ബാങ്കോക്ക്‌: തായ്‌ലന്‍ഡിലെ താം ലുവാങ്‌ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ പേരില്‍ വീണ്ടും ആശങ്ക. ഗുഹയില്‍ ജീവവായു കുറഞ്ഞതാണു വെല്ലുവിളിയായത്‌. ഒപ്പം, കോച്ച്‌ ഏക്‌പോല്‍ ചന്‍തവോങ്ങിന്റെയും ചില കുട്ടികളുടെയും ആരോഗ്യം മോശമായതായും റിപ്പോര്‍ട്ടുണ്ട്‌.
നായകളുടെ കുരകേട്ടെന്ന കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട്‌ പറഞ്ഞതാണ്‌ ഇടയ്‌ക്കു പ്രതീക്ഷ നല്‍കിയത്‌. ഇതേ തുടര്‍ന്നു പുതിയ രക്ഷാപാത കണ്ടെത്താനുള്ള ശ്രമം ശക്‌തമാക്കിയിരുന്നു. ഗുഹയ്‌ക്കു സമീപം തമ്പടിച്ച മാതാപിതാക്കളില്‍ ചിലര്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍, ഇന്നലെ വൈകിട്ടോടെ ആശ്വാസം ആശങ്കയ്‌ക്കു വഴിമാറുകയായിരുന്നു.

ഗുഹയ്‌ക്കുള്ളിലെത്തിച്ച ഫോണ്‍ വെള്ളത്തില്‍ നഷ്‌ടമായതാണ്‌ ആദ്യ തിരിച്ചടിയായത്‌. പിന്നാലെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട്‌ വന്നു. തുടര്‍ന്നു ഗുഹയിലേക്ക്‌ ഓക്‌സിജന്‍ പമ്പ്‌ ചെയ്‌തു തുടങ്ങി. മഴ കനത്തതോടെ കുട്ടികളെ പട്ടായ ബീച്ച്‌ എന്നറിയപ്പെടുന്ന മേഖലയില്‍നിന്നു 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏറെ െവെകാതെ കടുത്ത മഴയുണ്ടാകുമെന്ന പ്രവചനവുമുണ്ട്‌. വീണ്ടും മഴ ശക്‌തമാകും മുമ്പ്‌ ഗുഹയില്‍നിന്ന്‌ കുട്ടികളെ രക്ഷിക്കാനാണു ശ്രമം. ഇതിനായി ഗുഹയില്‍നിന്ന്‌ പരമാവധി വെള്ളം പമ്പ്‌ ചെയ്‌തു കളയുന്നുണ്ട്‌. കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സമയത്തോടുള്ള പോരാട്ടത്തിലാണു തങ്ങളെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേ സമയം, ഗുഹയില്‍ കുടുങ്ങിയവരുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ്‌ സൗകര്യമെത്തിച്ചു. കഴിഞ്ഞദിവസം ഇതിനായി ഒപ്‌റ്റിക്കല്‍ െഫെബര്‍ കേബിള്‍ സ്‌ഥാപിച്ചെങ്കിലും ഉപകരണം കേടായതിനാല്‍ ശ്രമം പാഴായിരുന്നു.
കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തായ്‌ നാവികസേനയുടെ ഫെയ്‌സ്‌ബുക്കില്‍ നിരന്തരം പോസ്‌റ്റ്‌ ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ദിവസം വെള്ളം പമ്പ്‌ ചെയ്‌തുമാറ്റിയതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. പുറത്തേക്ക്‌ പമ്പ്‌ ചെയ്‌ത വെള്ളം രക്ഷാപ്രവര്‍ത്തകര്‍ അബദ്ധത്തില്‍ ഗുഹയുടെ മറ്റൊരു മേഖലയിലേക്കു തിരിച്ചുവിട്ടെന്നാണു കണ്ടെത്തല്‍. ഇതേത്തുടര്‍ന്നു ഗുഹയിലെ ജലനിരപ്പ്‌ താഴ്‌ത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലില്‍ രക്ഷാപ്രവര്‍ത്തകരെത്തിയിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ വെള്ളം പമ്പ്‌ ചെയ്‌തു നീക്കി കുട്ടികളെ പുറത്തെത്തിക്കുന്ന സാധ്യത വീണ്ടും പരിശോധിക്കുന്നുണ്ട്‌.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആവശ്യത്തിനു ഭക്ഷണവും മരുന്നും കുടിവെള്ളവും കുട്ടികള്‍ക്ക്‌ എത്തിച്ചിട്ടുണ്ട്‌. വലിയ മോട്ടോറുകള്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി വെള്ളം പമ്പ്‌ ചെയ്യുന്നതിനാല്‍ ഗുഹയിലെ ജലനിരപ്പ്‌ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ഗുഹാമുഖത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ഉള്ളിലായാണു കുട്ടികള്‍ ഇപ്പോഴുള്ളത്‌. ഇവിടേക്കുള്ള വഴിയില്‍ പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടും ചെളിക്കുഴികളുമുണ്ട്‌. ഇതുവഴി മുങ്ങല്‍ വിദഗ്‌ധര്‍ക്കുപോലും കടന്നുപോവുക പ്രയാസകരമാണ്‌. ഗുഹയിലെ വെള്ളം കുറയ്‌ക്കുന്നത്‌ ശ്രമകരമാണെന്നും കുട്ടികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും ചിയാങ്‌ റായ്‌ പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക്‌ ഒസ്‌താനകോണ്‍ പറഞ്ഞു. ഗുഹയ്‌ക്കു മുകളിലെ മല തുരന്ന്‌ തുരങ്കമുണ്ടാക്കി അതുവഴി കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്‌.

നായകളുടെ കുരകേട്ടെന്ന കുട്ടികളുടെ വാദം ഈ സാധ്യത സജീവമാക്കി. എന്നാല്‍, മഴക്കാലമായതിനാല്‍ മലയിടിയാനുള്ള സാധ്യത ഈ ശ്രമങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഏകദേശം പത്തു കിലോമീറ്റര്‍ നീളമുണ്ട്‌ താം ലവാങ്‌ ഗുഹയ്‌ക്ക്‌. ഇവയില്‍ ഏറെ ഭാഗവും ഇന്നേവരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്‌. അതിനാല്‍ത്തന്നെ ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്നറിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌.
കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു പുറത്തുകൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും ഇതിന്‌ അമേരിക്കയില്‍നിന്നുള്ള വിദഗ്‌ധര്‍ എതിരാണ്‌.