White Paper
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്കു വേണ്ടി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പുതിയ നിയമങ്ങളുമായി ഇമിഗ്രേഷന്‍ വൈറ്റ് പേപ്പര്‍ പുറത്തുവിട്ടു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ ബ്രിട്ടനില്‍ എത്താന്‍ കഴിയും. 2025 വരെ തുടരുന്ന ഈ വ്യവസ്ഥ വിദേശികളായ തൊഴിലാളികളെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന സമ്പദ് വ്യവസ്ഥയുടെ ചില ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഈ വ്യവസ്ഥയെ ഞെട്ടിക്കുന്നത് എന്നാണ് മൈഗ്രേഷന്‍വാച്ച് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് വിശേഷിപ്പിച്ചത്. കുടിയേറ്റക്കാര്‍ വരുന്ന പ്രദേശങ്ങളേക്കാള്‍ യുകെയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് ഹോം സെക്രട്ടറി സാജിദ് ജാവീദ് പറഞ്ഞത്. യുകെ ബിസിനസുകള്‍ക്കായി തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇത് ഉപകരിക്കുമെന്ന് ജാവീദ് വിശദീകരിച്ചു. 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കുടിയേറ്റനയത്തില്‍ ഇത്രയും വലിയ ഒരു പൊളിച്ചെഴുത്ത് നടന്നിരിക്കുന്നത്. യുകെയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കിലും കുടിയേറ്റം സാരമായി കുറയാന്‍ ഈ നയം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി നിയമമാകുന്നതിനു മുമ്പായി നിര്‍ദേശിക്കപ്പെടുന്ന ബില്ലുകളാണ് ധവളപത്രമായി പ്രഖ്യാപിക്കുന്നത്. ബ്രെക്‌സിറ്റ് അനന്തര കുടിയേറ്റ വ്യവസ്ഥകളിലെ ധവളപത്രം വൈകിയാണ് അവതരിപ്പിക്കുന്നത്. യൂറോപ്യന്‍, യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അടങ്ങുന്ന വിദഗ്ദ്ധ മേഖലയിലുള്ളവര്‍ എത്തുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തു കളയാനും അഞ്ചു വര്‍ഷത്തെ വിസ തേടുന്നവര്‍ക്ക് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയേര്‍പ്പെടുത്താനും ധവളപത്രത്തില്‍ വ്യവസ്ഥയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസാ രഹിത പ്രവേശനം, 2021 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളും ധവള പത്രം മുന്നോട്ടു വെക്കുന്നു.
RECENT POSTS
Copyright © . All rights reserved