ വിന്യാസത്താൽ ആകാശത്തിൽ നിറഞ്ഞു. 21 ഗൺ സല്യൂട്ടിന്റെ ശബ്ദത്താൽ മുഖരിതമായ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിലേയ്ക്ക് ആത്മീയ പ്രഭ പരത്തി ഫ്രാൻസിസ് പാപ്പ ചെറിയ കിയ സോൾ കാറിൽ ആഗതനായി. യുഎഇയുടെ ഭരണാധികാരി ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് കൊട്ടാരത്തിന്റെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയെ  പൂർണ സൈനിക ബഹുമതികളോടെ സ്വീകരിച്ചു. യുഎഇടെയും വത്തിക്കാന്റെയും ദേശീയ ഗാനങ്ങൾ സൈനിക ബാൻഡ് ആലപിച്ചു. യുഎഇ  രാജകുടുംബങ്ങളും മന്ത്രിസഭാംഗങ്ങളും കത്തോലിക്കാ സഭയുടെ തലവനെ സ്വീകരിക്കാൻ എത്തിയിരുന്നു. 2019 സഹിഷ്ണുതയുടെ വർഷമായി പ്രഖ്യാപിച്ച, ഇസ്ളാം ഔദ്യോഗിക മതമായ യുഎഇയിലെ ജനത എളിമയുടെ ഇടയന് സ്വാഗതമരുളിയത് ലോകം സാകൂതം വീക്ഷിച്ചു. അബുദാബി രാജകൊട്ടാരത്തിൽ നടന്ന സ്വീകരണത്തിനു ശേഷം പോപ്പ് ഫ്രാൻസിസ് ബുക്ക് ഓഫ് ഓണറിൽ ഒപ്പുവച്ചു. യുഎഇയിലെ ജനതയ്ക്ക് സമാധാനവും ദൈവിക അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് കൊട്ടാരത്തിലെ ഗസ്റ്റ് ഡയറിയിൽ പോപ്പ് ഫ്രാൻസിസ് കുറിച്ചു. ക്രൈസ്തവ -മുസ്ളിം ലോകത്തിന്റെ അധിപന്മാരുടെ സംഗമത്തിന്റെ സ്മരണയിൽ അബുദാബി ക്രൗൺ പ്രിൻസിന് ഫ്രാൻസിസ് പാപ്പ മെമെന്റോ സമ്മാനിച്ചു. 1219 ൽ സെൻറ് ഫ്രാൻസിസ് അസിസിയും സുൽത്താൻ മാലിക് അൽ കമലും തമ്മിൽ കണ്ടുമുട്ടിയ ചരിത്ര പശ്ചാത്തലത്തിൽ മാനവ സാഹോദര്യത്തിന്റെ സന്ദേശങ്ങൾ ലാറ്റിൻ ഭാഷയിൽ ആലേഖനം ചെയ്യപ്പെട്ട സ്മരണിക തയ്യാറാക്കിയത് ആർട്ടിസ്റ്റ് ഡാനിയേല ലോംഗോ ആണ്. യുഎഇയിൽ 1963 ൽ ദൈവാലയം നിർമ്മിക്കുന്നതിനായി നല്കപ്പെട്ട സ്ഥലത്തിന്റെ അധികാര പത്രം ഫ്രാൻസിസ് പാപ്പയ്ക്ക് രാജകുടുംബം സ്മരണികയായി സമ്മാനിച്ചു. തുടർന്ന് ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്കിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയിബ് സ്വീകരിച്ചു. മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെ സമ്മേളനത്തിൽ പാപ്പ സംബന്ധിച്ചു. പോപ്പ് ഫ്രാൻസിസും ഡോ. അഹമ്മദ് അൽ തയിബും മാനവ സാഹോദര്യത്തിന്റെ  സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. "നിങ്ങൾ രാജ്യത്തിന്റെ ഭാഗമാണ്... നിങ്ങൾ ന്യൂനപക്ഷമല്ല.". ഫ്രാൻസിസ് പാപ്പ സന്ദേശമധ്യേ ക്രൈസ്തവ സമൂഹത്തോട് പറഞ്ഞു. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും നീതീകരിക്കാനാവില്ല എന്നും പാപ്പ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റിൽ ഉള്ള ക്രൈസ്തവരെ സംരക്ഷിക്കുവാൻ മുസ്ളിം സഹോദരങ്ങൾ മുൻകൈയെടുക്കണമെന്ന് ഡോ. അഹമ്മദ് അൽ തയിബ് സന്ദേശത്തിൽ അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച സെൻറ് ജോസഫ് കത്തിഡ്രലിൽ ഫ്രാൻസിസ് പാപ്പ സ്വകാര്യ സന്ദർശനം നടത്തും. തുടർന്ന് സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ലേറെ വരുന്ന വിശ്വാസികൾക്കൊപ്പം മാർപാപ്പ വിശുദ്ധ ബലി അർപ്പിക്കും. ഉച്ചയോടെ ത്രിദിന സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പ റോമിലേക്ക് മടങ്ങും. മതസഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും പുതിയ വാതായനങ്ങൾ തുറന്ന യുഎഇയും വത്തിക്കാനും ലോകത്തിനു മാതൃക നല്കുകയാണ്. യുഎഇയിലെ 9.6 മില്യൺ ജനസംഖ്യയുടെ 80 % ഇസ്ളാം മതവിശ്വാസികളാണ്.
ന്യൂസ്‌ ഡെസ്ക് മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും പുതിയ മാനങ്ങൾ രചിച്ചു കൊണ്ട് ചരിത്രത്തിൽ ആദ്യമായി കത്തോലിക്കാ സഭയുടെ തലവൻ അറേബ്യൻ മണ്ണിൽ കാലുകുത്തി. ഞായറാഴ്ച രാത്രി യുഎഇ സമയം 9.47 ന് ഫ്രാൻസിസ് പാപ്പയെയും വഹിച്ചുകൊണ്ട് അൽ ഇറ്റാലിയയുടെ "ഷെപ്പേർഡ് വൺ" ഫ്ളൈറ്റ് അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ പറന്നിറങ്ങി. മൂന്നു ദിവസത്തെ യുഎഇ സന്ദർശനത്തിന് എത്തിയ സാർവ്വത്രിക ക്രൈസ്തവ സഭയുടെ ഇടയന് യുഎഇ ക്രൗൺ പ്രിൻസ് ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദിന്റെ നേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മളമായ വരവേല്പ് നല്കി. "സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക" എന്ന് ട്വിറ്ററിൽ സന്ദർശനത്തിന് മുന്നോടിയായി  ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്ഥാപക പിതാവിന്റെ ശവകുടീരത്തിൽ സന്ദർശനം നടത്തിക്കൊണ്ട് തിങ്കളാഴ്ച മാർപാപ്പയുടെ സന്ദർശനത്തിന് ഔദ്യോഗിക തുടക്കമാകും. ത്രിദിന സന്ദർശനത്തിന്റെ ആദ്യ ഔദ്യോഗിക ദിനം പ്രസിഡൻഷ്യൽ പാലസിൽ ഇന്റര്‍ റിലീജിയസ് കോണ്‍ഫറന്‍സ്  നടക്കും. യഹൂദ- ക്രൈസ്തവ മത നേതാക്കൾ ഇതിൽ പങ്കെടുക്കും. തുടർന്ന് ഫ്രാൻസിസ് പാപ്പ മുസ്ളിം കൗൺസിലിലെ മുതിർന്ന അംഗങ്ങളുമായി സംവദിക്കും. ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പ സെൻറ് ജോസഫ് കത്തീഡ്രൽ സന്ദർശിക്കും. സയിദ് സ്പോർട്സ് സിറ്റിയിൽ 135,000 ഓളം വിശ്വാസികളാടൊന്നിച്ച് തുടർന്ന് വിശുദ്ധ ബലിയർപ്പിക്കും. ഏകദേശം ഒരു മില്യനോളം ക്രൈസ്തവ വിശ്വാസികൾ യുഎഇയിൽ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും ഇന്ത്യാക്കാരും ഫിലിപ്പീൻസുകാരുമാണ്. പേപ്പൽ മാസിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് സൗകര്യമൊരുക്കാനായി യുഎഇ ഗവൺമെന്റ് ചൊവ്വാഴ്ച അവധി നല്കിയിട്ടുണ്ട്. 2019 സഹിഷ്ണുതയുടെ വർഷമായി ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ സിറ്റിയിൽ നടന്ന കുർബാന മധ്യേയുള്ള പ്രസംഗത്തിൽ, യെമനിൽ നടക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ ലോക സമൂഹം പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തിരുന്നു.
അബുദാബി: ചാരവൃത്തി ആരോപിച്ച് യു.എ.ഇ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് പൗരന് മോചനം. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു മാത്യൂ ഹെഡ്ജസിനെ മോചിപ്പിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മാത്യു നാട്ടിലേക്ക് തിരിക്കുമെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്. മോചനം സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാത്യുവിന്റെ ഭാര്യ ഡാനിയേല തെജാദ പ്രതികരിച്ചു. യു.എ.ഇ ഭരണാധികാരി മാപ്പ് നല്‍കിയവരുടെ കൂട്ടത്തില്‍ മാത്യു ഉള്‍പ്പെട്ടതായി വന്ന വാര്‍ത്ത അതിയായ സന്തോഷം ഉളവാക്കുന്നതാണ്. കഴിഞ്ഞ ആറ് മാസങ്ങളെ തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയ ജയില്‍വാസം അവസാനിച്ചുവെന്നും തെജാദ പറഞ്ഞു. 2018 മെയ് മാസത്തിലാണ് ചാരവൃത്തി ആരോപിച്ച് യു.എ.ഇ ബ്രിട്ടീഷ് ഗവേഷണ വിദ്യാര്‍ത്ഥിയായ മാത്യുൂ ഹെഡ്ജസിനെ അറസ്റ്റ് ചെയ്യുന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബറിലാണ് കേസ് കോടതിയിലെത്തുന്നത്. അതേസമയം മാത്യുവിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അകാരണമാണെന്നും യു.എ.ഇക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും വ്യക്തമാക്കി തെജാദ രംഗത്ത് വന്നു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് യു.എ.ഇ ഭരണകൂടവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 25ന് അബുദാബി കോടതി കേസ് വീണ്ടും പരിഗണിച്ചു. തന്റെ മേല്‍ ആരോപിക്കപ്പെട്ട ചാരവൃത്തിക്കുറ്റം വ്യാജമാണെന്ന് മാത്യു കോടതിയില്‍ വാദിച്ചു. ഒക്ടോബര്‍ 29ന് മാത്യുവിന് അബുദാബി കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ കേസില്‍ വിധി മാത്യുവിന് പ്രതികൂലമായി. നവംബര്‍ 21ന് മാത്യുവിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാവുകയും ചെയ്തു. നയതന്ത്രതലത്തിലെ ഇടപെടലുകള്‍ക്ക് സാധ്യമല്ലാത്ത വിധമായിരുന്നു കോടതി വിധി. പിന്നീട് യു.എ.ഇ സര്‍ക്കാരും ഫോറിന്‍ സെക്രട്ടറിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്യുവിനെ മോചിപ്പിച്ചുവെന്ന് യു.എ.ഇ ഔദ്യോഗിക പ്രസ്താവനയിറക്കി. നടപടി സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചു.
RECENT POSTS
Copyright © . All rights reserved